Tuesday, 26 June 2012

ഏനംബ്രാട്ടീ


...അകലങ്ങളില്‍ നിന്നെവിടുന്നോ കേള്‍ക്കുന്ന നേര്‍ത്ത ശബ്ദം ആരുടേത്? ആ വിളിക്ക് പിന്നാലെ  ഇവള്‍ ഒന്‍പത് വയസ്സിന്റെ   ചെറുബാല്യം വാരി പുണര്‍ന്നു..അതേ...ഉറുംബായി...വീട്ടുകാരുടെ കണ്‍വെട്ടത്തിനപ്പുറം ബലമുള്ള വാഴനാരില്‍ കോര്‍ത്തെടുത്ത പഴുത്ത പറങ്കിമാങ്ങകള്‍ ഓരോന്നായെടുത്ത് എനിക്ക് നല്‍കിയത്,    ,നാഗത്താന്‍ കോട്ടക്കകത്ത് നെടുങ്കന്‍ കാഞ്ഞിരമരം .നാഗപ്രീതിക്ക് വിളക്ക് തെളിയിക്കല്‍.വയല്‍ സമൃദ്ധിയില്‍ മേയുന്ന പശുകിടാങ്ങള്‍,എരവത്ത് കുന്നിന്‍പടിഞ്ഞാറ് വശം അകലെയകലെ... അസ്തമനസൂര്യചുകപ്പില്‍ തെളിയും.വെള്ളി നിറം പുരണ്ട കപ്പലുകള്‍,........

          കോഴിക്കോട് നഗരത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ സാമൂതിരിരാജാവിന്റെ കുലദേവത കുടികൊളളും ശ്രീവളയനാട് ദേവീക്ഷേത്രത്തിനു കിഴക്ക്  അമ്പലക്കുളം,..വടക്ക് വശം കിഴക്കെമഠം. .അവിടെ 26.ജീവിതങ്ങള്‍. ആറ്റികുറുക്കിയെടുക്കും  ഓര്‍മകള്‍ .ക്ഷേത്രോത്സവത്തിന് തിടബ് ആനപ്പുറത്ത്  എഴുന്നള്ളിച്ച്  ആര്‍ഭാടത്തോടെ  ചെണ്ട, മദദളം,, ഇലത്താളം,ചേങ്ങിലയുടെ ദൃതതാളങ്ങളില്‍,ആലവട്ടം. ചുഴറ്റി വരും......നിറകാഴ്ച അവസാനിക്കും മുന്‍പ് ഗോപുരപടവുകള്‍ ഇറങ്ങി  ഓടി വീട്ടു മുറ്റത്തെത്തുമ്പോള്‍ കിതപ്പിനിടയില്‍ ഭീതിയോടെ കേള്‍ക്കാം.....വെടിയുടെ നിലക്കാത്ത ശബ്ദം....... 'അബ്രാട്ടി...പേടിച്ചോയെ.... 'മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ കുസൃതിച്ചിരി..അബ്രാട്ടി ..മിണ്ടൂലെ, പിണങ്ങ്ി? അരിവാള്‍ ചുണ്ട് കൊണ്ട് കരി മിനുങ്ങും പുറം  ചൊറിഞ്ഞു നടന്ന്. നീങ്ങുന്ന  അവരോട്..'പെട്ടെന്ന്,'എന്നെ  അബ്രാട്ടീന്നു വിളിക്കരുത്.'.മീന്‍കണ്ണുകളില്‍ വിസ്മയം.!'മണിന്ന് വിളിക്കു.''എന്‍ അബ്രാട്ടിന്നേ.....' അവര്‍ പകുതി പറഞ്ഞു നിര്‍ത്തി .ഈ പാവാടക്കാരി ഗൌരവത്തോടെ '..മേലില്‍ പറങ്കിമാങ്ങയും,പഴുത്ത ചക്കചുളയും കൊണ്ട് അടുത്ത്
വരണ്ട. '   ആ തളര്‍ന്ന മുഖത്ത് വിഷമം.! മുന്‍പില്‍  തല കുനിച്ചു നില്‍ക്കുന്ന അവരോട്  ' പേര് വിളിക്കാന്‍  വയ്യേ?  ' എന്റെ ചോദ്യത്തിനു ഉറുമ്ബായി  'നിഷേധ ഭാവത്തില്‍  തല കുലുക്കി...'പിന്നെ എന്ത് വിളിക്കും?' സങ്കോചത്തോടെ പതുക്കെ   ''മോളെന്ന് ആരും കേക്കാതെ..അവരുടെ മോള്‍ വിളിയില്‍ ഞാന്‍ .സന്തോഷിച്ചു ..'..

                                                              കാലം ,മിന്നല്‍പിണര്‍  വേഗത്തില്‍ കടന്നു പോയി. വളയനാട് ക്ഷേത്രത്തിന്റെ വടക്കെ നടയുടെ കിഴക്കേ അറ്റത്ത്  ചതുരാകൃതിയില്‍ ഒരു വലിയ കരിങ്കല്ലുണ്ട്.പണ്ടു ദേവീ പ്രീതിക്ക് വേണ്ടി ഇസ്ലാം സമുദായക്കാര്‍ അവിടെ വെച്ചു ആടറവ് നടത്തിയെന്ന് ഐതിഹ്യം.സാമൂതിരി രാജ്യവംശം നിലനിര്‍ത്തി പോന്ന ആ മതമൈത്രി,സമഭാവന ഇന്നെവിടെ?രാഷ്ട്രീയം,ജാതിമതങ്ങള്‍ തമ്മില്‍ ഒളിപ്പോര്, സ്വാര്‍ത്ഥലാഭത്തിനു എന്തും തന്നില്‍ കേന്ദ്രീകൃതമാകുന്ന ,മനുഷ്യന്റെ ഛീദ്രവാസനകള്‍ ..... മാനവരാശി നശിക്കുകയാണോ ?   എനിക്ക്  ഞായറാഴ്ചകള്‍ വിലപ്പെട്ടത്!ജനനം,വിവാഹം,മൂത്ത മകള്‍ ജനിച്ചത് ഞായറാഴ്ചകളില്‍..!                  കഴിഞ്ഞ ഞാറാഴ്ച റോഡിലെ തിരക്കുകള്‍ക്ക്  ഒപ്പം മോഫുസല്‍ ബസ്സ്റ്റാന്റിലേക്ക്.നടക്കുമ്പോള്‍ എതിരെ വരുന്നു ഒരു കുടുംബം...സ്ത്രീ എന്നെ നോക്കി ചിരിച്ചു. ഞാനും.'മനസ്സിലായോ' ചോദ്യത്തിന് മുന്‍പില്‍ പതറി. മറുപടിക്ക് നില്‍ക്കാതെ ഞാന്‍  ഉറുംബായിയുടെ മകളുടെ മകള്‍ ',.അവളുടെ പേരകുഞ്ഞിനെ കൈയിലെടുത്തു  ഓമനിച്ചു ഞാന്‍ പതുക്കെ പറഞ്ഞു .....'എന്റെ പോന്നു മോനെ'

സുകുമാര്‍ അഴിക്കോട് സിത്താര്‍ മാന്ത്രികനല്ല

സിത്താര്‍ തന്ത്രികളില്‍ ജാലവിദ്യ വിരിയിക്കുന്ന പണ്ഡിറ്റ്‌ രവി ശങ്കര്‍ ഇരുപത്തൊന്നാം വയസ്സില്‍ അന്നപൂര്‍ണ്ണ എന്ന 14 കാരിയെ ജീവിത സഖിയാക്കി. അവളുടെ മധുരോദാര സംഗീതം തട്ടി നീക്കി, സ്വന്തം മകനെ ഉപേക്ഷിച്ച് ആ കലാകാരന്‍ നര്‍ത്തകിമാര്‍ക്കും, വെപ്പാട്ടിമാര്‍ക്കും ഒപ്പം ഭോഗലാലസതയില്‍ തുടിച്ചു... മരണം വരെ. ഫേയ്സ്ബുക്ക് സൌഹൃദ കൂട്ടായ്മ, 2010 ജനുവരി 24 ചൊവ്വാഴ്ച സുകുമാര്‍ അഴീക്കോടിന്‍റെ അന്ത്യം അറിഞ്ഞ്, ഗുരുവിന്‍റെ പലതരം ഫോട്ടോകള്‍, ആദരാഞ്ജലികള്‍, ചില സംശയങ്ങള്‍ പങ്കിട്ടു. മാഷിന്‍റെ ഭൌതികശരീരം കോഴിക്കൊട്ടെത്തിയിട്ടും അവസാനമായി ഒരു നോക്ക് കാണാത്തതെന്ത്? സൌദി, ഖത്തര്‍, ഒമാന്‍, ഇംഗ്ലണ്ട് അങ്ങനെയങ്ങനെ... പത്ര-ചാനലുകളില്‍ നിങ്ങളെ കണ്ടില്ല. ചോദ്യം കേട്ട് വേദനിച്ചു. ഒരുപാട്. 2011 ഡിസംബര്‍ 23 വ്യാഴാഴ്ച തൃശൂര്‍ അമല ആശുപത്രിയില്‍ കൂട്ടിനു അഴീക്കോടിന്‍റെ ശിഷ്യന്‍ മുരളി വാണിമേലും ഒരുമിച്ച് എത്തുമ്പോള്‍, മനസ്സ് വിങ്ങിയിരുന്നു. 'തത്ത്വമസിയും' 'ജനാല കാഴ്ചകളും' സമ്മാനിച്ച, ആത്മകഥയില്‍ 'എഴുത്തുകാരി' യെന്നും 'എക്സ്ട്രാ പൌണ്ടെ'ന്നും പരിചയപ്പെടുത്തിയ വിജ്ഞാന സാഗരമായ എന്‍റെ ഗുരുനാഥന്‍..... കണ്ണീരടക്കാനായില്ല. "മാസ്റ്റര്‍ക്ക് ഒന്നും സംഭവിക്കില്ല. ഒപ്പം ഞങ്ങളുണ്ട്. മാഷുടെ അസുഖം മാറും. ഉറപ്പുണ്ട്." ആ കണ്ണുകള്‍ അസാധാരണമാം വിധം തിളങ്ങുന്നു. പിതൃസമാനമായ വാത്സല്യത്തോടെ ഞാന്‍, മാഷിന്‍റെ തലയില്‍, നെറ്റിയില്‍, കവിളില്‍ തലോടി. മുരളി, ചലനശേഷിയില്ലാത്ത കാല്‍ തടവുന്നു. പരിചരണം നടത്തുവാനെത്തിയ രണ്ടു ചെറുപ്പക്കാരികള്‍ തിരക്കുന്നു. "നിങ്ങള്‍ ആരാണ്? ആരാണ്?" "ശിഷ്യ" നീണ്ടു നിവര്‍ന്നു കിടക്കുന്ന ഏകാന്തപഥികന്‍റെ മുഖത്തു സംതൃപ്തി. ആ ചുണ്ടുകള്‍ മന്ത്രിക്കുന്നു. "വലിയ എഴുത്തുകാരിയാണ്, വലിയ എഴുത്തുകാരി." വീണ്ടും മാഷിന്‍റെ നെറുകയില്‍ തലോടിക്കൊണ്ട്. "മാസ്റ്റര്‍ ഭാഗ്യവാനാണ്. എത്രയോ വീടുകളില്‍ വാര്‍ദ്ധക്യ ജന്മങ്ങള്‍ പുഴുവരിച്ചു കിടക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ..." ഈ മഹേന്ദ്ര ജാലക്കാരന്‍റെ മാന്ത്രികവടി ചുഴറ്റലില്‍ ആള്‍ക്കൂട്ടം വിസ്മയ ലഹരിയിലാഴ്ന്നു പോയ എത്രയെത്ര അവസരങ്ങള്‍..!!!!! 

