Friday 15 December 2017

നീണ്ടകഥ: അടിമയും വാനമ്പാടിയും കെ.എം. രാധ

നീണ്ടകഥ
അടിമയും വാനമ്പാടിയും
കെ.എം. രാധ
കാർത്തികേയവീരരാജതിരുമനസ്സ് ഞെട്ടി.സിംഹാസനത്തിൽ നിന്ന് ചാടിയെഴുന്നേറ്റു.
"ആരവിടെ?"
കിങ്കരന്മാർ അണി നിരന്നു.
"ശക്തനെ, സന്നിധിയിലെത്തിക്കു"
ചങ്ങലകൾ കൊണ്ട് വരിഞ്ഞ അടിമയുടെ ബലിഷ്ഠമായ ശരീരത്തിൽ അവിടവിടെയുള്ള വടുക്കളിൽ നിന്ന് രക്തം വാർന്നു വീണു കൊണ്ടിരുന്നു.
അവന്റെ വാടിയ മുഖത്ത് തളർച്ചയുണ്ട്. തിളക്കം മായാത്ത കണ്ണുകളിൽ പൗരുഷം കത്തി നിന്നു.
മന്ത്രിസത്തമൻ രഘുവർണ്ണൻ വിളംബരം വായിച്ചു
"രാജരാജശ്രീ തിരുവടി അറിവാൻ, അങ്ങയുടെ ദാസൻ ശക്തൻ ശത്രുക്കൾക്കായി ചാരപ്പണിയിൽ വ്യാപൃതനായെന്ന്,പ്രഥമദൃഷ്‌ട്യാ തെളിഞ്ഞിരിക്കുന്നു.
കഠിനശിക്ഷയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ തിരുവുള്ളം ഉത്തരവിട്ടാലും"
രാജാവിന്റെ ഉഗ്രശാസനയിൽ കൊട്ടാരം നടുങ്ങി.
"നോം കല്പിക്കുന്നു... നാളെ സൂര്യൻ കിഴക്കുദിക്കും മുൻപ്,രാജ്യദ്രോഹിയുടെ ശിരസ്സ് ചേഛ്ദിക്കുക"
പിറ്റേന്ന് പുലർച്ചെ തീവെട്ടിക്കൊള്ളക്കാർ വൻ സന്നാഹങ്ങളുമായി ചിത്രപർണ്ണരാജകൊട്ടാരം വളഞ്ഞു.
കാർത്തികേയവീരരാജനും, അംബിക തമ്പുരാട്ടിയും വധിക്കപ്പെട്ടു.
കാരാഗൃഹം തുറന്നിട്ടു.
തടവുകാർ സ്വതന്ത്രരായി.
അവരോടെല്ലാം,തങ്ങൾക്കൊപ്പം നിലയുറപ്പിച്ചു കൊണ്ട്, സ്വർണ്ണരത്നപവിഴഅറകൾ കൊള്ളയടിക്കാൻ കുട്ടി ചെങ്കുവൻ തസ്കരമേധാവി കൽപ്പിച്ചു.
പള്ളിയറകളും, സ്വപ്നസദൃശമാളികയുടെ വിശാലമായ നിദ്രാലയങ്ങളും
തീപ്പന്തങ്ങളുമായി
കർശന പരിശോധന നടത്തിയിട്ടും തമ്പുരാന്റെ ഏക പുത്രി കൃഷ്ണേന്ദു കൊച്ചു തമ്പുരാട്ടിയെ കണ്ടെത്താനായില്ല.
മുൻ ധാരണയനുസരിച്ച് രഘുവർണ്ണൻ സചിവന് ഭരണം താൽക്കാലികമായി
ഏൽപ്പിച്ച ശേഷം,കുട്ടിചെങ്കുവൻ മലമുകളിലെ ഒളിത്താവളത്തിലേക്ക് പോയി.
നിശയുടെ മറവിൽ കീരാങ്കിരികളും, മണ്ണട്ടകളും,ചിവീടുകളും ചിലയ്ക്കുമ്പോൾ, കരിളുടെ ചിന്നം വിളികളും ,രാക്കുയിലുകളുടെ നീട്ടിക്കുറുക്കിയ കൂജനങ്ങൾക്കിടിയിലൂടെ ശക്തൻ,കൃഷ്ണേന്ദു പൊന്നു തമ്പുരാട്ടിയെ ഇരുകൈകളിലും താങ്ങിയെടുത്ത്, നേർത്ത മഴയുടെ സീൽക്കാരത്തിനെതിരെ ദ്രുതഗതിയിൽ മുന്നോട്ട് നീങ്ങി.
ഘോരവനത്തിലെ ഓരോ ഇടുക്കുവഴികളും, കുറുക്കു പാതകളും അവന്റെ മനസ്സിലെ
ഭൂമിശാസ്ത്രരേഖകളാണ്.
