Wednesday, 11 June 2014

29 ബിഹാറി കുട്ടികളെ തൃശൂരില്‍ ഉപേക്ഷിച്ചു

mangalam malayalam online newspaper
തൃശൂര്‍: കൃത്യമായ രേഖകളില്ലാതെ ഉപേക്ഷിച്ച നിലയില്‍ ബിഹാര്‍ സ്വദേശികളായ 29 കുട്ടികളെ തൃശൂരില്‍ കണ്ടെത്തി. തൊടുപുഴയിലെ അനാഥാലയത്തില്‍നിന്നു ബിഹാറിലേക്ക്‌ കൊണ്ടുപോയിരുന്ന കുട്ടികളെ ഉപേക്ഷിച്ച്‌ ചുമതലക്കാരന്‍ മുങ്ങിയതായാണെന്ന്‌ അറിയുന്നു. ഇവരെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. 31 പേരടങ്ങുന്ന സംഘമാണിത്‌. ഇതില്‍ രണ്ടുപേര്‍ 18 വയസിനു മുകളിലുള്ളവരാണ്‌. മുതിര്‍ന്നവരെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.
തൊടുപുഴയില്‍ നിന്നു കഴിഞ്ഞദിവസം ഇത്തരത്തില്‍ കുട്ടികളെ നാട്ടിലേക്ക്‌ അയച്ചതായി അനാഥാലയം അധികൃതര്‍ അറിയിച്ചതായി പോലീസ്‌ പറഞ്ഞു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണിത്‌. ഈ ചുമതല ബിഹാറി സ്വദേശി സദാംഹുസൈനെ(21) ഏല്‍പ്പിക്കുകയായിരുന്നു. അനാഥാലയം അധികൃതരില്‍നിന്നു കുട്ടികളെ നാട്ടിലെത്തിക്കാന്‍ പണവും കൈക്കലാക്കി തൊടുപുഴയില്‍നിന്നു സംഘം യാത്ര തിരിച്ചു. എന്നാല്‍, ഇതില്‍ ആര്‍ക്കുംതന്നെ യാത്രാരേഖകളോ മറ്റു തിരിച്ചറിയല്‍ രേഖകളോ ഇല്ല.
സദാംഹുസൈന്റെ ഒപ്പം ഇന്നലെയാണു കുട്ടികളടങ്ങുന്ന സംഘം ഇവിടെയെത്തിയത്‌. പോസ്‌റ്റ്‌ ഓഫീസ്‌ റോഡിലെ ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്‌ജിദില്‍ കുട്ടികളെ നിസ്‌കരിക്കാനിരുത്തിയശേഷം സദാംഹുസൈന്‍ മുങ്ങി. കുട്ടികളെ നാട്ടിലെത്തിക്കാന്‍ അനാഥാലയം അധികൃതര്‍ നല്‍കിയ അരലക്ഷത്തോളം രൂപയുമായാണ്‌ ഇയാള്‍ കടന്നുകളഞ്ഞത്‌. ഉച്ചയ്‌ക്ക്‌ 12 നാണ്‌ ഇവര്‍ പള്ളിയില്‍ എത്തുന്നത്‌. വൈകുന്നേരമായിട്ടും കുട്ടികള്‍ പള്ളിയില്‍ തങ്ങുന്നത്‌ ശ്രദ്ധയില്‍പ്പെട്ട്‌ നിസ്‌കരിക്കാനെത്തിയവരാണു വിവരം പോലീസില്‍ അറിയിച്ചത്‌.
തൃശൂര്‍ ഈസ്‌റ്റ്‌ എസ്‌.ഐ: ലാല്‍കുമാറും ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ഒ. ജോര്‍ജും മെമ്പര്‍ സീന രാജഗോപാലും സ്‌ഥലത്തെത്തി കുട്ടികളെ ഏറ്റെടുത്തു.
രേഖകളുമായി മാതാപിതാക്കള്‍ എത്തുന്നമുറയ്‌ക്കു കുട്ടികളെ വിട്ടുനല്‍കുമെന്നും ബിഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ വേണ്ടനടപടി സ്വീകരിക്കുമെന്നും കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്‌. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.
- See more at: http://www.mangalam.com/print-edition/keralam/193527#sthash.QoKs7T8L.pD88HTN9.dpuf

No comments:

Post a Comment