മാസ്റ്റര്‍ക്ക് ചുറ്റും എഴുത്തുകാരായ മഹേഷ്‌ മംഗലാട്ട്, വി.ജി.തമ്പി, അദ്ദേഹത്തിന്‍റെ ഭാര്യ റോസി തമ്പി, കല്‍പ്പറ്റ ബാലകൃഷ്ണന്‍.. കല്‍പ്പറ്റ ബാലകൃഷ്ണന്‍ കൊണ്ടുവന്ന ഇളനീര്‍ കഴിച്ചു. ഉച്ച ഭക്ഷണത്തിനു സമയമായില്ല. നഴ്സുമാര്‍ പറഞ്ഞു. ഉയര്‍ത്തിയ കൈ, കുനിഞ്ഞു നിന്ന എന്‍റെ നെറുകയില്‍ വെച്ച് പതുക്കെ പറഞ്ഞു. "വേഗം പൊയ്ക്കോ". മാഹിയില്‍ താമസിക്കുന്ന മുരളിക്കൊപ്പം (അവന്‍ വളയം ഹൈസ്കൂളില്‍ എന്‍റെ വിദ്യാര്‍ത്ഥി ആണ്) വേഗം കോഴിക്കോട്ടേക്ക് - ഇരുട്ടും മുമ്പ് - പോകണമെന്ന്. നിറകണ്ണുകളില്‍ മായും രൂപങ്ങള്‍....... 2012 ജനുവരി 24 ചൊവ്വാഴ്ച്ച രാത്രി 8 -45 നു കോഴിക്കോട് ടൌണ്‍ ഹാള്‍ വേദിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാ യോഗിയെ ഒരു നോക്ക് കണ്ട് അര്‍ദ്ധബോധത്തോടെ, പടിയിറങ്ങി. വരുംതലമുറയ്ക്ക് സാറിന്‍റെ വക 'ആശാന്‍റെ സീതാകാവ്യം', 'രമണനും മലയാള കവിതയും', പുരോഗമന സാഹിത്യവും മറ്റും, 'മഹാത്മാവിന്‍റെ മാര്‍ഗ്ഗം'... എത്രയെത്ര വിശിഷ്ട ഗ്രന്ഥങ്ങള്‍, ധാടി, മോടി, രാഷ്ട്രീയം, ധനം പദവി ഒപ്പം മാധ്യമങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കും എളുപ്പം ജനശ്രദ്ധ നേടാം. 1966ല്‍ (ഞാന്‍ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി) ബി എഡിന് നിരീക്ഷകനായി വന്ന മാഷ്‌, പ്രണയ ലേഖനമെഴുതി, വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നു ചാനല്‍-മാധ്യമ വിപ്ലവത്തിലൂടെ അനശ്വരയായ പ്രണയിനി എവിടെ? ആ ചിന്തായോഗിയുടെ ഗ്രന്ഥങ്ങള്‍ പകരും അമൂല്യമായ അറിവും, അനുഭവങ്ങളും, ഓര്‍മകളും ജീവിതത്തിനങ്ങോളം പിന്തുടരുന്ന ശിഷ്യ സമൂഹമെവിടെ? കുമാരനാശാന്‍റെ വാക്കുകളില്‍ " മനമോടാത്ത കുമാര്‍ഗ്ഗമില്ല". സുകുമാര്‍ അഴീക്കോട്, നാല്പതാം വയസ്സില്‍ അവരെ ഇഷ്ടപ്പെട്ടിരിക്കാം, തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ 50, 60, 70, 80 വയസ്സില്‍ ഈ മഹിളാരത്നം എവിടെയായിരുന്നു?. അന്ന് ദൃശ്യ മാധ്യമങ്ങള്‍ ഇത്രയധികം പ്രചാരത്തിലില്ല, സമ്മതിച്ചു. ഒരു കാര്‍ഡ്‌ അവര്‍ക്ക് എഴുതാമായിരുന്നല്ലോ. മാസ്റ്റര്‍ ചോദിച്ചല്ലോ "വിലാസിനിയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു കത്തെഴുതി അയയ്ക്കാമായിരുന്നില്ലേ?" അപ്രതിരോധ്യമായ - ആരാലും തടുക്കപ്പെടാന്‍ കഴിയാത്ത -ഇച്ഛാശക്തിയുടെ ഉടമയാണ് അഴീക്കോട്. "ക്ഷമിക്കുക, പൊറുക്കുക, രാജിയാകുക" - ഇതാണ് അവസാന നിമിഷം വിലാസിനി ടീച്ചറെ കാണാന്‍ അനുവദിച്ചത്.

 മാഷിന്‍റെ 50, 60, 70, 80 പ്രായത്തില്‍ സാക്ഷാല്‍ ഉര്‍വശി-മേനക-രംഭ-തിലോത്തമമാര്‍ വന്നാല്‍ പോലും, ആ ജ്ഞാന - കര്‍മ്മ യോഗിയുടെ അനേക കാതം ദൂരത്തെ നില്‍ക്കു. ആ മഹാസത്യം മനസിലാക്കുക. ഈ ശിഷ്യ 'തത്ത്വമസി' ഒരു കോപ്പി വേണമെന്ന് രണ്ടുവാക്ക്‌ എഴുതി, ഉടന്‍ കാര്‍ഡില്‍ മറുപടി വന്നു "എന്‍...ബി.എസില്‍ കാര്‍ഡ് കാണിച്ചു പുസ്തകം വാങ്ങുക". ഒരു സംശയം- വേദന കൊണ്ട് പുളയുന്ന, അതാരുമാകട്ടെ - ഒരു വയോവൃദ്ധന്‍റെ അടുക്കലേക്കു അണിഞ്ഞൊരുങ്ങി, ചാനലുകളാല്‍ അനുയാത്രയായിട്ടു വേണോ സന്ദര്‍ശനം? സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ജയറാം സാധാരണ വേഷത്തില്‍ മാഷെ വന്ന് കണ്ടു. മനുഷ്യ മനസ്സ് നിഗൂഡമാണ് . "ഒപ്പം വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന്", മാഷിന്‍റെ മറുപടി -"അത് കേട്ടത് തന്നെ മഹാ ഭാഗ്യമെന്നും". ഭാഷയ്ക്കും സാഹിത്യത്തിനും സ്വയം അര്‍പ്പിച്ച ആ മഹാ ത്യാഗി, ഓര്‍മ നശിക്കും വരെ ആത്മാവിനെ പണയം വെച്ച ഒരേര്‍പ്പാടിനും തയ്യാറാവില്ല. തീര്‍ച്ച. "മരിക്കുന്നതിനു മുന്‍പ് ഒരു ദിവസമെങ്കിലും ഭാര്യയായി ജീവിക്കണമെന്ന് ആഗ്രഹിച്ചു, കഴിഞ്ഞില്ല"- മരണത്തോട് അടുക്കുകയാണെന്ന തിരിച്ചറിവുണ്ടായിട്ടും "വിലാസിനി ഇവിടെ നില്‍ക്കു, കുറച്ചു മണിക്കൂര്‍ ഒപ്പം നിന്ന് എന്നെ ശുശ്രൂഷിക്കു" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചുവോ ഇല്ല. ഒരിക്കലുമില്ല. ചാനലുകള്‍, ദേശീയ-പ്രാദേശിക പത്രങ്ങള്‍ പരസ്യത്തിനും, മാര്‍ക്കറ്റിങ്ങിനും വേണ്ടി എന്ത് നെറികേടും പ്രവര്‍ത്തിക്കും. ചാനലുകള്‍ ആഘോഷിച്ച നളിനി ജമീലയുടെ ആത്മകഥ, ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. അതുപോലെ ഇനിയും അവര്‍, മറ്റു വ്യക്തികളെ കൊണ്ട് എഴുതിച്ചാല്‍ മുന്‍ റെക്കോര്‍ഡില്‍ എത്താനാകുമോ? ചിന്തിക്കുക. ഈ ശിഷ്യ, വാശി പിടിച്ചിരുന്നെങ്കില്‍, ഒട്ടും സംശയിക്കണ്ട, പരിചരിക്കാന്‍ മാഷ്‌ അനുവദിക്കും. തീര്‍ച്ച. എന്‍റെ പ്രാരാബ്ധ കൂമ്പാരങ്ങള്‍ കാരണം, കഴിഞ്ഞില്ല. കുറ്റബോധമുണ്ട്. വിലാസിനി ടീച്ചര്‍ ക്ഷമിക്കുക. ഫെയ്സ്ബുക്കില്‍ പലരും ഗുരുവര്യനെ തേജോവധത്തിന്, അപകീര്‍ത്തിപ്പെടുത്തിയതിന് ടീച്ചറും ഉത്തരവാദിയാണ്‌.. ടീച്ചര്‍ക്ക് നല്ലത് വരട്ടെ....

മാവിൻചുവട്ടിൽ ഒരു കുഞ്ഞുടുപ്പുകാരി

കോഴിക്കോട്‌ നഗരത്തിൽ നിന്ന്‌ ഏതാണ്ട്‌ 3 കി. മീറ്റർ അകലെ മാങ്കാവ്‌, ഗോവിന്ദപുരം, കൊമ്മേരി പ്രദേശങ്ങൾക്ക്‌ നടുവിലാണ്‌ സാമൂതിരിരാജവംശത്തിന്റെ ശക്തിദേവത തിരുവളയനാട്ടമ്മയുടെ ദിവ്യപരിവേഷം വിളയാടുന്ന ശ്രീ വളയനാട്‌ ദേവീക്ഷേത്രം. കിഴക്കുവശത്ത്‌ അമ്പലകുളത്തിനരികെ കിഴക്കേമഠമാണ്‌ എന്റെ ജന്മഗൃഹം. ഐതീഹ്യങ്ങളും, സങ്കല്‌പങ്ങളും മിത്തുകളും സമൃദ്ധമായി സംയോജിപ്പിക്കപ്പെട്ട വളയനാട്ട്‌ കാവിലെ പ്രധാന പ്രതിഷ്‌ഠ ഭദ്രകാളിയാണ്‌. കാശ്‌മീർ ബംഗാൾ സംസ്‌ഥാനങ്ങളിൽ നിലനില്‌ക്കുന്ന കൗളാചാരസമ്പ്രദായത്തിലുള്ള മധ്യമ പൂജയാണ്‌ ഇവിടെ നിർവഹിക്കപ്പെടുന്നത്‌.

വൈവിധ്യമാർന്ന പൂജാവിധികളും, ഗുരുതിയും, ശാക്തേയ പൂജയും ദേവിയ്‌ക്ക്‌ സമർപ്പിക്കുന്നത്‌ മൂസത്‌മാരാണ്‌. 1984 വരെ ഈ ക്ഷേത്രത്തിൽ ദേവീപ്രീതിയ്‌ക്കായി കോഴിയറവ്‌ നടത്തിയിരുന്നു. മാലകെട്ടുക, ബലിക്കല്ല്‌ വൃത്തിയാക്കുക, പൂജാസാമഗ്രികൾ തേച്ച്‌ മിനുക്കുക തുടങ്ങിയ അകം ജോലികളിൽ മുഴുകുന്നത്‌ അമ്പലവാസികളാണ്‌.
കഴകപണിയെടുത്ത്‌ ഉപജീവനം കണ്ടെത്തുന്ന അമ്പലവാസി കൂട്ടുകുടുംബത്തിൽ 30 വർഷം, 25 അംഗങ്ങൾക്കൊപ്പം ജീവിച്ചു. ഓർമയുടെ മഞ്ചാടികുരുക്കൾ ഉള്ളം കൈയിലെടുത്ത്‌ മിഴികളിൽ ചേർത്തു വെയ്‌ക്കുന്നു. മുത്തശ്ശി നിരവധിപാത്രങ്ങളിൽ അല്‌പാല്‌പം ചോറും കറികളും വിളമ്പുമ്പോൾ, പഴുത്തചക്ക പലകഷണങ്ങളായി മുൻപിൽ വെക്കുമ്പോൾ വല്യമ്മയുടെ, അമ്മയുടെ, ചെറിയമ്മയുടെ, അമ്മാവന്മാരുടെ, മക്കളുടെ കുഞ്ഞുമുഖങ്ങളിൽ പടരുന്ന കറുപ്പ്‌ ഈ നിമിഷം തൊട്ടറിയുന്നു. പെരുംമഴയത്ത്‌ വീടിന്‌ തൊട്ടുമുൻപിൽ ഒരു കാണും കിനാവുമായി മയങ്ങുന്ന ആമ്പൽകുളത്തിൽ നിന്ന്‌ കരയിലേക്കെടുത്തു ചാടുന്ന വരാലുകൾക്കൊപ്പം കുറെ പേരറിയാമത്‌സ്യങ്ങൾ അവയെ പിടിച്ച്‌ കുട്ടകളിൽ ശേഖരിക്കുന്ന അമ്മാവന്മാർ. അമ്പലത്തിൽ അത്താഴപൂജയ്‌ക്കുശേഷം ഉരുളിയിൽ ഉണക്കലരി ചോറിനൊപ്പം ഇടയ്‌ക്കെങ്കിലും തലവേർപെട്ട കോഴിയുമായി വരുന്ന 
വല്ല്യച്ഛനും മക്കളും.

ഭഗവതിയ്‌ക്ക്‌ പൂജിച്ച കള്ള്‌ സേവിക്കുന്നത്‌ കൂടാതെ നന്നായി മിനുങ്ങി വരുന്ന ഉറ്റവരുടെ മദ്യപാനമഹോത്‌സവം ഗൃഹാന്തരീക്ഷം മലിനപ്പെടുത്തി. ലഹരിയിൽ മുങ്ങിതുടിയ്‌ക്കുമ്പോൾ മാത്രം വീരശൂരപരാക്രമികളായി അവതരിക്കുന്നവരോട്‌ കുഞ്ഞിക്കണ്ണുകളിൽ വേദനയും അമർഷവും പടർത്തി പക തീർത്തു. ചഷകത്തിലെ വീര്യം അകത്തു ചെല്ലുന്നതോടെ ബലവാന്മാരായി തീർന്നവരെല്ലാം ഒത്തൊരുമയോടെ ഉമ്മറത്തെ ഉറച്ച കരിവീട്ടിതൂണുകളിൽ തല്ലുക, ഇടിക്കുക, തൊഴിക്കുക, പൊട്ടിച്ചിരിക്കുക, അലറുക - തുടങ്ങിയ ക്രൂര വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും ഞാൻ മദ്യപരുടെ 
നിത്യശത്രുവായി മാറി. എന്നാൽ മദ്യപിക്കാത്ത, പുകവലിക്കാത്ത സദാചാരക്കാരും ദൈവഭക്തരുമായ രണ്ടുപേർ തറവാട്ടിലുണ്ട്‌. കൃഷ്‌ണമ്മാവനും (അമ്മയുടെ അനുജൻ), വാസുമ്മാവനും (മുത്തശ്ശിയുടെ അനുജത്തിയുടെ മകൻ) തമിഴ്‌നാട്ടിലെ ശ്രീരംഗത്ത്‌ ബന്ധു നടത്തുന്ന ഹോട്ടൽ പണിയിൽ സന്തോഷം കണ്ടെത്തുന്നവർ. വല്ലപ്പോഴും നാട്ടിലെത്തുന്ന കൃഷ്‌ണമ്മാവൻ ഞങ്ങൾക്ക്‌ ധാരാളം കഥകൾ പറഞ്ഞുതരും - നല്ല തങ്ക, പുള്ളിമാൻ. വർഷങ്ങൾക്കുശേഷം എന്നിലെ കൗമാരക്കാരി വായനയുടെ നിറപ്പകിട്ട്‌ അന്വേഷിച്ചലഞ്ഞ്‌ കണ്ടെത്തിയ അതിയശം “പുള്ളിമാൻ” എസ്‌.കെ. പൊറ്റെക്കാടിന്റെ രചനയാണെന്ന്‌! മരുമക്കത്തായ സമ്പ്രദായം നിലവിലുളള കാലം. മുത്തശ്ശിയുടെ മക്കളും പേരമക്കളടങ്ങുന്ന വാനരപടയ്‌ക്ക്‌ കുറെ ഓഹരികൾ! ശ്രീദേവി ചെറിയമ്മയ്‌ക്കും വാസുമ്മാവനും വെറും രണ്ടോഹരി. ഇക്കാര്യത്തിൽ ജേഷ്‌ഠത്തിയും അനുജത്തിയും തമ്മിൽ വാക്‌തർക്കം രൂക്ഷമാകാറുണ്ട്‌. ഒടുവിൽ, മുത്തശ്ശി, അനിയത്തിക്ക്‌ കീഴടങ്ങി ഭാഗം വെച്ചു.

