കോഴിക്കോട് ആഴ്ചവട്ടം വിദ്യാലയത്തില്‍ അഞ്ചാം ക്ലാസിലോ ആറിലോ പഠിക്കുമ്പോള്‍ ഒരു ദിനം വൈകുന്നേരം ഞാന്‍ പുസ്തകസഞ്ചി തൂക്കി ക്ഷീണിതയായി ചെമ്പരത്തി ചെടികളും കൃഷ്ണകിരീടവും അതിരിട്ട വീട്ടുപടിക്കലെത്തി. പള്ളിക്കൂടത്തിന് വടക്ക് വശം വീതികുറഞ്ഞ വഴിയ്ക്ക് നേരെ നടന്നെത്തുന്നത് ശ്മശാനത്തിന് മുന്‍പിലേക്കാണ്. ചുടുകാടിന് എതിര്‍വശം മരപ്പാലം കടന്ന്, തോട്ടിന്‍കര സ്വല്പദൂരം പിന്നിട്ട് ഒതുക്കുകല്ലുകള്‍ ചവുട്ടികയറി, ചെറിയൊരുകയറ്റം കഴിഞ്ഞാല്‍ ശ്രീവളയനാട് ദേവീക്ഷേത്രത്തിന് മുന്‍പിലുള്ള നെടുങ്കന്‍ ആല്‍മരചുവട്ടിലെത്താം. (ഇന്ന്, മാങ്കാവ് ബൈപ്പാസ് റോഡ് വന്നതോടെ ദഹനസ്ഥലത്തേക്ക് പോകാതെ തന്നെ അമ്പലത്തിന് മുന്‍പിലെത്താം.)
ആ പേരാല്‍ വൃക്ഷത്തിന് കിഴക്കുഭാഗത്ത് ചെറിയൊരു ഇറക്കത്തിനൊടുവില്‍ ക്ഷേത്രക്കുളം. വടക്കുഭാഗത്ത് ജന്മഗൃഹം. ഇത്രയും ദൂരം താണ്ടി ഭക്ഷണം കഴിച്ച് തിരിച്ച് അധ്യയനത്തിനെത്തുമ്പോഴേക്കും വീണ്ടും വിശക്കും. അക്കാലത്ത് അമേരിക്കന്‍ ഡാല്‍ഡയില്‍ പാകപ്പെടുത്തിയ ഉപ്പുമാവും, ടിന്‍പാല്‍പ്പൊടിപാലും അധികൃതര്‍ ഇടനേരങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കി ആരോഗ്യസംരക്ഷണം ഉറപ്പാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് ഇന്ത്യയോടുള്ള അത്യഗാധസ്‌നേഹത്തിന്റെ പ്രതിഫലനമാണ് ഭക്ഷ്യപദാര്‍ത്ഥവിതരണമെന്ന് രണ്ടാം ക്ലാസ് അധ്യാപികയായ അമ്മ ഇടയ്ക്കിടെ ഓര്‍മ്മിച്ചിരുന്നു. മറ്റ് സഹപാഠികള്‍ക്കൊപ്പം വരി നിന്ന് ഞാനും വളരെ രുചിയോടെ അതെല്ലാം ആഹരിച്ചിരുന്നു.
മുറ്റത്തിന്റെ അതിര്‍ത്തി കണക്കാക്കുന്ന നീളത്തില്‍ നിരത്തിയിട്ട വെട്ടുകല്ലുകളില്‍ ഇരുന്ന് പുറത്തെ മണ്ണിലേക്ക് ചെറിയമ്മയുടെ മകള്‍ പ്രേമം (കമലാക്ഷിയെന്ന് യഥാര്‍ത്ഥ നാമം) ഛര്‍ദ്ദിക്കുകയാണ്. അമ്മാളുക്കുട്ടി ചെറിയമ്മ അവളുടെ പുറംതടവുന്നു. കുടല്‍ കലക്കി മറിച്ചെടുക്കുന്ന അത്തരം ഓക്കാനം ജീവിതത്തിലിന്നുവരെ ഞാന്‍ കണ്ടിട്ടില്ല. പിറകിലേക്ക് കുഴഞ്ഞുവീഴുന്ന അവളെ ചെറിയമ്മയും അമ്മയും താങ്ങിയെടുത്ത് ഉമ്മറത്തെ പായയില്‍ കൊണ്ടുചെന്നു കിടത്തി. അവളുടെ ദൃഷ്ടിമുകളിലേക്ക്! വായയില്‍ നിന്ന് നുരയും പതയും ഒപ്പം ചില അപശബ്ദങ്ങളും അവളില്‍ നിന്നു പൊഴിയുന്നു. അവള്‍ കഴിച്ച കായയുടെ ആകൃതിയും പ്രകൃതിയും ചുറ്റുമുള്ളവര്‍ ഗണിച്ചെടുത്തു. ഒതളങ്ങയെന്ന പേര് കേട്ടതും, കൂട്ടനിലവിളി ഉയര്‍ന്നു.