നദിയുടെ ഓരത്ത് മിനുസമുള്ള പാറപ്പുറത്ത് അവൻ കൊച്ചുതമ്പുരാട്ടിയെ കിടത്തി.
അടിമ,വെള്ളത്തിലെ ഓളങ്ങളിൽ തഴുകി കുളിച്ച് ദേഹം തുവർത്തി,കൈക്കുമ്പിളിൽ ജലവുമായി ബോധമറ്റ രാജകുമാരിയുടെ അടുക്കലെത്തി ,അൽപ്പാൽപ്പമായി
നീർത്തുള്ളികൾ നേത്രങ്ങളിൽ പകർന്നു.
ഇല്ല.
ഒരിക്കലും വിചാരിക്കാത്ത,പെട്ടെന്നുണ്ടായ കൊടും ആഘാതത്തിൽ കൊച്ചു റാണി അബോധമനസ്സിൽ നിന്ന് മോചനം നേടിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു.
കുട്ടിചങ്കുവന്റെ ഗൂഢാലോചനയിൽ രാജവംശം നശിപ്പിക്കാൻ സന്നാഹങ്ങളുമായി എത്തുമെന്ന വിവരം കാർത്തികേയ നീന്തിരുവടി സമക്ഷത്തിലെത്തിക്കാൻ
വരുമ്പോൾ,
കാർത്തികേയ അരചന്റെ ഏറ്റവും വിശ്വസ്തൻ രഘുവർണ്ണന്റെ കൂട്ടാളികൾ പിടിച്ചു കൊണ്ടുപോയി കുറ്റം ചാർത്തി തിരുമുമ്പിലെത്തിച്ചു.
അന്തപ്പുര മാളികയിൽ വർണ്ണ വിളക്കുകൾ തല്ലിത്തകർത്ത് കരാളമാം ഇരുട്ടിൽ അലമുറയിട്ട ക്രന്ദനങ്ങൾ,ബന്ധുമിത്രങ്ങളുടെ, ദാസിമാരുടെ ആർത്തനാദങ്ങൾക്കിടയിൽ
പള്ളിയുറക്കത്തിൽ നിന്നെഴുനേറ്റ്, ചില്ലുജാലകം തുറന്ന് യവനികക്കിടയിലൂടെ കത്തുന്ന അരമന തൃക്കണ്ണാൽ പാർത്ത് മോഹാലസ്യപ്പെട്ടു
വീഴുന്നത് കണ്ടപ്പോൾ, സംശയിച്ചില്ല ...
കരിവീട്ടി വാതിൽ ചവുട്ടിപ്പൊളിച്ച് പൊന്നു തമ്പുരാട്ടിയെ കോരിയെടുത്തു.
ഞെട്ടറ്റ റോസാപ്പൂവായി വാടി, കുഴഞ്ഞു വീണ രാജകുമാരിയെ എടുത്ത് ശരവേഗത്തില്‍ ദൂരങ്ങള്‍ പിന്നിടുമ്പോള്‍,......ഒരൊറ്റ ചിന്ത മാത്രം?
അടുത്ത കിരീടാവകാശിയുടെ, ജീവന്‍ രക്ഷിക്കണം.
മാനത്ത്, ഉദിച്ചുയരും,പൂര്‍ണ്ണ ചന്ദ്രന്‍.
ശക്തന്‍,കൊച്ചു റാണിയുടെ പേലവ മേനിയില്‍ വിറയാര്‍ന്ന വിരലുകളാല്‍ തൊട്ടു.
നെറ്റിയില്‍,കവിളില്‍ ,നെഞ്ചില്‍ തലോടി.
അനക്കമില്ല.
വാനമ്പാടിയെ, അടിമ ഇരുമ്പു കൈകളില്‍ നിന്ന് തോളിലെടുത്തിട്ടുകൊണ്ട്, കുതിച്ചു പാഞ്ഞു വരവേ, കത്തിമൂര്‍ച്ച മുള്‍ പടര്‍പ്പുകള്‍,കൃഷ്ണേന്ദുവിന്‍റെ,നിശാവസ്ത്രമാകെ
കീറിപ്പറിച്ചെടുത്ത്, ശരീരത്തില്‍ മുറിവുകളുണ്ടാക്കിയിരുന്നു.
പെട്ടെന്ന്,അവന്‍ കണ്ണടച്ച് ഉള്ളില്‍ മലദൈവങ്ങളെ പ്രാത്ഥനയോടെ പൂജിച്ചു..