അങ്ങനെ, വാസുമ്മാവനും അമ്മയും കിഴക്കേ മഠത്തിലെ കിണറ്റിനരികെ, ഒരു കൊച്ചു വീട്‌ വെച്ച്‌ മാറിതാമസിച്ചു വാസുമ്മാവൻ വിവാഹിതനായതോടെ ശ്രിരംഗത്തെ ഹോട്ടൽ പണിനിർത്തി നാട്ടിലെ ഫർണിച്ചർ കമ്പനിയിൽ തൊഴിലാളിയായി. മുത്തശ്ശിയും മക്കളും മഹാത്‌മാഗാന്ധി, ജവഹർലാൽ നെഹറു, ലാൽബഹദൂർ ശാസ്‌ത്രി, ഇന്ദിരാഗാന്ധി പ്രേമികളും, വാസുമ്മാവനും അമ്മയും ഇ.എം.എസ്‌., എ.കെ.ജി അനുകൂലികളുമായിരുന്നു. മെയ്‌ദിനപ്രകടനത്തിൽ പങ്കെടുക്കാറുള്ള വാസുമ്മാവൻ സ്വാതന്ത്ര്യദിനത്തിൽ വീടിന്‌ പുറത്തിറങ്ങില്ല. മക്കളും അന്ന്‌, ഞങ്ങൾ കുട്ടികളെല്ലാവരും വെളുത്തവസ്‌ത്രമണിഞ്ഞ്‌ പള്ളിക്കൂടത്തിലെത്താറുണ്ട്‌. ഒരു ദിവസം സന്ധ്യയ്‌ക്ക്‌ വാസുമ്മാവന്റെ വീട്ടിൽ നിന്ന്‌ഉച്ചത്തിൽ നിലവിളി കേട്ടു. ഞങ്ങളെല്ലാവരും ഓടിച്ചെന്നപ്പോൾ കണ്ടകാഴ്‌ച വാസുമ്മാവൻ പാത്രങ്ങളെടുത്ത്‌ വലിച്ചെറിയുന്നു. ഉറക്കെചിരിക്കുന്നു. പൊട്ടിക്കരയുന്നു. ഉച്ചത്തിൽ എന്തൊക്കേയോ വിളിച്ചു കൂവുന്നു. പെട്ടെന്ന്‌, അച്‌ഛനും അമ്മാവന്മാരും കുട്ടികളോട്‌ കിഴക്കേമഠത്തിൽ പോയി വാതിലടച്ചിരിയ്‌ക്കാൻ പറഞ്ഞു. വാസുമ്മാവനെ അവരെല്ലാംകൂടി പിടിച്ചുകെട്ടി കട്ടിലിനോട്‌ ബന്ധിച്ചു. ദീനരോദനങ്ങൾ, അട്ടഹാസങ്ങൾ, അർത്ഥമില്ലാത്ത വാക്കുകൾ - സമനില തെറ്റിയ വാസുമ്മാവനിൽ നിന്നുതിരുന്ന ഇടിമുഴക്കങ്ങൾ കേട്ട്‌ രാവിന്റെ ഏതോ നിമിഷാർദ്ധത്തിൽ എന്റെ മിഴികളടഞ്ഞു. പിറ്റേന്ന്‌ വാസുമ്മാവനെ കുതിരവട്ടത്തെ മാനസികാ രോഗ്യാശുപത്രിയിലെത്തിച്ചു. ഒരാഴ്‌ചത്തെ ഷോക്ക്‌ ചികിത്സയ്‌ക്കുശേഷം മടങ്ങിവന്ന വാസുമ്മാവൻ മൗനിയായി. വാസുമ്മാവന്‌ ഇനിയും ഭ്രാന്തുണ്ടാകരുതേയെന്ന്‌ ഞങ്ങൾ ശ്രീവളയനാട്ടമ്മയോട്‌ ഹൃദയപൂർവം പ്രാർത്ഥിച്ചു.

തറവാട്ടിലുള്ള മുതിർന്നവർ രോഗത്തിന്റെ കാര്യകാരണങ്ങൾ ചുഴിഞ്ഞറിഞ്ഞു. ധനാഢ്യൻ ഹോട്ടൽ മുതലാളി ബന്ധു, വാസുമ്മാവനെ കഠിനമായി ജോലികളെടുപ്പിക്കുകയും, അകാരണമായി കണക്കറ്റ്‌ പ്രഹരിക്കുകയും, തലയ്‌ക്കടിക്കുകയും ചെയ്‌തിരുന്നുവത്രെ. സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിന്‌ വേദനയും യാതനയും അനുഭവിച്ച വാസുമ്മാവൻ ഞങ്ങൾക്കിടയിൽ പാവം ഹീറോ ആയി മാറി. കുറെ നാളുകൾക്കുശേഷം, വാസുമ്മാവൻ പഴയപടി ജോലിയ്‌ക്ക്‌ പോയിതുടങ്ങി. വീടിന്റെ കിഴക്കേ അതിരിൽ അഞ്ചാൾ വണ്ണത്തിൽ വലിയൊരു മാവുണ്ട്‌. കുട്ടികൾ ഉച്ചചൂടിന്റെ തീഷ്‌ണതയകറ്റാൻ, മാവിൻചുവട്ടിൽ, ചിരട്ടയിൽ ചോറും കറികളും വെച്ച്‌ കളിക്കുകയായിരുന്നു. പെട്ടെന്ന്‌, ഞങ്ങൾക്കിടയിലേക്ക്‌ ആരോ ഒരു വാർത്തയുമായി ഓടിവന്നു. അതാ വാസുമ്മാവൻ പേയിളകിവരുന്നു! വടിയെടുത്ത്‌ കലിതുള്ളും കോമരമായി ചീറിയടുക്കുന്ന കുറിയമനുഷ്യനെ കണ്ട്‌ കുട്ടികൾ ഭീതിയോടെ ചിതറിയോടി. ഒൻപത്‌ വയസ്സിനേക്കാൾ പൊലിമയുള്ള ശരീരപ്രകൃതിയെങ്കിലും, ഞാനും വേഗത്തിൽ തൊട്ടടുത്ത തടിച്ച മാവിൻമറയത്ത്‌ ഒളിച്ചു നിന്നു.

“വാസ്വോ.... നീയ്‌ കുട്ട്യോളെ പേടിപ്പിക്കല്ലേ......വ്‌ട്യാരും ഇല്ലേ.... ഇവനെ തടുത്ത്‌ നിർത്താൻ......​‍
അകലെനിന്നെവിടുന്നോ ഊർന്നുവീഴുന്ന മുത്തശ്ശിയുടെ ശബ്‌ദം എന്റെ ശ്വാസമിടിപ്പിൽ അമർന്നുപോയി. ചുറ്റും വെയിൽ തിളക്കങ്ങൾ. ആശ്വാസം! വാസുമ്മാവൻ വഴിമാറി പോയിട്ടുവേണം ഇവിടെനിന്ന്‌ രക്ഷപ്പെടാൻ.. ശ്വാസമടക്കി പിടിച്ച്‌ വയസ്സൻ മാവിനോട്‌ ഒട്ടിനിന്നു. ദേഹമാകെ കുഴയുന്നു. ഞൊടിയിടയിൽ നിറയെ നീലപ്പൂക്കൾ വിരിഞ്ഞു എന്റെ കുഞ്ഞുടുപ്പിൻ തുമ്പിൽ രണ്ട്‌ വിരലുകൾ. ഞാൻ, വിറയലോടെ നോക്കി. മുൻപിൽ വാസുമ്മാവൻ! കലങ്ങിയ കണ്ണുകളിൽ രൗദ്രഭാവത്തിൽ പെരുങ്കടൽ ആർത്തിരമ്പുന്നു. വലതുകൈയിൽ ഉയർത്തിപ്പിടിച്ച വടി. ഈ നിമിഷം അടി എന്റെ തലയ്‌ക്ക്‌ വീഴും. തൊണ്ടയിൽ കരച്ചിൽ കുടുങ്ങി നിന്നു. നിമിഷങ്ങൾ കൊഴിയുന്നു. എനിക്ക്‌ ചുറ്റും ചരാചരങ്ങൾ കറങ്ങുന്നു. കാഴ്‌ച മങ്ങുന്നു. ഒറ്റമുണ്ടുടുത്ത വാസുമ്മാവന്റെ നെഞ്ചിൽ, നെറ്റിയിൽ വിയർപ്പ്‌ അനേകം കൈവഴികൾ തേടുന്നു. കണ്ണിലെ ഭാവങ്ങൾ മാറി മാറി വരുന്നു. പെട്ടെന്ന്‌, വാസുമ്മാവൻ വടി നിലത്തിട്ട്‌ വീട്ടുപടിക്കലേക്ക്‌ നടന്നു. ഉടൻ, സർവശക്തിയുമെടുത്ത്‌ കുതിച്ച്‌ ഞാൻ ഉമ്മറത്തെ പാതിതുറന്ന വാതിലിലൂടെ ഇടനാഴികയിലെത്തി. 

അവിടെ..... കുട്ടികളെല്ലാം കോണിചുവട്ടിൽ, ഇരുട്ടിൽ പതുങ്ങിയിരിക്കുന്നു. കാവലാളായി മുത്തശ്ശിയും! എന്നെകണ്ടതും മുത്തശ്ശി ‘പൊന്നുമോളേ’ വിളിയോടെ, കെട്ടിപ്പിടിച്ച്‌ കരഞ്ഞു... 

കഥയെഴുത്തിന്റെ സൗമ്യസാന്നിധ്യം തഴുകിയപ്പോൾ, കിഴക്കേ മഠത്തിന്റെ ഉൾജീവിതത്തെപ്പറ്റി ഒരു കഥയെഴുതി ”കരുമാടിയുടെ കഥ“. പ്രൊ. എം. കൃഷ്‌ണൻനായരുടെ പ്രശംസ ഏറ്റുവാങ്ങിയ രചന

Thursday, 7 June 2012

തീരാപകയുടെ രസതന്ത്രം


കൂട്ടുകുടുംബത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ സ്‌നേഹം , വാത്സല്യം , കോപതാപങ്ങള്‍ , കരുണ , പക... അവയെല്ലാം കൂടിക്കുഴയുമ്പോള്‍ പിടയുന്ന മനസ്സ്. കാര്യപ്രാപ്തിയുള്ള അമ്മയില്‍ അമ്മൂമ്മ ചൊരിയുന്ന ഉത്തരവാദിത്വവും പിന്തുണയും കാണക്കാണെ മറ്റ് മക്കള്‍ക്ക് അസൂയയും അമര്‍ഷവും തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷേ...ആ വികാരം ഇരട്ടക്കണ്ണി വലയായി കുഞ്ഞുങ്ങളെ കുരുക്കിയിടുക. അമ്മയുടെ മൂന്ന് പെണ്മക്കളില്‍ എനിക്ക് താഴെ രണ്ട് വയസ്സ് വ്യത്യാസത്തില്‍ അനിയത്തിമാര്‍ ഞാനും രണ്ടാമത്തെ അനിയത്തി രുഗ്മണിയും കാഴ്ചക്ക് ഏകദേശം ഒരു പോലെ. അവള്‍ക്ക് അമ്മയുടെ ജേഷ്ഠത്തി നാരായണി വല്യമ്മയെ ഏറെ ഇഷ്ടം. മെല്ലിച്ച ശരീരം, വലിവിന്റെ അസുഖം, തുറിച്ച നോട്ടം, നാരായണി വല്യമ്മയെ എനിക്ക് പേടിയാണ്. തറവാട്ടില്‍ ഭരണം കയ്യാളുന്ന അമ്മ സ്വന്തം മക്കളെ മാത്രം നന്നായി സംരക്ഷിക്കുന്നു. ഈ പരാതിയില്‍ ശാപവാക്കുകളും, ദ്വയാര്‍ഥ പ്രയോഗങ്ങളും , ശബ്ദതാരാവലിയില്‍ പോലും തപ്പിയാല്‍ കാണാനാവാത്ത സമറൗവേമ ുൃമ്യീഴമാ കുടുംബാന്തരീക്ഷം മലീമസമാക്കി. അമ്മയും ഒട്ടും മോശമല്ല. അധ്യാപികയുടെ മാസവരുമാനവും നാളികേരവിഹിതവുമൊക്കെ എടുത്ത് തൊഴിലില്ലാത്ത സഹോദരന്മാരെ സംരക്ഷിച്ചിട്ടും ഇത്ര നീചമായി പെരുമാറാന്‍ നാരായണിയേട്ടത്തിക്ക് എങ്ങിനെ കഴിയുന്നുവെന്ന് അമ്മ ചോദിക്കും ഭകഷണം കഴിക്കാനും കുളിക്കാനും എന്തിന് ഉറങ്ങാന്‍ വരെ അനിയത്തിക്ക് നാരായണി വല്യമ്മ വേണം. വായിക്കാനും എഴുതാനും അവര്‍ അടുത്തിരിക്കണം.
''മോള്‍ നാരായണി ഏട്ടത്തിക്കൊപ്പം എവിടേയും പോകരുത്. നിന്നെ അപകടപ്പെടുത്തും. ''

അമ്മ അനിയത്തിയെ പലപ്പോഴും ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. അവള്‍ വക വയ്ക്കാറില്ല. അമ്മയോടുള്ള കടുത്ത പകയ്ക്കും ദേഷ്യത്തിനും പകരം വീട്ടാന്‍ അവര്‍ അവളെ ആയുധമാക്കിയിരുന്നു. എത്ര വഴക്കു പറഞ്ഞാലും , പിടിച്ചു തള്ളിയാലും , തല്ലിയാലും അവള്‍ അവരുടെ പിറകില്‍ നിന്നും മാറില്ല. പ്രണയവും സ്‌നേഹവും വേര്‍പിരിയാനാവാതെ കൂടിക്കുഴയുന്ന , മനസ്സിന്റെ ഭാവങ്ങള്‍ ലോഹിതദാസ് 'ഭൂതക്കണ്ണാടി' യില്‍ വരച്ചു വച്ചു. ആ മമ്മൂട്ടി കഥാപാത്രത്തിന്റെ സ്വഭാവമുള്ളവര്‍ നമുക്കിടയിലുണ്ട്. ( പേര് ഓര്‍മ്മയില്ല എഴുതുക) 'രാധാമാധവ'ത്തിലെ ജയറാമും അതില്‍പ്പെടുന്നു. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹം തോന്നിയാല്‍ പിന്നെ എതിര്‍ത്താലും , ചവുട്ടി തൊഴിച്ചാലും എല്ലാം സഹിച്ച് ഒഴിയാബാധയായി ആ! വ്യക്തിയെ പിന്തുടരും.

