Saturday, 11 October 2014

1982 September 5

1982 September 5 ഓണാവധിക്കാലത്തായിരുന്നു വിവാഹം.
സ്കൂളില്‍ ഓണപ്പൂട്ടലിന്റെ അവധി.
അതുകൊണ്ട്,സഹപ്രവര്‍ത്ത കരെ ആരെയും വിളിച്ചില്ല.
കല്യാണ നിശ്ചയം കഴിഞ്ഞു പോയപ്പോള്‍,മുതല്‍ ആധിയായിരുന്നു.
ഉള്ളില്‍,ഉമിത്തീപോലെ നീറും വേദന.
ഒറ്റപ്പെടല്‍.
ഒരിക്കലും മനസ്സില്‍ രൂപം പോലും ഇല്ലാത്ത വ്യക്തി, വല്ലാത്ത അസ്വസ്ഥതയായി പുറത്തും,അകത്തും പടര്‍ന്നു .
നാട്ടുകാരോടും,വീട്ടുകാരോടും ദേഷ്യം ജ്വലിച്ചു നിന്നു.
കാരണമുണ്ട്.
പുതിയകാലത്ത് വ്യക്തികള്‍ മദ്യം,മയക്കുമരുന്നിന്‍റെ ഉപയോഗം ഒളിഞ്ഞും തെളിഞ്ഞും ആഘോഷിക്കുന്നു,
ബാറില്‍,ബീവറേജസ് കോര്‍പ്പറേഷന്‍,കല്യാണ തലേന്ന് മുത്തപ്പന് കൊടുക്കല്‍, പിറന്നാള്‍,ജനന-മരണ ചടങ്ങുകള്‍ക്ക് എല്ലാം തന്നെ ഹൈ ടെക്ക് രീതിയില്‍ വില കുറഞ്ഞതും,കൂടിയതുമായ ''മദ്യ സദ്യ''യില്‍ വീര്‍ത്ത് മയങ്ങും നിമിഷങ്ങള്‍.
കവി അയ്യപ്പന്‍,ജോണ്‍ അബ്രഹാം മുതല്‍ എന്തിന് തെരുവ് പുംശ്ചലികള്‍,ആര്‍ഭാടക്കാരികള്‍,വിദ്യാര്‍ത്ഥികള്‍ വരെ സുരപാനത്തില്‍ മദോന്മത്തരായി
ഇതാണ്, ജീവിതത്തിലെ നിറമുള്ള ഉത്സവമെന്ന് തെറ്റിദ്ധരിച്ച്‌ ഞെളിയുമ്പോള്‍,
അവരെയെല്ലാം അകലത്തു നിന്ന് നോക്കിക്കണ്ട് ഞാന്‍ പുഞ്ചിരിക്കുന്നു.
അടുത്ത് നിന്നാല്‍ അസഹ്യ നാറ്റം കൊണ്ട് ,മൂക്കു പൊത്താറുണ്ട്.
ഒരിക്കല്‍,കോഴിക്കോട് മഹാറാണിയില്‍ ,സിനിമാഅവാര്‍ഡുകള്‍ കൊടുക്കുന്ന ഹാളില്‍ ചാനലുകാരും,പത്രക്കാരുമെല്ലാം കുടിച്ച് പൂസ്സായിട്ടാണ് പരിപാടികള്‍ പകര്‍ത്താന്‍ വന്നതെന്ന് മനസ്സിലാക്കിയത്‌.അവിടമാകെ തിങ്ങി നിറഞ്ഞ ഗന്ധമാണ്.
കുഞ്ഞുനാളിലെ മക്കള്‍
''അമ്മയ്ക്ക് പോലീസ് നായ്ക്കളെപ്പോലെ ഏത് മണവും എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നുവെന്ന് ''അംഗീകാരം തന്നതാണ്.
കള്ളുകുടിയന്മാര്‍ക്ക് പലപ്പോഴും സ്ഥലകാല ബോധമില്ല.
പക്ഷേ, 'കിഴക്കേമഠ'ത്തിലെ അച്ഛന്‍,അമ്മാവന്മാര്‍, വല്യച്ഛന്‍,വല്യമ്മ-ചെറിയമ്മയുടെ മക്കള്‍ക്ക്
'ലഹരി ദ്രാവകം ' ഉള്ളില്‍ ചെല്ലുമ്പോള്‍, അമൃതില്‍ ചേര്‍ത്ത കാളകൂടവിഷമോ, വിഭ്രാന്തിയോ ആയി മാറുന്നു.
പലപ്പോഴും ഇവരെല്ലാം കൂടി
തന്നെയായിരുന്നു.
ഉമ്മറത്തെ തൂണുകളില്‍ അടിച്ചും,സന്ധ്യാദീപം തെളിയിക്കുന്ന തൂക്കു വിളക്കിന് നേരെയുള്ള ഉത്തരത്തില്‍ ഇരു കൈകളും കൂട്ടിപ്പിടിച്ച് ആടുകയും,അലറുകയും തനി കാടന്മാരായി മാറുന്നത് കാണുമ്പോള്‍,