അടിമ,കാന്താരത്തിലേക്ക്,ഓടിച്ചെന്ന് നിലാ വെളിച്ചത്തില്‍ പച്ചില മരുന്നുകള്‍ പറിച്ചെടുത്ത് അസ്സലായി ഞെരടി പിഴിഞ്ഞ്,നീരെടുത്ത് മുറിവു വശങ്ങളില്‍ പുരട്ടി.
കൃഷ്ണേന്ദുവിന്‍റെ,മഞ്ഞുറഞ്ഞ ദേഹം,കനത്ത ഇരുതുടകള്‍ക്കു മുകളില്‍ വെച്ച്,കൈവെള്ളകള്‍ നന്നായുരച്ച് ചൂടു പിടിപ്പിച്ച് നെറ്റിയില്‍,കവിളില്‍ ,നെഞ്ചില്‍,മേനിയാകെ പലവട്ടം തടവി.
രാജകുമാരിയുടെ ഇറുകിപ്പിടിച്ച അധരങ്ങള്‍ ബലമായി തുറന്ന്‍ സ്വന്തം ചുണ്ടുകളിലെ ജീവശ്വാസം പകര്‍ന്നു.
ഒരിക്കല്‍ പോലും പെണ്ണിന്‍റെ ഗന്ധമറിഞ്ഞനുഭവിക്കാത്ത അടിമ,പിഴവെന്നറിഞ്ഞു കൊണ്ടു തന്നെ ,മടിയില്‍ കിടക്കുന്ന റാണിയുടെ മെയ്യാകെ ചുടുചുംബനങ്ങളാല്‍ തഴുകി.
അയ്യോ...അരുതരുത്‌..
അവന്‍,തമ്പുരാട്ടിയുടെ ദേഹം വീണ്ടും, പാറയുടെ മിനുത്ത പ്രതലത്തില്‍ കിടത്തി.
അനാഘ്രാത പുഷ്പത്തെ അശുദ്ധമാക്കിയെന്ന വേദനയില്‍,ചെയ്തു പോയ കൊടും തെറ്റില്‍ ഉരുകി,ശക്തന്‍ ,കൃഷ്ണേന്ദു തമ്പുരാട്ടിയുടെ ഹിമക്കട്ട പോല്‍ തണുത്തു മരവിച്ച കാലുകള്‍ ,ശിരസ്സില്‍ ചേര്‍ത്തു വെച്ച് മൌനമായി മാപ്പിരന്നു. ,
വെളിപാട്‌ കിട്ടിയ
പിന്നീട്,ഉള്ളില്‍ അജ്ഞാത അശരീരി കേട്ടതുപോലെ,അവന്‍ ചാടിയെണീറ്റു കൊടും വനനീലിമയിലെത്തി. ആര്‍ത്തലയ്ക്കും ചീവീടുകള്‍, കാട്ടുകടന്നെല്ലുകള്‍,വലിയ വണ്ടുകള്‍,കാട്ടാനകള്‍,പന്നികളെല്ലാം അവനെ അക്രമിച്ചു.
ശക്തന്‍,മാതംഗശാസ്ത്രത്താല്‍ മദയാനകളെ മയക്കി.
പക്ഷെ...ചെറുജീവികള്‍ ശക്തന്റെ ദേഹമാകെ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് മുറിച്ചു.ശരീരമാകെ ചോര പൊടിഞ്ഞെങ്കിലും,കൂസാതെ അവന്‍ മുളകള്‍ വെട്ടിയെടുത്തു.
അവന്റെ ഉള്ളില്‍,കൊച്ചുരാജകുമാരിയ്ക്ക് സുരക്ഷിതതാവളം വേണമെന്ന ചിന്ത മാത്രം!
പനയോലയും മറ്റ് പല തരം വനപാലകരുടെ വരദാനങ്ങള്‍ കൊണ്ടുള്ള വസ്തുക്കളും കൊണ്ട് ദ്രുതഗതിയില്‍ കുടിലു കെട്ടി.
കൃഷ്ണേന്ദുവിന്‍റെ അനക്കമറ്റ ദേഹം ഇരുകൈകളിലും എടുത്ത് അവന്‍, കൂരയിലെത്തി,
അപ്പോള്‍ നിര്‍മ്മിച്ച മരക്കട്ടിലില്‍,പച്ചിലതല്പ്പത്തില്‍ കിടത്തി.
നെറ്റിയില്‍,കവിളില്‍ ,അധരങ്ങളില്‍ ,ദേഹമാകെ കണ്ണീരോടെ തടവി.
ഒന്ന്കണ്ണ് തുറന്നെങ്കിലെന്ന്,ശക്തന്‍ മോഹിച്ചു പോയി.
(തുടരും)
നീണ്ടകഥ (തുടർച്ച)
അടിമയും,വാനമ്പാടിയും
കെ.എം.രാധ
ശക്തൻ മാനസിക വിക്ഷോഭത്തോടെ പുറത്തിറങ്ങി.