ബന്ധു വീട്ടില്‍ രാതിക്കല്യാണം നടക്കുന്നു. മുന്‍പ് ഹിന്ദു ഗൃഹങ്ങളില്‍ സന്ധ്യക്കു തുടങ്ങി കൊട്ടും , കുരവയും ,നാദസ്വരവും ,പാണ്ടിമേളവും താലികെട്ടും സദ്യയുമൊക്കെയായി രാവേറെ ചെല്ലുന്ന വിവാഹം. മാസങ്ങള്‍ക്കു മുന്‍പ് തിരുപ്പതി, മധുര, പഴനി, രാമേശ്വരം പോയി വരും വഴി ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വെച്ച് അത്തരം കല്യാണങ്ങള്‍ കണ്ടിട്ടുണ്ട്. അലങ്കാര ബള്‍ബുകള്‍ തൂക്കിയിട്ട , പനയോലകള്‍ ചന്തം ചാര്‍ത്തിയ വീട്ടുമുറ്റത്ത് അമ്മയ്‌ക്കൊപ്പം ഞാന്‍ എത്തി . നാരായണി വല്യമ്മക്കും മക്കള്‍ക്കുമൊപ്പം അനിയത്തി നേരത്തെ തന്നെ കല്യാണവീട്ടില്‍ എത്തിയിരുന്നു. കല്യാണം കെങ്കേമം. ഇന്നത്തെ രീതി അനുസരിച്ച് ഭക്ഷണത്തിന് മേശ കസേരയോ, ബുഫേ പരിപാടിയോ ഒന്നുമില്ല. എല്ലാവരും നിലത്ത് വിരിച്ച പായയിലിരുന്ന് നാക്കിലയില്‍ വിഭവസമൃദ്ധ സദ്യ ഉണ്ടു. ഊണ് കഴിച്ച് കൈകഴുകുന്ന അമ്മയെ, തിക്കിതിരക്കി വന്ന നാരായണി വല്യമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം. വായില്‍ വെള്ളമെടുത്ത് ഊക്കില്‍ പുറത്തേക്ക് തുപ്പുന്ന നാരായണി വല്യമ്മയോട് 'മോളെവിടെ' എന്ന് അമ്മ ചോദിച്ചു 
''പോയ് അന്വേഷിക്കെന്ന്'' എടുത്തടിച്ച മറുപടി.

കല്യാണവീട്ടിലെ പടിക്കലെത്തിയതും, അനിയത്തി ഞങ്ങള്‍!ക്കിടയിലേക്ക് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഓടി വന്നു. അവള്‍ വല്ലാതെ കിതച്ചിരുന്നു. പിന്നാലെ മറ്റൊരു സ്ത്രീയും. വിങ്ങിവിങ്ങിക്കൊണ്ട് വാക്കുകല്‍  അവളില്‍ നിന്ന് മുറിഞ്ഞു വീണു. '' ന്നെ അപ്പുമ്മ മുറിയിലിട്ടു പൂട്ടി'' വാദ്യമേളങ്ങളും ശബ്ദകോലാഹലങ്ങളും കാരണം ആരും ഒന്നും കേട്ടില്ല, കണ്ടില്ല . കുളിമുറിയിലേക്ക് പോകുമ്പോള്‍ പിന്തുടര്‍ന്നെത്തിയ നിലവിളി പൂട്ടിയിട്ട വാതില്‍ തുറക്കാനിടയാക്കി. അവിടെ, പേടിച്ച് വിറച്ച് ഒരു വശത്ത് ഒതുങ്ങിക്കൂടി , ഒരിറക്ക് വെള്ളം പോലും കിട്ടാതെ വിലപിക്കുന്ന അനിയത്തി.

വഴിക്ക് വെച്ച് അമ്മ അവളെ ശകാരിച്ചു. കണ്ണ് തുടച്ച് അമ്മ രോഷം കൊണ്ടു. ''നിന്നോട് എത്രവട്ടം പറഞ്ഞു അവരുടെ അടുത്ത് പോകരുതെന്ന് അനുസരണയില്ലാത്തവള്‍ . മേലില്‍, അവരുടെ കണ്‍ വെട്ടത്ത് നിന്നെ കണ്ടുപോകരുത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ , അമ്മ മരിച്ചെന്ന് കരുതിക്കോ'' അവള്‍ സമ്മതിച്ചു പക്ഷെ.... അന്ന് രാത്രി കുറേ നേരം കഴിഞ്ഞപ്പോള്‍ വടക്കേമുറിയില്‍ നാരായണി വല്യമ്മയ്‌ക്കൊപ്പം ഉറങ്ങുന്ന അനിയത്തിയെ എടുത്ത് അമ്മ ഞങ്ങള്‍ കിടക്കുന്ന തെക്കേ അകത്തെ കട്ടിലില്‍ കൊണ്ട്‌ചെന്ന് കിടത്തി.

തുടരും.......



ചന്ദനമരത്തിലെ പെൺസർപ്പം


 “Deep Impact” ഇംഗ്ലീഷ്‌ സിനിമയിൽ, പുരുഷകഥാപാത്രം “Nobody knows everything” - എല്ലാ കാര്യവും ആർക്കും അറിയില്ലെന്ന്‌ സൂചിപ്പിക്കുന്ന സത്യ പ്രസ്‌താവം എത്ര ശരിയാണ്‌! മിസൈൽ വേഗത്തിൽ ഒഴുകിപ്പോകുന്ന സമയത്തെ പിടിച്ചുകെട്ടാൻ മനുഷ്യൻ പാടുപെടുന്നു. സ്വാഭാവികമായും നാം സെലക്‌റ്റീവ്‌ റൈറ്റിംഗ്‌ (തിരഞ്ഞെടുക്കുന്ന രചനകൾ) തേടിപ്പോകുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ പത്രം, വാരിക, മാസിക ലഭിച്ചാൽ കഥ, കവിത, ലേഖനം, പാചകം, സിനിമയെന്നു വേണ്ട എന്തും പത്‌ഥ്യം പക്ഷേ..........ഇന്നിന്റെ മനഃശാസ്‌ത്രം വേറെ.


എഴുത്ത്‌ അനന്തമായ സ്വാതന്ത്ര്യവും സംതൃപ്‌തിയും വേദനയും നൽകുന്നു. അധ്യാപികയായതുകൊണ്ടാകണം എന്തെഴുതിയാലും പകർത്തികഴിഞ്ഞാലുടൻ സ്വയം മാർക്കിടുന്ന പതിവുണ്ട്‌. പ്രശസ്‌തരുടെ രചനകളെല്ലാം മികച്ചതാവണമെന്നില്ല. അപ്രശസ്‌തരുടേത്‌ മോശമാകണമെന്നും. 2010-ൽ ഓസ്‌കാർ അവാർഡ്‌ നേടിയ സാന്ദ്രാ ബുള്ളക്ക്‌ തലേന്ന്‌ റാസിസ്‌ അവാർഡിൽ മോശം നടിയ്‌ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. 2009-ലെ മികച്ച ഓസ്‌കാർ നടി Kate Winslet അഭിനയിച്ച “The Reader", Steven Spielberg”ന്റെ “Empire of the sun” കണ്ടു. അവയിലെ ഓരോ സീനും മനുഷ്യമനസ്സിന്റെ വൈവിധ്യമാർന്ന വിചാരധാരണകളെ വീര്യത്തോടെ കൂട്ടിയിണക്കുന്നത്‌ കണ്ട്‌ ശ്വാസമടക്കിപിടിച്ച്‌ അദ്‌ഭുതപ്പെട്ടിട്ടുണ്ട്‌.


“TROY" (Eng), 'Nikita', A short Film about Love", "Amelie, 'The Priceless"(French), സോഫിയാലോറൻ അഭിനയിച്ച ”A special Day"(Italian), "Chaos" (Egypt) "In July" (German), "When the sea Rises"(Belgium, കൊറിയൻ സംവിധയകൻ Kim-Ki-Duk ന്റെ "Crocodile"(Korean), "Your Name is Justine" (Polish), "The Band's visit" (Arabic) തുടങ്ങിയ വിദേശഭാഷാ ചിത്രങ്ങൾ സമ്മാനിക്കുന്ന സൗഭാഗ്യം പങ്കിടുമ്പോൾ അനുഭവപ്പെടുന്ന വിഷമമെന്ത്‌? എഴുതാം. ഏത്‌ ചലച്ചിത്രം കാണുമ്പോഴും മികച്ച കഥാപാത്രങ്ങളെ പിൻതുടരുമ്പോൾ അവരുടെ പേരറിയണമെന്ന്‌ നിർബന്ധമുണ്ട്‌. അങ്ങനെയാണ്‌, Anthony Hopkins, Morgan Free Man (Negro Actor), Nicolas cage, Brad pitt, pierce Brosen, Daniel Craig, Harrison Ford, ടൈറ്റാനിക്കിലെ സുന്ദരൻ നായകൻ Leonardo Dicaprio പ്രതിഭകളെ പരിചയപ്പെടുന്നത്‌. വില്ലന്മാരുടെ നീണ്ട നിരയും - Bruce willis, Sylvester stallen, steven segal, Arnold Schwarzenegger, jacki Chan - മുൻപിലുണ്ട്‌.


പക്ഷേ.... “Amelie” ലെ ആംലി, “The Priceless" ലെ Irene അസാധാരണഭാവാഭിനയത്തിന്റെ മാണിക്യകല്ല്‌ തലയിലണിഞ്ഞ, നീണ്ടുമെലിഞ്ഞ ആ സർപ്പസുന്ദരി ആരാണ്‌? അവരുടെ പേർ ഈ പഠക്‌തി വായിക്കുന്ന ആർക്കെങ്കിലും അറിയുമെങ്കിൽ എഴുതുക. ദീർഘ ഹൃസ്വയാത്രകൾ ഭ്രാന്തമായ ആവേശവും ലഹരിയും അനുഭവങ്ങളുടെ വർണകാഴ്‌ചകളും പകരുന്നു. ജപ്പാനിലെ ഹോട്ടൽമുറികൾ, ഫ്രാൻസിലെ ചൂതാട്ട കേന്ദ്രങ്ങൾ, ഡിസ്‌കോ തക്കുകൾ, ആൺ-പെൺ ഭേദമില്ലാതെ കൊഴുപ്പിച്ച്‌ ആറാടുന്ന ബാർഡാൻസുകൾ, പൊട്ടും പൊളിയുമില്ലാത്ത നിരത്തുകൾക്കിരുവശവും വെട്ടിവൃത്തിയാക്കിയ ചെടിക്കൂട്ടങ്ങൾ, കൂറ്റൻ പ്രതിമകൾ, മഞ്ഞുപാളികൾക്ക്‌ മുകളിൽ വിളറിയ ആകാശം, ആധുനിക നാഗരിക ആർഭാടജീവിതം, നുരയ്‌ക്കുന്ന നൈറ്റ്‌ക്ലബ്ബുകൾ, ഇന്റർനെറ്റ്‌ കഫേകൾ, മദ്യകുപ്പികൾക്കും മുന്തിരിവള്ളികൾക്കും ഇടയിൽ ഇഴപിരിയുന്ന ജീവിതം - വിദേശചലച്ചിത്രദൃശ്യവിസ്‌മയങ്ങളിലൂടെ സ്വപ്‌നസഞ്ചാരിണിയായി ഞാൻ ലോകം ചുറ്റുന്നു. ഇംഗ്ലീഷിൽ ചെറുകുറിപ്പുകൾ തയ്യാറാക്കുന്നു.


പ്രസിദ്ധകഥ, തിരക്കഥ, സംവിധായകൻ രഞ്ഞ്‌ജിത്ത്‌ സ്വന്തമായൊരു അഭ്രകാവ്യമൊരുക്കി ഭൂമിയുടെ അറ്റം വരെ കൊണ്ടുപോകാനുള്ള ആഗ്രഹം എവിടെയോ എഴുതിയിട്ടുണ്ട്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി പടങ്ങൾ കാണുമ്പോൾ രഞ്ജിത്തിന്റെ കൈയൊപ്പിൽ മനുഷ്യമനസ്സിന്റെ നിലവറയിൽ പച്ച, കത്തി, താടി, കരിവേഷക്കാരായ കഥകളിക്കാരും, മിനുക്കുപണിയില്ലാത്ത നാട്ട്യമക്കളും ഹരിതസങ്കല്‌പങ്ങളും, ഗ്രാമസൗകുമാര്യവും ഇളകിയാടുന്നത്‌ കണ്ട്‌ മനം കുളിർക്കാറുണ്ട്‌.


