Thanks a lot to Dr.Nirupam Raj for giving this news thread
ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് സ്ഥിരം വിസ: പ്രധാനമന്ത്രി മോദി
ന്യൂയോർക്ക്: ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് (പി.ഐ.ഒ കാർഡ് ) സ്ഥിരം വിസ നൽകുമെന്നും അമേരിക്കൻ വിനോദ സഞ്ചാരികൾക്ക് വിസാ ഓൺ അറൈവൽ ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ഇരുപതിനായിരത്തോളം വരുന്ന അമേരിക്കയിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ പി.ഐ.ഒയും ഒ.സി.ഐ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡും ഏകോപിപിക്കും. പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കും- മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ജനാധിപത്ത്യവും ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവാക്കളുമാണ്. ലോകം ഇന്ത്യയെയാണ് ഉറ്റു നോക്കുന്നത്. അധികം വൈകാതെ ലോകത്തിന് വേണ്ട തൊഴിൽ സേനയെ ഇന്ത്യ നൽകും.
ലോകത്തിന് അദ്ധ്യാപകരെ വേണം. ഇന്ത്യ അദ്ധ്യാപകരെ നൽകും. ഇന്ത്യൻ യുവാക്കളുടെ പ്രതിഭ ലോകം തിരിച്ചറിയും.
അഹമ്മദാബാദിൽ ഒരു കിലോ മീറ്റർ റിക്ഷയിൽ സഞ്ചരിക്കാൻ പത്ത് രൂപ ചെലവാകും. ചൊവ്വയിലേക്ക് നമ്മൾ 65 കോടി കിലോ മീറ്റർ പോയി. ഒരു കിലോ മീറ്ററിന് ഏഴു രൂപയായിരുന്നു ചെലവ്. അതാണ് നമ്മുടെ പ്രതിഭ. നമ്മുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ഒരു ഹോളിവുഡ് സിനിമയുടേതിനെക്കാൾ കുറവാണ്.
ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ലോകം മനസിലാക്കിയിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ ലോകത്തെ ഇന്ത്യ നയിക്കും. ഞാൻ ചെറിയ മനുഷ്യർക്കുവേണ്ടി ചെറിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചെറിയ മനുഷ്യനാണ്. ഞാൻ ടോയ്‌ലറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. അത് പ്രധാനമന്ത്രിയുടെ ജോലിയാണോയെന്ന് എനിക്കറിയില്ല. കുറഞ്ഞ ചെലവിൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും സുലഭമായ മാനവശേഷിക്കും നിങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം.
ഇന്ത്യയിൽ നിർമ്മിക്കുക. നമ്മുടെ യുവാക്കളുടെ കഴിവുകൾ ഇന്ത്യയെ അതിവേഗം മുന്നേട്ട് നയിക്കും. വികസനത്തെ ബഹുജന പ്രസ്‌താനമാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധി പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് എത്തിയത്തിന്രെ ശതാബ്ദി വാർഷികം അടുത്ത വർഷമാണ്. അടുത്ത വർഷം അഹമ്മദാബാദിൽ നടക്കുന്ന പ്രവാസി സമ്മേളനത്തിന് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുകയാണ്.
കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ ഒരു രാഷ്ടീയ നേതാവിനും ഇത്രയും അംഗീകാരം ലഭിച്ചത് താൻ കണ്ടിട്ടില്ലെന്നും നിങ്ങൾ തരുന്ന ഈ സ്നേഹത്തിന് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ഒരു മണിക്കൂറിലേറെ നീണ്ട തന്രെ പ്രസംഗം അവസാനിപ്പിച്ചത്.
മോദിയെ സ്വീകരിക്കാൻ മുപ്പതോളം സെനറ്റ്-കോൺഗ്രസ് അംഗങ്ങളും ചടങ്ങിലേക്ക് എത്തിയിരുന്നു. മോദിയുടെ പ്രസംഗത്തിന് മുൻപായി ഗുജറാത്തി കലാരൂപങ്ങളുടെ അവതരണവും ഫ്യൂഷൻ ഡാൻസും ഗായകരായ കവിതാ കൃഷ്‌ണമൂർത്തിയും എൽ. സുബ്രഹ്മണ്യവും ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായിരുന്നു. വേദിയിൽ സംഗീത പരിപാടി നടക്കുമ്പോൾ ഒരു അമേരിക്കൻ ചിത്രകാരൻ മോദിയുടെ ചിത്രം തത്സമയം വരച്ചു. ഇന്ത്യൻസമയം രാത്രി ഒമ്പതരയോടെ മോദി മാഡിസൺ സ്‌ക്വയറിൽ എത്തി. ഒരു വിദേശ രാഷ്‌ട്രത്തലവന് അമേരിക്കയിൽ നൽകുന്ന ഏറ്റവും വലിയ സ്വീകരണമാണ് സംഘാടകർ മോദിക്ക് നൽകിയത്.മോദിയുടെ പ്രസംഗം തത്സമയം ടൈംസ് സ്‌ക്വയറിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു
No comments:
Post a Comment