സ്മൃതിമാന്‍,ഭ്രാന്തിമാന്‍,സസന്ദേഹം അലങ്കാരമാണ് ഉള്ളില്‍ തോന്നുക.
കൂട്ടുകുടുംബത്തിന്‍റെ ഏറ്റവും നിന്ദ്യവും,ബീഭത്സവുമായ ചൊല്‍ കാഴ്ചകള്‍ കണ്ട് മടുത്ത് മദ്യപരുടെ നിത്യ ശത്രുവായി മാറി.
ഇതൊക്കെ കാരണം,സ്കൂള്‍ പഠനം,കുട്ടികള്‍ക്കെല്ലാം ബാലികേറാമല.
പക്ഷേ..കിട്ടുന്നതെന്തും വായിക്കുകയെന്ന സ്വഭാവം,കുഞ്ഞുന്നാളില്‍ തന്നെയുണ്ട്‌.
പഠിച്ച്,നല്ല മാര്‍ക്ക് വാങ്ങി,തൊഴില്‍ നേടി ,
കല്യാണവും കഴിച്ച്, ഭര്‍ത്താവും,കുഞ്ഞുങ്ങളുമൊത്ത് സ്വസ്ഥ ജീവിതം!
അങ്ങനെ,കിഴക്കേമഠത്തില്‍ നിന്ന് രക്ഷപ്പെടുകയെന്നതായിരുന്നു.ഏക ലക്ഷ്യം
ക്ഷേത്രത്തിന് മുന്പി ലെ പെട്ടിക്കടക്കാരന്‍ നമ്പര്‍ ചെട്ടിയാര്‍ തൊട്ട്, പലവ്യഞ്ജന കടക്കാരന്‍ മൂക്കുമുറിയന്‍ ഗോപാലന്‍, പദ്മനാഭന്‍ വരെയുള്ള കല്ല്യാണം മുടക്കികളുടെ ഘോഷയാത്ര.
അവരുടെ ആരോപണങ്ങളില്‍ സത്യത്തിന്റെ. ദിശാബോധമുണ്ട്.
അവരുടെ അമിട്ടു പൊട്ടിക്കല്‍ എന്തായിരുന്നു?
ആ കൂട്ടുകുടുംബത്തില്പ്പെട്ടവര്‍ കള്ളുകുടിയന്മാര്‍!
കേസുകള്‍ ഒഴിഞ്ഞ നേരമുണ്ടോ?
മണി(വീട്ടിലെ വിളിപ്പേര്) പഠിച്ചവള്‍.എന്ന് കരുതി,
എന്നും ആ വീട്ടില്‍ വന്ന് കയറുന്നവര്‍ക്ക് സ്വസ്ഥത കിട്ടുമോ?
നാട്ടുകാര്‍ക്ക് അവരവരുടെ വീട്ടുകാര്യം നോക്കിയാല്‍ മതി.
''കിഴക്കേമഠത്തിലെ കാര്യങ്ങളില്‍ ഇടപെടരുത് ''
എന്ന് പലവട്ടം രോഷത്തോടെ,തന്റേടത്തോടെ പറയാന്‍ ഒരുങ്ങിയത് ഇപ്പോള്‍ ഉച്ചത്തില്‍ വിളിച്ച് കൂവുന്നു.
മാത്രമോ,കൂട്ടുകാരികളായ അദ്ധ്യാപികമാര്‍,അയല്‍ക്കാര്‍ കൊണ്ട് വന്ന ചില ആലോചനകള്‍,അമ്പലത്തിന് മുന്‍പിലുള്ള ചിലര്‍ 'ആ വീട്ടിലേക്ക് പോകണ്ട'എന്നത് ചെവിയിലെത്തി.
അതില്‍,ഒരുത്തനെ,സ്കൂളില്‍നിന്ന് വരുമ്പോള്‍, അമ്പലത്തിന്‍റെ അരയാല്‍ ചുവട്ടില്‍ വെച്ച് കണ്ടപ്പോള്‍,
പെട്ടിപ്പീടികക്കാര്‍
''കല്യാണം മുടക്കികളായാലും,സംഭവിക്കാനുള്ളത് സംഭവിക്കും.ഇനിയെങ്കിലും,ഇതൊക്കെ നിര്‍ത്തിക്കൂടേ?
കന്യകമാരുടെ ശാപമേറ്റാല്‍,കുടുംബം കലങ്ങും''
എന്ന് പറഞ്ഞു.
ബധിരകര്‍ണ്ണങ്ങള്‍ അതുണ്ടോ കേള്‍ക്കുന്നു?
അവരെല്ലാം,പൂര്‍വാധികം നന്നായി.അതേ കര്‍മം നടത്തി.
അമ്മ പറഞ്ഞു..
മോളെ,നമുക്ക് ഒന്ന് ജോത്സ്യനെ കാണാം.നാളുകള്‍ തമ്മില്‍ ചേരുമോന്ന് നോക്കാം.നിനക്ക് ജാതകമുണ്ട്.പുരുഷജാതകം കിട്ടിയില്ലല്ലോ''

No comments:

Post a Comment