Nicolas Kidman, Angelene shole, Jennifer Lopez തുടങ്ങിയ അഭിനേത്രികൾ ഒരുക്കുന്ന കാഴ്‌ചവിസ്‌മയ കണി കണ്ടാൽ ആരാണ്‌ സന്തോഷിക്കാത്തത്‌? സ്വിറ്റ്‌സർലാണ്ടിൽ നിന്ന്‌ സണ്ണി എസ്‌തപ്പാൻ 1 ലക്ഷം രൂപയിലധികം വില വരുന്ന ക്യാമറയുമായി കാത്തിരിക്കുന്നു - സ്വന്തമായി സിനിമ നിർമിക്കാൻ! അബുദാബിയിൽ നിന്ന്‌ കവി ടി.എ. ശശി, സൗദി അറേബ്യയിലെ റിയാദിൽ നിന്ന്‌ നാസ്സർ കുറ്റിക്കോടൻ അങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന്‌ തേടിയെത്തുന്ന ശബ്‌ദങ്ങളിലെ സ്‌നേഹസൗഹൃദം, കൊറ്റികളും നീർപക്ഷികളും പറന്നുപോയ എന്റെ മനസ്സിൽ മരുപ്പച്ച നിറയ്‌ക്കുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം ഡോക്‌ടർ ടി അജയ്‌കുമാർ എം.ഡി.യും, മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ കൊച്ചിയിലെ ജീവിതത്തിന്റെ ശക്തമായ അടിയൊഴുക്കുകൾ നോവലിൽ ചിത്രീകരിച്ച എം.കെ. ചന്ദ്രശേഖരനും എന്റെ വാക്കുകളിലെ വിരാട്‌ രൂപം (ശോഭ) തിരിച്ചറിയുന്നത്‌ ആഹ്ലാദകരം തന്നെ. നേരിൽ കാണാത്ത ഈ സുഹൃത്തുക്കൾക്കെല്ലാം നമോവാകം.


ഹിന്ദിയിൽ പണം വാരി പടങ്ങളല്ലാത്ത നല്ല സിനിമകളും ഇറങ്ങുന്നുണ്ട്‌. മധുർഭണ്ഡാക്കറിന്റെ "Page3” വിക്രം ഭട്ടിന്റെ “Fod path” കലർപ്പില്ലാത്ത സത്യസന്ധതയിൽ കൊഴുക്കുന്ന ചലച്ചിത്ര വിസ്‌മയങ്ങൾ ജീവിതം എല്ലാ ചതുരകള്ളികൾക്കും അപ്പുറത്താണെന്ന്‌ നമ്മെ ഓർമിപ്പിക്കുന്നു. കഥകളെഴുതാനാണ്‌ ഏറെ ഇഷ്‌ടം. ലേഖനമെഴുതാൻ പരോക്ഷമായി എന്നെ പ്രേരിപ്പിച്ചത്‌ കലാകൗമുദിയിലെ “അക്ഷരജാലക”ക്കാരൻ എം.കെ. ഹരികുമാറാണ്‌. എഴുത്തുകാർ രചനാതന്ത്രം മറ്റ്‌ സാഹിത്യരംഗങ്ങളിലും പ്രയോഗിക്കാമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചിരുന്നു.


സിനിമ എന്നിലേക്ക്‌ മോഹാവേശമായി പടരാൻ കാരണം? അച്ഛനും അമ്മയും തന്നെ. മാങ്കാവിൽ ഓലമേഞ്ഞ അശോക ടാക്കീസ്‌, നഗരത്തിൽ ക്രൗൺ, രാധ, കോറണേഷൻ, പുഷ്‌പ തിയേറ്ററുകൾ. അമ്മയ്‌ക്ക്‌ എം.ജി.ആർ, ജെമിനി ഗണേശൻ, ജയശങ്കർ, രങ്കറാവു, രാജ്‌കപൂർ, വൈജയന്തിമാല, ദിലീപ്‌ കുമാർ, രാജേന്ദ്രകുമാർ, ആശാപരേഖ്‌, ഷീല, ശാരദ, ജയലളിത, സാവിത്രി, പ്രേംനസീർ, മധു എന്നിവരുമായി ചങ്ങാത്തം. അച്ഛന്‌, ശിവാജിഗണേശൻ, സത്യൻ കൊട്ടാരക്കര, വഹീദാറഹ്‌മാൻ, അടൂർഭാസി, ബഹദൂർ, എസ്‌.പി.പിള്ള, എം.എൻ. നമ്പ്യാർ അങ്ങനെപോകുന്നു ഇഷ്‌ടം. ഈ വ്യത്യസ്‌ത അഭിരുചിക്കാർക്കിടയിൽപ്പെട്ട്‌ ഞങ്ങൾ മൂന്ന്‌ പെൺകുട്ടികൾ സന്തോഷത്തോടെ സിനിമകൾ കാണാൻ പോകാറുണ്ട്‌. കൗമാരനാളുകളിൽ ഏറെ ചലച്ചിത്രങ്ങൾ കാണാനിടയാക്കിയത്‌ രക്ഷിതാക്കളുടെ ഈ ദ്വയവ്യക്തിത്വമാണ്‌. രാജ്‌കപൂർ, വൈജയന്തിമാല, രാജേന്ദ്രകുമാർ അഭിനയിച്ച “സംഗം” സിനിമ പുഷ്‌പടാക്കീസിൽ പോയി കണ്ടത്‌ ഓർക്കുന്നു. പകൽകിനാവ്‌ (ഒരു എം.ടി.ചിത്രം) ചെമ്മീൻ, നീലക്കുയിൽ, ശാന്താറാമിന്റെ “സ്‌ത്രീ”, ഹരേരാമ ഹരേകൃഷ്‌ണ“, കുട്ടിക്കുപ്പായം, കണ്ടംബെച്ച കോട്ട്‌, മുറപ്പെണ്ണ്‌, നദി, ശകുന്തള എന്നിവ ഓർമച്ചെപ്പിൽ സൂക്ഷിക്കുന്ന ചില ചിത്രങ്ങൾ മാത്രം.


കോഴിക്കോട്‌ ആഴ്‌ചവട്ടം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം (ഒന്നാംക്ലാസ്‌ തൊട്ട്‌ ഏഴാം തരം വരെ) നേടി, തുടർന്ന്‌ എട്ടാം ക്ലാസ്‌ മുതൽ പത്ത്‌വരെ സാമൂതിരി ഹൈസ്‌കൂളിലാണ്‌ പഠിച്ചത്‌. അന്ന്‌ ആഴ്‌ചവട്ടത്ത്‌ തുടർപഠനത്തിന്‌ സാധ്യതയില്ല. ശ്രീ വളയനാട്‌ ക്ഷേത്രത്തിന്‌ വടക്കുഭാഗത്ത്‌ ഗോവിന്ദപുരം ലൈബ്രറിയിൽ നിന്ന്‌ വായിച്ച പുസ്‌തകങ്ങൾക്ക്‌ കണക്കില്ല. അതുപോലെ സാമൂതിരി സ്‌കൂൾ ലൈബ്രറിയും, ഉപയോഗപ്പെടുത്തി. അഞ്ചാംക്ലാസിലോ ആറിലോ പഠിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം വിദ്യാലത്തിൽ നിന്ന്‌ വന്നപ്പോൾ വീട്ടിൽ കണ്ട കാഴ്‌ച

ഓര്‍മ്മക്കൂട്ടില്‍ മഞ്ചാടിക്കുരുക്കള്‍

കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ പെരുമയ്ക്ക് തിലകം ചാര്‍ത്തുന്ന തളി ശിവക്ഷേത്രം. തൊട്ടടുത്ത് സാമൂതിരി കോളേജ് ഹൈസ്‌കൂള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാനമേളകള്‍, കലാപരിപാടികള്‍, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം ഇങ്ങനെ പല ആവശ്യങ്ങള്‍ക്കും നഗരഹൃദയത്തിലെ ആ വിദ്യാഭ്യാസസ്ഥാപനവും, വിശാല മൈതാനവും വേദിയായിരുന്നു. 2011 ലെ കോഴിക്കോട് കൂറ്റന്‍ മാളുകള്‍, വ്യവസായ വാണിജ്യകേന്ദ്രങ്ങള്‍ ,സ്റ്റാര്‍ ഹോട്ടലുകള്‍, ഫ്‌ലാറ്റ് സമുച്ചയം . പിന്നെ വന്‍പരിപാടികള്‍ ആഘോഷിക്കാന്‍ കടപ്പുറം ,സ്‌റ്റേഡിയം , കളിപ്പൊയ്കക്കടുത്ത് സരോവരം, ടാഗോര്‍ സെന്റിനറി ഹാള്‍ ....അങ്ങനെ നഗരം വളരുകയാണ്.


എട്ടാം ക്ലാസ്സുമുതല്‍ എസ്.എസ്.എല്‍ .സി വരെ പ്രശസ്തമായ സാമൂതിരി കോളേജ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഊര്‍ജതന്ത്രം  കുട്ടി അനുജന്‍ രാജ, ഇംഗ്ലീഷ് പ്രഭാകരന്‍മാസ്റ്റര്‍, മലയാളം ഗണപതി ശാസ്ത്രികള്‍ , ഹിന്ദി ഛോട്ടാ മാസ്റ്റര്‍ എന്നറിയപ്പെടുന്ന കൃഷ്ണന്‍ മാഷ്. ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോള്‍ അമ്മ തെക്കെമുറിയിലെ മരപ്പെട്ടിയില്‍ നിന്ന് കുറച്ചു ഫോട്ടോകളെടുത്ത് എന്നെ ഏല്‍പ്പിച്ചു. ആ കറുപ്പ് & വെളുപ്പ് ഫോട്ടോകളിലൊരെണ്ണം വലുപ്പത്തില്‍ എടുത്ത് വായനക്കാര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നു.
എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോള്‍ ,അമ്മ സാമൂതിരി സ്‌കൂളില്‍ എക്‌സ്ബിഷന്‍ കാണാന്‍ പോയി. ഏതാണ്ട് അന്‍പത്തിനാല് വര്‍ഷം മുന്‍പ് നടന്ന സംഭവം, പലപ്പോഴും അമ്മ വിശദീകരിച്ചിരുന്നു.

 കൈനിറച്ച് കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നിട്ടും തൃപ്തമാകാതെ വാശിപിടിച്ച് കരഞ്ഞ എന്നെ മെരുക്കാന്‍ അമ്മ കണ്ട ഏക സൂത്രം ഫോട്ടൊയെടുക്കലാണ്. ഫോട്ടോയില്‍ അമ്മയുടെ മടിയില്‍ മുഖം കനപ്പിച്ച് ഇരിക്കുന്ന എന്നെ വായനക്കാര്‍ കാണുക. വീട്ടിലെ യാഥാസ്ഥിതിക മനോഭാവത്തിന്‍ ഒട്ടും കുറവില്ലെന്ന് അമ്മൂമ്മയുടെ അനുജത്തി ശ്രീദേവി ചെറിയമ്മ (ഇടക്കിടെ ഭ്രാന്ത് വരുന്ന വാസുമ്മാവന്റെ അമ്മ) മരിച്ചപ്പോള്‍ മനസിലായി. തെക്കെ പറമ്പിലെ ഇത്തിരി വട്ട സ്ഥലത്ത് ചിരട്ടയും മടലും വിറകുമൊക്കെ വെച്ച് ദഹനം നടന്നു. സന്ധ്യക്ക് തീനാളങ്ങള്‍ ഇരുട്ടുമുറിച്ച് ചുവപ്പു രാശി പടര്‍ത്തി മുകളിലേക്കുയര്‍ന്നു.
പിറ്റേന്ന് രാവിലെ ഇളം മഞ്ഞില്‍ കൂറ്റന്‍ കല്‍ക്കണ്ട മാവിന്റെ ചുവട്ടില്‍ തലേന്നു പെയ്ത കാറ്റും മഴയും തകര്‍ത്തിട്ട മാങ്ങകളെടുക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ച....
ചുട്ടെരിക്കലിന്റെ ബാക്കിപത്രമായ ഒരു പിടി ചാരത്തില്‍ അതാ... ശ്രീദേവി ചെറിയമ്മയുടെ പകുതി വെന്ത കൈപ്പത്തി.... ഉച്ചത്തില്‍ നിലവിളിക്കാനൊരുങ്ങി. ശബ്ദം പുറത്തു വന്നില്ല. ചുള്ളിക്കമ്പുകള്‍ക്കും ഇലകള്‍ക്കും ഇടയില്‍ കാ!ലില്‍ തടയുന്ന മാങ്ങകള്‍ . നനഞ്ഞ മണ്ണില്‍ പേടിച്ച് വിറച്ച് ഒരടി മുന്നോട്ട് വെക്കാനാകാതെ നിന്നു. പിന്നെ.. പതുക്കെ നടന്ന് ,എങ്ങിനെയോ വീട്ടിലെത്തി. കുറെ കഴിഞ്ഞ് മുതിര്‍ന്നവര്‍ ചിരട്ടകള്‍ കൂട്ടിയിട്ട് അത് കത്തിച്ച് ഭസ്മമാക്കി.