'അയ്യോ.... ന്റെ മോള്...' ബോധമറ്റ് കിടക്കുന്ന മകളെ കെട്ടിപ്പിടിച്ച് ചെറിയമ്മ ഉറക്കെകരഞ്ഞു. ഒതളങ്ങയ്ക്കകത്തുള്ള പരിപ്പ് കഴിച്ചാല്‍ ഉടനടി മരണം സംഭവിക്കുമത്രെ. അകത്തെ ഉഗ്രവിഷം വമഥുവായി പുറത്തുവന്ന സ്ഥിതിക്ക് ഗുരുതരാവസ്ഥ മറികടന്നെന്ന് ഇളയമ്മയെ ധരിപ്പിച്ചു. പക്ഷേ........ ആരുടെ ആശ്വാസവചനങ്ങളും ചിറ്റയിലേക്ക് ഏശിയില്ല. 'ന്റെ പൊന്നുമോളെ രക്ഷിയ്ക്കാനാരുമില്ലേ'യെന്ന് അവര്‍ വിലപിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന്, അമ്മ എന്നെയും കൂട്ടി നടന്നവഴിയൊക്കെ വീണ്ടും പിന്നിട്ട് ആഴ്ചവട്ടം പാഠശാലയുടെ രണ്ട്മൂന്ന് വീടുകള്‍ക്കപ്പുറം തറയ്ക്കല്‍ അമ്പലത്തിന് സമീപം ജ്യേഷ്ഠന്‍ ഗോപിവൈദ്യരും, അനുജന്‍ സദാനന്ദന്‍ വൈദ്യരും കുടുംബസമേതം താമസിക്കുന്ന കൊട്ടാരസദൃശ്യമായ ബംഗ്ലാവിന് മുറ്റത്തെത്തി. (മുകളിലും താഴെയും അനേകം മുറികള്‍. വലിയ ഹാള്‍ ആയുര്‍വേദ മരുന്ന് തയ്യാറാക്കുന്ന പ്രത്യേക പണിപ്പുര. ഈ കൂറ്റന്‍ ഹര്‍മ്മ്യവും തെങ്ങിന്‍ തോപ്പും വിശാലമായ പരിസരവും പില്ക്കാലത്ത് ഗോഡ്ഫാദര്‍, ഏയ് ഓട്ടോ തുടങ്ങിയ പല ചലച്ചിത്രങ്ങള്‍ക്കും രംഗവേദിയായി).
മാങ്കാവ്, ആഴ്ചവട്ടം, കൊമ്മേരി പ്രദേശങ്ങളിലെ അസുഖബാധിതരായ പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും അഭയവും ആശ്രയവുമായിരുന്നു ആ ആയുര്‍വേദമഠം. ഗോപിവൈദ്യരുടെ ഭാര്യ ബേബി ഏട്ത്തിക്ക് അമ്മടീച്ചറെ കാര്യമായിരുന്നു. ആ വലിയ വീട്ടിലെ ഭക്ഷണശാലയില്‍ വെച്ച് ചില വൈകുന്നേരങ്ങളില്‍ ബേബി ഏട്ത്തി തരുന്ന അവിലും പഴവും പഞ്ചസാരയും കുഴച്ചെടുത്ത് ചെറിയ പന്തുരൂപത്തിലുള്ള പലഹാരവും, ധാരാളം പാലൊഴിച്ച കാപ്പിയുടെയും രുചി ഇപ്പോഴും നാക്കിലുണ്ട്. ഞങ്ങളെ കണ്ട ഉടന്‍ ഇരിപ്പുമുറിയില്‍ നിന്ന് ഗോപിവൈദ്യര്‍ സിമന്റു പടവുകള്‍ ചവിട്ടി താഴെ ഇറങ്ങിവന്നു. മുണ്ടും ബനിയനുമാണ് വേഷം. ഇരുണ്ട നെറ്റിയില്‍ ഭസ്മക്കുറിയുണ്ട്. സാമാന്യം തടിച്ചു കുറുകിയ ദേഹപ്രകൃതി. അമ്മ കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം നല്‍കിയ ഔഷധപൊതിയുമായി ഞങ്ങള്‍ വീട്ടിലേക്ക് കുതിച്ചു. വൈദ്യര്‍ തന്ന ഭസ്മം വെള്ളത്തില്‍ കലക്കി അവളെ കുടിപ്പിച്ചു. പ്രേമം കണ്ണ് തുറന്നു.