വീടിന്റെ തെക്കു ഭാഗത്ത് ക്ഷേത്രക്കുളത്തില്‍ പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാനും കുളിക്കാന്‍ പോകും .കുളി കഴിഞ്ഞ് ഈറന്‍ വസ്ത്രത്തോടെ ശ്രീ വളയനാട്ടമ്മയെ തൊഴുത് മടങ്ങും. അമ്മ ബ്രാഹ്മ മുഹൂര്‍ത്തത്തിനു മുന്‍പ് മൂന്നരമണിക്ക് ഉണരുന്നു. വാതത്തിന്റെ അസുഖം ജീവിതാന്ത്യം വരെ പിന്തുടര്‍ന്ന അമ്മ കുഴമ്പ് തേച്ച് ഓലക്കണ വെച്ച വെള്ളം തിളപ്പിച്ച് കുളിച്ച് അമ്പലത്തില്‍ പോകും. പണ്ട് ,അടുക്കളക്ക് മുകളില്‍ തട്ടിന്‍ പുറത്ത് ( അട്ടം) ഉണക്കവിറകും മടലും സൂക്ഷിക്കുക പതിവാണ്. അമ്മ മിക്ക ദിവസവും രാവിലെ പിടക്കോഴികളെ ഒന്നൊന്നായി എടുത്ത് ഇടതു കയ്യില്‍ ചേര്‍ത്തു പിടിച്ച് വലതുകൈകൊണ്ട് അവയുടെ അടിവയറ്റില്‍ പരിശോധിക്കുന്നതു കാണാം. അമ്മയുടെ വളര്‍ത്തു പിടക്കോഴികള്‍ തട്ടിന്‍ മുകളില്‍ കയറി മുട്ടയിട്ട് ഭയങ്കര കൂവലോടെ അടുക്കള വഴി പറമ്പിലേക്ക് പറന്നുപോകും.

പലപ്പോഴും പിടക്കോഴികൂവി പുറത്തെത്തുന്ന നിമിഷം പലവ്യഞ്ജനം പൊതിഞ്ഞ കടലാസ്സുമായി ഞാന്‍ പതുക്കെ മരഗോവണി കയറി തട്ടിന്‍ പുറത്തെത്തും. കോഴിമുട്ടയെടുത്ത് പൊട്ടിച്ചു കുടിച്ച് മുട്ടത്തോട് കടലാസില്‍ പൊതിഞ്ഞ് താഴേക്കിറങ്ങി വരും. അമ്മയോട് കാര്യം ആരും കേള്‍ക്കാതെ പറയും . കാരണം., മുട്ട നഷ്ടപ്പെട്ട വിവരം മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവരുടെ തല്ല് ഞാന്‍ ഏറ്റുവാങ്ങേണ്ടി വരും. വീട്ടില്‍ ആര്‍ക്കെങ്കിലും ഒടിവോ ചതവോ വന്നാല്‍ വൈദ്യര്‍ വന്ന് മുട്ടയുടെ മഞ്ഞയും മരുന്നും മിശ്രിതമാക്കി മുറിവില്‍ വെച്ചുകെട്ടാറുണ്ട്. ഭരണിയില്‍ സൂക്ഷിക്കുന്ന മുട്ടകള്‍ നിത്യചിലവിന്റെ ഒരു ഭാഗമായതിനാല്‍ അവയോരോന്നും വളരെ വിലപ്പെട്ടവ തന്നെ.

തുടരും.......

ഓർമനിലാവിൽ മഴപാറ്റകൾ

കോഴിക്കോട് ആഴ്ചവട്ടം വിദ്യാലയത്തില്‍ അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുമ്പോള്‍ ഒരു ദിനം വൈകുന്നേരം ഞാന്‍ പുസ്തകസഞ്ചി തൂക്കി ക്ഷീണിതയായി ചെമ്പരത്തി ചെടികളും കൃഷ്ണകിരീടവും അതിരിട്ട വീട്ടുപടിക്കലെത്തി. പള്ളിക്കൂടത്തിന് വടക്ക് വശം വീതികുറഞ്ഞ വഴിയ്ക്ക് നേരെ നടന്നെത്തുന്നത് ശ്മശാനത്തിന് മുന്‍പിലേക്കാണ്. ചുടുകാടിന് എതിര്‍വശം മരപ്പാലം കടന്ന്, തോട്ടിന്‍കര സ്വല്പദൂരം പിന്നിട്ട് ഒതുക്കുകല്ലുകള്‍ ചവുട്ടികയറി, ചെറിയൊരുകയറ്റം കഴിഞ്ഞാല്‍ ശ്രീവളയനാട് ദേവീക്ഷേത്രത്തിന് മുന്‍പിലുള്ള നെടുങ്കന്‍ ആല്‍മരചുവട്ടിലെത്താം. (ഇന്ന്, മാങ്കാവ് ബൈപ്പാസ് റോഡ് വന്നതോടെ ദഹനസ്ഥലത്തേക്ക് പോകാതെ തന്നെ അമ്പലത്തിന് മുന്‍പിലെത്താം.)

ആ പേരാല്‍ വൃക്ഷത്തിന് കിഴക്കുഭാഗത്ത് ചെറിയൊരു ഇറക്കത്തിനൊടുവില്‍ ക്ഷേത്രക്കുളം. വടക്കുഭാഗത്ത് ജന്മഗൃഹം. ഇത്രയും ദൂരം താണ്ടി ഭക്ഷണം കഴിച്ച് തിരിച്ച് അധ്യയനത്തിനെത്തുമ്പോഴേക്കും വീണ്ടും വിശക്കും. അക്കാലത്ത് അമേരിക്കന്‍ ഡാല്‍ഡയില്‍ പാകപ്പെടുത്തിയ ഉപ്പുമാവും, ടിന്‍പാല്‍പ്പൊടിപാലും അധികൃതര്‍ ഇടനേരങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കി ആരോഗ്യസംരക്ഷണം ഉറപ്പാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് ഇന്ത്യയോടുള്ള അത്യഗാധസ്‌നേഹത്തിന്റെ പ്രതിഫലനമാണ് ഭക്ഷ്യപദാര്‍ത്ഥവിതരണമെന്ന് രണ്ടാം ക്ലാസ് അധ്യാപികയായ അമ്മ ഇടയ്ക്കിടെ ഓര്‍മ്മിച്ചിരുന്നു. മറ്റ് സഹപാഠികള്‍ക്കൊപ്പം വരി നിന്ന് ഞാനും വളരെ രുചിയോടെ അതെല്ലാം ആഹരിച്ചിരുന്നു.

മുറ്റത്തിന്റെ അതിര്‍ത്തി കണക്കാക്കുന്ന നീളത്തില്‍ നിരത്തിയിട്ട വെട്ടുകല്ലുകളില്‍ ഇരുന്ന് പുറത്തെ മണ്ണിലേക്ക് ചെറിയമ്മയുടെ മകള്‍ പ്രേമം (കമലാക്ഷിയെന്ന് യഥാര്‍ത്ഥ നാമം) ഛര്‍ദ്ദിക്കുകയാണ്. അമ്മാളുക്കുട്ടി ചെറിയമ്മ അവളുടെ പുറംതടവുന്നു. കുടല്‍ കലക്കി മറിച്ചെടുക്കുന്ന അത്തരം ഓക്കാനം ജീവിതത്തിലിന്നുവരെ ഞാന്‍ കണ്ടിട്ടില്ല. പിറകിലേക്ക് കുഴഞ്ഞുവീഴുന്ന അവളെ ചെറിയമ്മയും അമ്മയും താങ്ങിയെടുത്ത് ഉമ്മറത്തെ പായയില്‍ കൊണ്ടുചെന്നു കിടത്തി. അവളുടെ ദൃഷ്ടിമുകളിലേക്ക്! വായയില്‍ നിന്ന് നുരയും പതയും ഒപ്പം ചില അപശബ്ദങ്ങളും അവളില്‍ നിന്നു പൊഴിയുന്നു. അവള്‍ കഴിച്ച കായയുടെ ആകൃതിയും പ്രകൃതിയും ചുറ്റുമുള്ളവര്‍ ഗണിച്ചെടുത്തു. ഒതളങ്ങയെന്ന പേര് കേട്ടതും, കൂട്ടനിലവിളി ഉയര്‍ന്നു.

'അയ്യോ.... ന്റെ മോള്...' ബോധമറ്റ് കിടക്കുന്ന മകളെ കെട്ടിപ്പിടിച്ച് ചെറിയമ്മ ഉറക്കെകരഞ്ഞു. ഒതളങ്ങയ്ക്കകത്തുള്ള പരിപ്പ് കഴിച്ചാല്‍ ഉടനടി മരണം സംഭവിക്കുമത്രെ. അകത്തെ ഉഗ്രവിഷം വമഥുവായി പുറത്തുവന്ന സ്ഥിതിക്ക് ഗുരുതരാവസ്ഥ മറികടന്നെന്ന് ഇളയമ്മയെ ധരിപ്പിച്ചു. പക്ഷേ........ ആരുടെ ആശ്വാസവചനങ്ങളും ചിറ്റയിലേക്ക് ഏശിയില്ല. 'ന്റെ പൊന്നുമോളെ രക്ഷിയ്ക്കാനാരുമില്ലേ'യെന്ന് അവര്‍ വിലപിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന്, അമ്മ എന്നെയും കൂട്ടി നടന്നവഴിയൊക്കെ വീണ്ടും പിന്നിട്ട് ആഴ്ചവട്ടം പാഠശാലയുടെ രണ്ട്മൂന്ന് വീടുകള്‍ക്കപ്പുറം തറയ്ക്കല്‍ അമ്പലത്തിന് സമീപം ജ്യേഷ്ഠന്‍ ഗോപിവൈദ്യരും, അനുജന്‍ സദാനന്ദന്‍ വൈദ്യരും കുടുംബസമേതം താമസിക്കുന്ന കൊട്ടാരസദൃശ്യമായ ബംഗ്ലാവിന് മുറ്റത്തെത്തി. (മുകളിലും താഴെയും അനേകം മുറികള്‍. വലിയ ഹാള്‍ ആയുര്‍വേദ മരുന്ന് തയ്യാറാക്കുന്ന പ്രത്യേക പണിപ്പുര. ഈ കൂറ്റന്‍ ഹര്‍മ്മ്യവും തെങ്ങിന്‍ തോപ്പും വിശാലമായ പരിസരവും പില്ക്കാലത്ത് ഗോഡ്ഫാദര്‍, ഏയ് ഓട്ടോ തുടങ്ങിയ പല ചലച്ചിത്രങ്ങള്‍ക്കും രംഗവേദിയായി).

മാങ്കാവ്, ആഴ്ചവട്ടം, കൊമ്മേരി പ്രദേശങ്ങളിലെ അസുഖബാധിതരായ പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും അഭയവും ആശ്രയവുമായിരുന്നു ആ ആയുര്‍വേദമഠം. ഗോപിവൈദ്യരുടെ ഭാര്യ ബേബി ഏട്ത്തിക്ക് അമ്മടീച്ചറെ കാര്യമായിരുന്നു. ആ വലിയ വീട്ടിലെ ഭക്ഷണശാലയില്‍ വെച്ച് ചില വൈകുന്നേരങ്ങളില്‍ ബേബി ഏട്ത്തി തരുന്ന അവിലും പഴവും പഞ്ചസാരയും കുഴച്ചെടുത്ത് ചെറിയ പന്തുരൂപത്തിലുള്ള പലഹാരവും, ധാരാളം പാലൊഴിച്ച കാപ്പിയുടെയും രുചി ഇപ്പോഴും നാക്കിലുണ്ട്. ഞങ്ങളെ കണ്ട ഉടന്‍ ഇരിപ്പുമുറിയില്‍ നിന്ന് ഗോപിവൈദ്യര്‍ സിമന്റു പടവുകള്‍ ചവിട്ടി താഴെ ഇറങ്ങിവന്നു. മുണ്ടും ബനിയനുമാണ് വേഷം. ഇരുണ്ട നെറ്റിയില്‍ ഭസ്മക്കുറിയുണ്ട്. സാമാന്യം തടിച്ചു കുറുകിയ ദേഹപ്രകൃതി. അമ്മ കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം നല്‍കിയ ഔഷധപൊതിയുമായി ഞങ്ങള്‍ വീട്ടിലേക്ക് കുതിച്ചു. വൈദ്യര്‍ തന്ന ഭസ്മം വെള്ളത്തില്‍ കലക്കി അവളെ കുടിപ്പിച്ചു. പ്രേമം കണ്ണ് തുറന്നു.

അക്കാലത്ത് മുക്കാല്‍, ഒരണ, രണ്ടണ തുടങ്ങിയ നാണയങ്ങളാണ് സര്‍ക്കാര്‍ ഉത്പ്പാദിപ്പിച്ചത്. പിന്നീട്, പത്ത്‌പൈസ, ഇരുപത്തഞ്ച്, അമ്പത്‌പൈസയിലേക്ക് പരിവര്‍ത്തനപ്പെട്ടു. പത്തു ഉറുപ്പികയ്ക്ക് ഒരു ചാക്കരി അമ്മ വാങ്ങാറുണ്ട്. പക്ഷേ.... തൊഴില്‍ രഹിതരായ സഹോദരീസഹോദരങ്ങള്‍ക്കിടയില്‍ അപ്രീതിയും വിഘടനവാദവും ഏറിവന്നു. അമ്പലത്തില്‍ നിന്ന് അപ്പച്ചന്‍ (അമ്മയുടെ രണ്ടാമത്തെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ്. അപ്പുവെന്ന് യഥാര്‍ത്ഥപേര്.) കൊണ്ടുവരുന്ന നിവേദ്യചോറും തുച്ഛവേതനവും കൂട്ടിയിണക്കിയാലും ജീവിത പ്രാരാബ്ധത്തില്‍ മുങ്ങുന്ന നാരായണി വല്യമ്മയും നാല്മക്കളും. നാരായണി അപ്പച്ചിയ്ക്ക് വിദ്യാഭ്യാസം കുറവ്. രണ്ടോ മൂന്നോ ക്ലാസ് വരെ പഠിച്ചു. സ്ഥിരം ആസ്തമരോഗിണി. മെലിഞ്ഞ് ഉണക്കകമ്പുപോലിരിക്കും. തുറിച്ച കണ്ണുകള്‍. ഒറ്റനോട്ടത്തില്‍ ആര്‍ക്കും പേടിതോന്നും. അമ്മ അന്നത്തെ എട്ടാംക്ലാസ് പാസായതുകൊണ്ട് വാധ്യാര് പണി ലഭിച്ചു. അമ്മൂമ്മ തറവാട്ടിലെ സകലകാര്യങ്ങളുടെയും ചുമതല അമ്മയെയാണ് ഏല്പിച്ചിരുന്നത്. നാളികേരം വിറ്റുകിട്ടുന്ന പ്രധാന വരുമാനമാണ് ഉപജീവനമാര്‍ഗം.

ഒരു ദിവസം നാരായണിവല്യമ്മ അടുക്കളയ്ക്ക് തൊട്ടടുത്ത മുറിയില്‍ സൂക്ഷിച്ച വലിയ ഭരണികളും ഉരുളികളും വിശേഷാവസരങ്ങളില്‍ ഉപയോഗിക്കുന്ന പാത്രങ്ങളുമെല്ലാം എടുത്തുമാറ്റി. അവിടെ വൃത്തിയാക്കി 'മേലില്‍ ഞങ്ങള്‍ ഇവിടെ പാചകം നടത്തുമെന്ന്' പ്രഖ്യാപിച്ചു.
മുത്തശ്ശി മകളെ ഉപദേശിച്ചു. മകള്‍, അമ്മയെ വാക്‌യുദ്ധത്തില്‍ തോല്പിച്ചു. അങ്ങനെ അമ്മൂമ്മയുമായി പിണങ്ങി കിഴക്കേമഠത്തിന്റെ കിണറ്റിന്‍കരയില്‍ ഒരു കൊച്ചു വീട് പണിത് സ്ഥിരവാസമുറപ്പിച്ച ശ്രീദേവിചെറിയമ്മയും, ഇടയ്ക്കിടെ ഭ്രാന്തിളകുന്ന മകന്‍ വാസുമ്മാവനും, നാരായണിവല്യമ്മയും മുറ്റത്ത് വില്ക്കാനിട്ട തേങ്ങകളില്‍ നിന്ന് ഇഷ്ടമുള്ളത്ര എടുത്തുതുടങ്ങി.

ഒരു കൂട്ടുകുടുംബത്തിലെ ഉള്‍പിരിവുകളും ഉരുള്‍പൊട്ടലുകളും, അന്തഃഛിദ്രങ്ങളും, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളായി വാളെടുത്ത് പരസ്പരം ചീറിയടുക്കുന്ന കഥാപാത്രങ്ങളെയുമെല്ലാം നേര്‍ക്കുനേര്‍ കാണാന്‍ വിധിക്കപ്പെട്ട് സാക്ഷിക്കൂട്ടില്‍ നില്ക്കുന്നവരായി ഞങ്ങള്‍ കുട്ടികള്‍ മാറുകയാണ്. ഞങ്ങളുടെ കുഞ്ഞുമനസ്സുകളില്‍ പടരുന്ന വേദനയും, അമര്‍ഷവും, പ്രതികാരവും വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളു..........

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാദാസിന്റെ കൊച്ചി ജീവിതകാല ഓര്‍മകള്‍ ആവിഷ്‌കരിച്ച് എം.കെ. ചന്ദ്രശേഖരന്‍ രചിച്ച നോവലാണ് 'നഖക്ഷതമേറ്റ ഓര്‍മ്മകള്‍' 2010 ഒക്‌ടോബര്‍ 11ന് ഈ പംക്തി വായിച്ച അനുവാചകരില്‍ ചിലര്‍ നോവല്‍ നാമമെന്തെന്ന് അന്വേഷിച്ചിരുന്നു.


കുഞ്ഞുനാളില്‍ കണ്ടനുഭവിച്ച, ഓര്‍ക്കുമ്പോള്‍ ഞെട്ടലും ഭീതിയുമുണര്‍ത്തുന്ന ചില കാഴ്ച

നിലാവിൽ ഭൂപടം തീർക്കുന്നു

ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ, കഷ്‌ടനഷ്‌ടങ്ങൾ, വിധിവൈപരീത്യങ്ങൾ ഒരു സമസ്യയായി പിന്തുടരുമ്പോൾ ഈ ജന്മം അമ്മടീച്ചറുടെ വരദാനമാണെന്ന തിരിച്ചറിവ്‌ കണ്ണുകൾ ഈറനണിയിക്കുന്നു. ഒരു നിമിഷം.... വിരൽഞ്ഞൊടിനേരം.... ആശിക്കുന്നു, മോഹിക്കുന്നു. ഒരു നോക്ക്‌ കാണാൻ! മോളേ.... മണീ....“വിളികേൾക്കാൻ! മുത്തശ്ശിയെയും....
മായകാഴ്‌ചകൾക്കപ്പുറത്ത്‌ ഒരിക്കലും സഫലീകരിക്കാത്ത ആഗ്രഹം! ചുട്ടുപഴുത്ത ഇരുമ്പിൽ വീഴുന്ന വെള്ളത്തുള്ളി പോലെ മർത്ത്യജന്മം ക്ഷണഭംഗുരമെന്ന്‌ പാടിയ തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ഛൻ. മനുഷ്യൻ എത്ര നിസ്സാരൻ!

1999 നവംബർ 2 ചൊവ്വാഴ്‌ച 3 മണി സമയം. മുറ്റത്ത്‌ ഇളം വെയിൽ മായുന്നു. ”രാകേന്ദു“വിലെ വടക്കെ മുറിയിൽ എന്റെ മൂത്തമകൾ ദിവ്യയുടെ മടിയിൽ കിടന്ന്‌ അമ്മടീച്ചർ യാത്രാമൊഴി ചൊല്ലുകയാണ്‌. അടഞ്ഞ മിഴികളിൽ കണ്ണീർചാലുകൾ താഴെയ്‌ക്കിറങ്ങി പല വഴി വേർപിരിയുന്നു. അടുത്തിരുന്ന്‌ നെറ്റിതടവുന്ന എന്നിലെ അല്‌പബുദ്ധിക്കാരിക്ക്‌ അമ്മ മരിക്കുകയാണെന്ന്‌ മനസ്സിലായില്ല! വീടിന്റെ പടിഞ്ഞാറുവശം മതിലിനോട്‌ ഓരം ചേർന്നമാവിൽ കമ്പോട്‌ കമ്പ്‌ നിറയെ കണ്ണിമാങ്ങകൾക്കൊപ്പം മൂപ്പെത്തിയതും പൂത്തുലയുന്നു. വടക്കുഭാഗത്ത്‌ വാഴകുലച്ച്‌ പാകമെത്തിയ മുഴുത്ത പഴങ്ങൾ. ”അശുലഭലക്ഷണം, ദുരന്തത്തിന്റെ വരവേല്‌പ്‌‘ - അടുത്തറിയുന്നവർ സൂചിപ്പിച്ചിരുന്നു.

സമാനമായൊരു കാഴ്‌ച 1969 മെയ്‌മാസം ഏതോ ഒരു ചൊവ്വാഴ്‌ച സംഭവിച്ചു. പ്രീഡിഗ്രി രണ്ടാംവർഷ പരീക്ഷക്കാലം. 92 വയസ്സ്‌ കഴിഞ്ഞ മുത്തശ്ശി ഒരാഴ്‌ചയായി കിടപ്പിലാണ്‌. കിഴക്കേമഠത്തിൽ മുകളിലും താഴെയുമായി 6 മുറികൾ. 5 മുറികളിൽ മുത്തശ്ശിയുടെ മക്കളും പേരമക്കളും തിങ്ങിക്കൂടികഴിയുന്നു. താഴത്ത്‌ നടുവിലുള്ള പടിഞ്ഞാറ്റ ദൈവങ്ങൾക്കും പിതൃക്കൾക്കും, പ്രേതാത്‌മാക്കൾക്കും ആസ്‌ഥാനം. മൺമറഞ്ഞവർക്കെല്ലാം ഇളനീരും, കള്ളും തർപ്പണം ചെയ്‌ത്‌, അപ്പവും ചെറുപയറും നൽകി പ്രസാദിപ്പിക്കുന്ന അറ. അവിടെ ആർക്കും പ്രവേശനമില്ല. മുത്തശ്ശിയുടെ സ്‌ഥിരം കിടപ്പ്‌ ഇടനാഴികയിലെ (ചായ്‌പ്‌) ഒരു ചെറിയ കട്ടിലിൽ. “അമ്മയ്‌ക്ക്‌ ഒട്ടും വയ്യ. ഞങ്ങളുടെ മുറിയിൽ കിടക്കട്ടെ” അങ്ങനെ, അമ്മയുടെ നിർബന്ധത്തിന്‌ വഴങ്ങി മുത്തശ്ശിയെ തെക്കേമുറിയിലേക്ക്‌ മാറ്റി. പരീക്ഷകഴിഞ്ഞ്‌ വന്നാലുടൻ കിട്ടിയതെന്തും (ചിലപ്പോൾ കഞ്ഞി) വാരിക്കഴിച്ച്‌ മുത്തശ്ശിയുടെ കാൽചുവട്ടിലിരുന്ന്‌ മണ്ണെണ്ണ വിളക്കിന്റെ ഇരുണ്ട പ്രകാശത്തിൽ പാഠങ്ങൾ വായിച്ചു തീർക്കും. ഏത്‌ ക്ലാസിൽ തോൽക്കുന്നുവോ അന്ന്‌ പഠനത്തിന്‌ പൂർണവിരാമം! അലിവില്ലാത്ത ആ അലിഖിതനിയമത്തിന്റെ നിഴലിലാണ്‌ വിദ്യാഭ്യാസകാലം മുഴുവൻ കഴിച്ചുകൂട്ടിയത്‌..

 കൂട്ടുകുടുംബവ്യവസ്‌ഥയിൽ ഓരോ അംഗത്തിനും ജോലി ഭാഗിച്ചുകൊടുക്കുന്ന സമ്പ്രദായമുണ്ട്‌. മുറ്റമടിക്കുക, പാത്രങ്ങൾ ചാരം തേച്ച്‌ വൃത്തിയാക്കുക, വല്ലപ്പോഴും ഉരലിൽ നെല്ല്‌ കുത്തി അരിയെടുക്കുക, വീടിന്‌ മുകളിലും താഴെയും ചാണകം തേച്ച്‌ മെഴുകുക തുടങ്ങിയ പണികളാണ്‌ എനിക്ക്‌ വിധിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ അടുക്കളപ്പണി അന്നും ഇന്നും ബാലികേറാമലയായി അവശേഷിക്കുന്നു. പാചകത്തിൽ വശമില്ലായ്‌മ ചിലപ്പോൾ വിവാഹമോചനം വരെയുള്ള അതീവ ഗുരുതരാവസ്‌ഥയിലെത്തിച്ചെന്നും വരാം. ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ കാവാലത്തെ ഭർതൃഗൃഹത്തിൽ വെച്ചാണ്‌ വടക്കൻ രീതികളുമായി അജവും ഗജവും തമ്മിൽ വ്യത്യാസമുളള തെക്കൻ ഭക്ഷ്യവിഭവങ്ങളുണ്ടാക്കാൻ ഞാൻ ശീലിച്ചത്‌. അതും മുപ്പതാം വയസ്സിൽ വിവാഹശേഷം! ഏറെ അവശയെങ്കിലും ഈർച്ചപ്പൊടി വിതറിയ പാളയിൽ മുത്തശ്ശി ഇരിയ്‌ക്കും. മറ്റ്‌ സമപ്രായക്കാർ മൂക്കുപൊത്തി അറപ്പോടെ മാറി നില്‌ക്കുമ്പോൾ, ഒട്ടും വിഷമമില്ലാതെ ഞാൻ പാളയെടുത്ത്‌ വടക്കേതൊടിയിലെ ഓവുചാലിൽ കൊണ്ടുപോയി വലിച്ചെറിയും.

അന്നും സന്ധ്യയ്‌ക്ക്‌ പതിവുപോലെ അമ്മൂമ്മയുടെ കാലുകൾ കമ്പിളികൊണ്ട്‌ പുതപ്പിച്ച്‌ ഞാൻ വായന തുടങ്ങി. പെട്ടെന്ന്‌, ഒരനക്കം. മുത്തശ്ശിയ്‌ക്ക്‌ എന്നോട്‌ എന്തോ പറയാനുള്ളതുപോലെ. പുസ്‌തകം മടക്കിവെച്ച്‌ അടുത്തുചെന്നു. നീണ്ടുനിവർന്ന്‌ കിടക്കുന്ന മുത്തശ്ശി വളരെ വിഷമിച്ച്‌ കണ്ണുകൾ തുറന്നു. പതുക്കെ ഉരുവിടുന്ന നേർത്ത വാക്കുകൾ വേർതിരിച്ചെടുക്കാൻ ചെവി മുത്തശ്ശിയുടെ ചുണ്ടുകളോട്‌ അടുപ്പിച്ചുവെച്ചു. “കൈ നിറയെ പണം കിട്ടും. വല്യ ആളാവും. പരീക്ഷയ്‌ക്ക്‌ പോകണം.” കവിളിലെ ചുളിവുകളിൽ മിഴിനീർ തടയുന്നു. നിമിഷങ്ങൾക്കകം അമ്മൂമ്മയുടെ കഴുത്തിൽ ഒരു മുഴ രൂപമെടുത്തത്‌ കണ്ട്‌ ഞാൻ പൊട്ടിക്കരഞ്ഞു. പിന്നീട്‌, നിശയുടെ ഏതോ യാമങ്ങളിൽ, പുലർച്ചെ അമ്മ വിളിച്ചുണർത്തി, വിയോഗം അറിയിച്ചു. പകലപ്പുറത്തിരുന്ന്‌ രാമായണം സ്‌ഫുടമായി പാരായണം ചെയ്യുന്ന മുത്തശ്ശിയുടെ മടിയിൽ കിടന്ന്‌ ഗുണനപട്ടിക മനഃപാഠമാക്കിയിട്ടുണ്ട്‌. “വർഷം നഷ്‌ടപ്പെടും. നീ പരീക്ഷയ്‌ക്ക്‌ പോകണം” അമ്മയുടെ ഉറച്ച വാക്കുകൾ. തളർന്ന്‌, കുഴഞ്ഞ്‌ മറിഞ്ഞ എന്നെ, അച്ഛൻ അതിരാവിലെ സ്‌നേഹിതയുടെ അടുക്കലെത്തിച്ചു. ഒട്ടും ബോധമില്ലാതെ, ചോദ്യങ്ങൾക്ക്‌ ഉത്തരമെഴുതുമ്പോഴും, മനസ്സിൽ അമ്മൂമ്മയുടെ ദീപ്‌തരൂപം മാത്രം.