അക്കാലത്ത് മുക്കാല്‍, ഒരണ, രണ്ടണ തുടങ്ങിയ നാണയങ്ങളാണ് സര്‍ക്കാര്‍ ഉത്പ്പാദിപ്പിച്ചത്. പിന്നീട്, പത്ത്‌പൈസ, ഇരുപത്തഞ്ച്, അമ്പത്‌പൈസയിലേക്ക് പരിവര്‍ത്തനപ്പെട്ടു. പത്തു ഉറുപ്പികയ്ക്ക് ഒരു ചാക്കരി അമ്മ വാങ്ങാറുണ്ട്. പക്ഷേ.... തൊഴില്‍ രഹിതരായ സഹോദരീസഹോദരങ്ങള്‍ക്കിടയില്‍ അപ്രീതിയും വിഘടനവാദവും ഏറിവന്നു. അമ്പലത്തില്‍ നിന്ന് അപ്പച്ചന്‍ (അമ്മയുടെ രണ്ടാമത്തെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ്. അപ്പുവെന്ന് യഥാര്‍ത്ഥപേര്.) കൊണ്ടുവരുന്ന നിവേദ്യചോറും തുച്ഛവേതനവും കൂട്ടിയിണക്കിയാലും ജീവിത പ്രാരാബ്ധത്തില്‍ മുങ്ങുന്ന നാരായണി വല്യമ്മയും നാല്മക്കളും. നാരായണി അപ്പച്ചിയ്ക്ക് വിദ്യാഭ്യാസം കുറവ്. രണ്ടോ മൂന്നോ ക്ലാസ് വരെ പഠിച്ചു. സ്ഥിരം ആസ്തമരോഗിണി. മെലിഞ്ഞ് ഉണക്കകമ്പുപോലിരിക്കും. തുറിച്ച കണ്ണുകള്‍. ഒറ്റനോട്ടത്തില്‍ ആര്‍ക്കും പേടിതോന്നും. അമ്മ അന്നത്തെ എട്ടാംക്ലാസ് പാസായതുകൊണ്ട് വാധ്യാര് പണി ലഭിച്ചു. അമ്മൂമ്മ തറവാട്ടിലെ സകലകാര്യങ്ങളുടെയും ചുമതല അമ്മയെയാണ് ഏല്പിച്ചിരുന്നത്. നാളികേരം വിറ്റുകിട്ടുന്ന പ്രധാന വരുമാനമാണ് ഉപജീവനമാര്‍ഗം.
ഒരു ദിവസം നാരായണിവല്യമ്മ അടുക്കളയ്ക്ക് തൊട്ടടുത്ത മുറിയില്‍ സൂക്ഷിച്ച വലിയ ഭരണികളും ഉരുളികളും വിശേഷാവസരങ്ങളില്‍ ഉപയോഗിക്കുന്ന പാത്രങ്ങളുമെല്ലാം എടുത്തുമാറ്റി. അവിടെ വൃത്തിയാക്കി 'മേലില്‍ ഞങ്ങള്‍ ഇവിടെ പാചകം നടത്തുമെന്ന്' പ്രഖ്യാപിച്ചു.
മുത്തശ്ശി മകളെ ഉപദേശിച്ചു. മകള്‍, അമ്മയെ വാക്‌യുദ്ധത്തില്‍ തോല്പിച്ചു. അങ്ങനെ അമ്മൂമ്മയുമായി പിണങ്ങി കിഴക്കേമഠത്തിന്റെ കിണറ്റിന്‍കരയില്‍ ഒരു കൊച്ചു വീട് പണിത് സ്ഥിരവാസമുറപ്പിച്ച ശ്രീദേവിചെറിയമ്മയും, ഇടയ്ക്കിടെ ഭ്രാന്തിളകുന്ന മകന്‍ വാസുമ്മാവനും, നാരായണിവല്യമ്മയും മുറ്റത്ത് വില്ക്കാനിട്ട തേങ്ങകളില്‍ നിന്ന് ഇഷ്ടമുള്ളത്ര എടുത്തുതുടങ്ങി.
ഒരു കൂട്ടുകുടുംബത്തിലെ ഉള്‍പിരിവുകളും ഉരുള്‍പൊട്ടലുകളും, അന്തഃഛിദ്രങ്ങളും, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളായി വാളെടുത്ത് പരസ്പരം ചീറിയടുക്കുന്ന കഥാപാത്രങ്ങളെയുമെല്ലാം നേര്‍ക്കുനേര്‍ കാണാന്‍ വിധിക്കപ്പെട്ട് സാക്ഷിക്കൂട്ടില്‍ നില്ക്കുന്നവരായി ഞങ്ങള്‍ കുട്ടികള്‍ മാറുകയാണ്. ഞങ്ങളുടെ കുഞ്ഞുമനസ്സുകളില്‍ പടരുന്ന വേദനയും, അമര്‍ഷവും, പ്രതികാരവും വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളു..........
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാദാസിന്റെ കൊച്ചി ജീവിതകാല ഓര്‍മകള്‍ ആവിഷ്‌കരിച്ച് എം.കെ. ചന്ദ്രശേഖരന്‍ രചിച്ച നോവലാണ് 'നഖക്ഷതമേറ്റ ഓര്‍മ്മകള്‍' 2010 ഒക്‌ടോബര്‍ 11ന് ഈ പംക്തി വായിച്ച അനുവാചകരില്‍ ചിലര്‍ നോവല്‍ നാമമെന്തെന്ന് അന്വേഷിച്ചിരുന്നു.
കുഞ്ഞുനാളില്‍ കണ്ടനുഭവിച്ച, ഓര്‍ക്കുമ്പോള്‍ ഞെട്ടലും ഭീതിയുമുണര്‍ത്തുന്ന ചില കാഴ്ച
No comments:
Post a Comment