ഉച്ചയ്‌ക്ക്‌ കിഴക്കേമഠത്തിലെത്തുമ്പോഴെക്കും മുത്തശ്ശിയുടെ ചിത എരിഞ്ഞടങ്ങി, ബന്ധുക്കൾ ശ്‌മശാനത്തിൽ നിന്ന്‌ മടങ്ങിയിരുന്നു. മുത്തശ്ശിയെ കയറിട്ട്‌ വലിച്ചിറക്കികൊണ്ടുപോകാൻ യമൻ പടിവാതില്‌ക്കലെത്തിയിട്ടും അന്ത്യമൊഴി എന്നിലേക്ക്‌ പകരാനായത്‌ കാവിലമ്മയുടെ കടാക്ഷമാകാം. ആ വർഷം പ്രീഡിഗ്രി പാസായി. മുത്തശ്ശി നിത്യേന ജപിക്കുന്ന സ്‌തോത്രത്തിന്റെ കർത്താവ്‌, കൃതി കണ്ടുപിടിക്കാൻ ഏറെ ശ്രമിച്ചു. ചിലർ, ’ജ്ഞാനപ്പാന‘യും “ശ്രികൃഷ്‌ണകർണാമൃത”വും എടുത്ത്‌ പരിശോധിക്കാൻ ഉപദേശിച്ചു. 1972 - 74 വർഷങ്ങളിൽ കോഴിക്കോട്‌ സർവകലാശാലയിൽ എന്നെ മലയാളം പഠിപ്പിച്ച അഭിവന്ദ്യ ഗുരുനാഥനോട്‌ ചോദിച്ചാലോ? ഉടൻ “മലയാളം എം.എ. വരെ പഠിച്ചിട്ടും ഇതറിയില്ലേ” എന്ന മറുചോദ്യം ഗുരുമുഖത്തുനിന്ന്‌ കേൾക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട്‌ സുകുമാർ അഴീക്കോടിനോട്‌ ചോദിച്ചില്ല.

ഏറെ നേരത്തെ തിരച്ചലിനുശേഷം, ഓർമവെച്ചനാൾ തൊട്ട്‌ സംഭരിക്കുന്ന, അമൂല്യനിധിയായി കാത്തുസൂക്ഷിക്കുന്ന പുസ്‌തകശേഖരത്തിൽ അതാ - ഗുരുവായൂർ ശാന്ത ബുക്ക്‌സ്‌റ്റാൾ 2002 മെയ്‌ മാസം പ്രസിദ്ധീകരിച്ച “ശ്രീ ശിവനാമസ്‌തോത്രങ്ങൾ”! കൈവശമുള്ള മിക്കവാറും എല്ലാ ഗ്രന്ഥങ്ങളുമായും നിതാന്തസമ്പർക്കം പുലർത്തുന്ന എനിക്ക്‌ ഇങ്ങനെയൊരു കുഞ്ഞുപുസ്‌തകം ഇതെഴുതുമ്പോൾ കണ്ടെത്തിയത്‌ അദ്‌ഭുതാഹ്ലാദത്തിനിടയാക്കി. കവർപേജിൽ പരമശിവന്റെ തേജോമയചിത്രമൊഴികെ പിഞ്ഞിപഴകിയ ആ ചെറുലിഖിതം ഹൃദയത്തോട്‌ ചേർത്തുവെച്ച്‌, എന്റെ ഓർമയിൽ അമ്മൂമ്മചൊല്ലാറുള്ള “പഞ്ചാക്‌ഷരമാല”യിലെ ചില രത്നകല്ലുകൾ അനുവാചകർക്കായി സമർപ്പിക്കുന്നു.

“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിൽ നിന്നു കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ!
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതിമറന്നുപോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ
വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെയുഴലുമ്പോൾ
വഴിയിൽ നേർവഴിയരുളേണം നാഥ
തിരുവൈക്കം വാഴും ശിവശംഭോ!

അജ്ഞാത നാമാവ്‌ രചിച്ച മഹേശസ്‌തുതിയിലടങ്ങിയ ജീവിത സാരസർവസ്വം ഉരുക്കഴിച്ച്‌ ഉമ്മറത്തും, ചാവടിയിലും, അടുക്കളയിലും എന്തിന്‌ കിഴക്കേമഠത്തിലെ ഓരോ മൺതരിയിലും വ്യാപിക്കുന്ന മുത്തശ്ശിയുടെ അദൃശ്യസാന്നിധ്യം ഞാൻ തൊട്ടറിയുന്നു. എട്ടാം ക്ലാസ്‌ മുതൽ, അന്നന്ന്‌ വീട്ടിലും വിദ്യാലയത്തിലും, ചുറ്റുവട്ടത്തും അരങ്ങേറുന്ന അനുഭവവിവരണം നോട്ട്‌ബുക്കിൽ പകർത്തുക ശീലമായിരുന്നു. അവ ഭാവിയിൽ വിലപ്പെട്ട തെളിവുരേഖകളായി സൂക്ഷിക്കാനുള്ള ഭാഗ്യം എന്നിലെ അതിസാഹസക്കാരിക്ക്‌ നഷ്‌ടമായി. കിഴക്കേമഠത്തിലെ അതിരൂക്ഷപ്രശ്‌നകയങ്ങളിൽ മുങ്ങിത്താഴുമ്പോൾ, ജീവിതം നിയന്ത്രണാതീതമാംവിധം പിടിവിട്ട ശൂന്യതയിൽ, ഏതോ നിമിഷത്തിന്റെ ഉന്‌മാദാവസ്‌ഥയിൽ നോട്ട്‌ പുസ്‌തകങ്ങളെല്ലാം പിച്ചിച്ചീന്തിവലിച്ചെറിഞ്ഞു. മൂന്ന്‌ തലമുറയുടെ നിറപ്പകിട്ടാർന്ന നേർകാഴ്‌ചാസാക്ഷ്യപത്രങ്ങൾക്കൊപ്പം എന്റെ ബാല്യ, കൗമാര, യൗവനത്തിലെ കലർപ്പില്ലാത്ത, അടയാളക്കുറിപ്പുകളാണ്‌ മാഞ്ഞുപോയത്‌. കുറ്റബോധം എന്നെ വേട്ടയാടുന്നു.

2005 ഏപ്രിൽ മാസം എസ്‌.എസ്‌.എൽ.സി. പരീക്ഷാ മൂല്യനിർണയത്തിന്‌ വയനാട്ടിലെ കല്‌പറ്റയിൽ എസ്‌.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പോയത്‌ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യം നിറവേറ്റണമെന്ന അത്യാഗ്രഹത്തിലാണ്‌. ക്യാമ്പ്‌ കഴിഞ്ഞ്‌ മെയ്‌ 12-ന്‌ ചില കൂട്ടുകാരികൾക്കൊപ്പം ബസ്സിൽ തിരുനെല്ലിയിലേക്ക്‌ യാത്ര. വനാന്തർഭാഗങ്ങളിൽ ചാറ്റൽമഴയിൽ വാഹനത്തിന്റെ മുന്നോട്ടുള്ള ഗതി പതുക്കെയായി. വന്യത്തീഷ്‌ണസൗന്ദര്യതികവിൽ ഒട്ടും അഹങ്കരിക്കാത്ത കാഷായവസ്‌ത്രധാരിണിയായ പ്രകൃതിയുടെ നിർമമത്വം, വാഴയിലകൊണ്ട്‌ കുട ചൂടുന്ന ആദിവാസികൾ പൂർവകാലസ്‌മൃതിയിലേക്ക്‌, അനിർവചനീയമായ മനസ്സിന്റെ വേറിട്ട വഴികളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

2005 മെയ്‌ 13-ന്‌ രാവിലെ അമ്മൂമ്മയ്‌ക്കും, അമ്മടീച്ചർക്കും പാപനാശിനിയിൽ (വൃത്താകൃതിയിലുള്ള ഒരു ചെറിയകുഴി) മുട്ടറ്റം ഐസ്‌കോരിയിടും ജലത്തിൽ മുങ്ങിക്കുളിച്ച്‌ ഈറൻ ഉടുതുണിയിലൊതുങ്ങി, മിഴികൾ നിറഞ്ഞു തൂവി തുളുമ്പി, വിറയാർന്ന ചുണ്ടുകൾ ”സമസ്‌താപരാധങ്ങളും പൊറുക്കണമെന്ന അപേക്ഷയുമായി ബലി കർമങ്ങൾ നടത്തി. 1967 മാർച്ചിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ ശേഷമുള്ള മധ്യവേനലവധി കാലത്ത്‌, അക്‌ഷരങ്ങളുടെ അതിശയകരങ്ങളായ തിറയാട്ടങ്ങൾ സംഭാഷണങ്ങളും, വർണനകളും ഇടകലർന്ന്‌ കഥയെഴുത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ തന്നെ വരയില്ലാത്ത പുസ്‌തകങ്ങളിൽ ഇടംതേടി. സമകാലികരായ എഴുത്തുകാരികളെ അപേക്ഷിച്ച്‌ വളരെ കുറച്ച്‌ രചനകൾ (അതും 30 വയസ്സിന്‌ മുൻപ്‌) മാത്രം, കിഴക്കേമഠത്തിലെ രാധയുടേതായിട്ടുണ്ട്‌. George Bernardshaw "Pygamalion" എന്ന സുപ്രസിദ്ധ നാടകത്തിന്റെ മുഖവുരയിൽ "The English have no respect for their language, and will not teach their children to speak it" ഈ സുവർണാക്ഷരങ്ങൾ ഏറ്റവും പ്രിയത തേടുന്നത്‌ ഇന്നത്തെ മലയാളഭാഷയുടെ അവസ്‌ഥാന്തരങ്ങളിലേക്കാണ്‌. ഭാഷയുടെ ശക്തിയും ഓജസ്സും ക്ഷയിക്കുന്നത്‌ കറുത്ത മലയാളത്തിന്റെ (വളച്ചുകെട്ടിയ, വക്രീകരിച്ച) കടന്നാക്രമണമാണെന്ന്‌ വിചാരിക്കുന്നതിൽ തെറ്റില്ല. ശുദ്ധവും ശുഭ്രവുമായ മാതൃഭാഷാ പഠനമാണ്‌ ആവശ്യം.

ക്രിസ്‌തുമസ്‌, ഓണം, വിഷു, പുതുവത്സരം - ആഘോഷങ്ങൾ ആസ്വദിക്കാൻ മടിക്കുന്ന മനസ്സ്‌, വീടിന്റെ അകത്തുനിന്ന്‌ അകലങ്ങളിലേക്കോടി പോകാൻ കൊതിക്കുന്നു.
എഴുത്തുകാർ വിപണനവും (Marketing) പരസ്യവും (Advertisment) സ്വയം ഏറ്റെടുത്ത്‌, ചാനലുകളും വാർത്താമാധ്യമങ്ങളും എഴുന്നള്ളിച്ചാനയിച്ചിട്ടുപോലും സാഹിത്യം വായിക്കാൻ, അനുവാചകരെ കിട്ടുന്നില്ലെന്നത്‌, ഭാഷയുടെ ചരമക്കുറിപ്പെഴുതലാണ്‌. ഒരു സീരിയൽ താരത്തിന്റെ പ്രശസ്‌തിപോലും ഇന്നത്തെ എഴുത്തുകാർക്കില്ല.

ഇളംനിലാവിൽ പൂത്തിരുവാതിര നാളിൽ മക്കൾക്കൊപ്പം ഊഞ്ഞാലാടിയത്‌, കൂവപ്പൊടി കുറുക്കിയെടുത്ത്‌ നാളികേരവും പഞ്ചസാരയുമിട്ട്‌ മധുരഭക്ഷണം, ഓണത്തിന്‌ വിഭവസമൃദ്ധമായ തനി പച്ചക്കറി സദ്യ, വിഷുവിന്‌ സ്വാദിഷ്‌ടമായ ഉണ്ണിയപ്പം എത്ര കഴിച്ചാലും മതിവരാതെ കട്ടെടുത്ത്‌ അമ്മടീച്ചറുമായി പങ്ക്‌വെക്കുന്ന മക്കൾ, ഇളയമകൾക്കൊപ്പം യൂറോപ്യൻ നൃത്തചുവടുകൾ വെച്ച്‌ സന്തോഷിപ്പിച്ചത്‌ വിശേഷദിവസങ്ങളിൽ കോഴിക്കോട്ടെ തിരക്കേറിയ തെരുവിലൂടെ മക്കൾക്കൊപ്പം കൈകോർത്ത്‌ പിടിച്ച്‌ നടന്നത്‌...... ഏകാന്തത, ഭ്രാന്തൻ ചിന്തകളായി വലയപ്പെടുത്തുന്നു. എങ്കിലും..... വായനക്കാർക്ക്‌ നന്മയുടെ, സ്‌നേഹത്തിന്റെ ഓണാശംസകൾ