പശ്ചാത്താപ വിവശമാം മനസ്സോടെ ആകാശത്തേക്ക് ഇരു കൈകളും ഉയർത്തി, പ്രകൃതിയെ,സർവ ജീവജാലങ്ങളെ, സാക്ഷിയാക്കി പൊട്ടിക്കരഞ്ഞു കൊണ്ട് ക്ഷമായാചനം നടത്തി.
മണ്ണിൽ മുട്ടു കുത്തി നിന്ന്, കൊച്ചു തമ്പുരാട്ടിയുടെ ജീവൻ തിരികെ ലഭിക്കാൻ എന്തു വേണമെന്ന് നെഞ്ചിൽ ഇരു കൈകളും വെച്ച് ,സ്വയം ചോദിച്ചു.
പെട്ടെന്ന്, അവൻ ചുറ്റും കണ്ട അനേകം വൃക്ഷലതാദി
കളിൽ നിന്ന്, ഒരേ ഒരു ചെടിയിൽ നിന്ന് അതിസൗരഭ്യമുള്ള മുല്ലപ്പൂക്കൾ
ഇറുത്തെടുത്തു.
മധുമാസ നിലാവിൽ, ശക്തൻ മുല്ലപ്പൂമാല കെട്ടി, സാവധാനം ചെന്ന് കൃഷ്ണേന്ദു രാജകുമാരിയുടെ ഇരുകാലുകളിലും, പാദസരമായി ചാർത്തി.കാലുകൾ തടവി.
അവൻ,കണ്ണീർ കൊണ്ട് തമ്പുരാട്ടിയുടെ തൃപ്പാദങ്ങൾ കഴുകി.
ഓർത്തു.
ശത്രുക്കൾ ഏത് മാത്രയിലും വരാം. കൊച്ചു റാണിയെ
ബന്ധിക്കാം.
എത്രയും വേഗം, ഏറുമാടമുണ്ടാക്കി,ഈ വാനമ്പാടിയെ മാറ്റണം.
താഴെ കാവൽ നിൽക്കണം. 
അവൻ,നേരത്തെ ശേഖരിച്ചു വെച്ച
ഉണക്കക്കമ്പുകൾ കൂട്ടിവെച്ചു.കരിങ്കല്ലുകൾ ഉരസി തീയുണ്ടാക്കി.
രാജകുമാരിയുടെ ശയനത്തിന് കുറച്ചപ്പുറത്ത്, കനം കുറഞ്ഞ മരക്കൊള്ളികൾ കത്തിച്ച് ചൂടുണ്ടാക്കി,തണുപ്പകറ്റി.
വീണ്ടും ശക്തൻ, കൃഷ്ണേന്ദുവിന്റെ കാൽക്കീഴിൽ, താഴെ,
പനയോലയിൽ ഇരുന്നു.
അവൻ,തത്ത ചുണ്ടു പോൽ ചുവന്ന, മാന്തളിർ പോൽ മിനുസമുള്ള കാലുകളിൽ അനേകവട്ടം അധരങ്ങൾ ചേർത്തു വെച്ചു. 
പിഴവ് പൊറുക്കാൻ, ഉള്ളാലെ കേണു.
യക്ഷ, കിന്നരന്മാർ സൂത്രശാലികൾ കാട്ടാളന്മാർ,
മത്സ്യ കന്യകമാർ, യക്ഷികൾ വിഹരിക്കും വിപിനമെന്ന് ശക്തന്റെ പിതാമഹന്മാർ ചൊല്ലി വെച്ച കഥകൾ അവൻ ഓർത്തു.
ഒരു കാരണവശാലും,അത്തരം വിഭ്രമങ്ങൾക്ക് പിന്നാലെ പോകരുതെന്നും,
അതൊക്കെ സങ്കൽപ്പങ്ങളിൽ കോർത്തിട്ടതെന്നും ശക്തന്റെ പിതാവ് നിമിത്തകേസരി!
നിമിത്തകേസരി അജയ്യൻ!
വീണ്ടും ബാല്യകാല നിനവുകളിലേക്ക് ശക്തൻ മുങ്ങാൻകൂളിയിട്ടു.
അനാഥ ജന്മം. ഏകമകൻ.
പ്രസവത്തിൽ ജീവനെടുത്തു പോയ അമ്മ. നിമിത്ത കേസരിയുടെ കർക്കശ മേൽനോട്ടം, ശിക്ഷണത്തിൽ വളർന്നു.
വനവാസികളായ,ആൺ, പെണ്ണുങ്ങൾക്കിടയിൽ നിന്ന് അകലം പാലിച്ച ജീവിതം !
ശക്തനെ പലപ്പോഴും ഏകാന്തത അലട്ടാറുണ്ട്.
കൂട്ടുകാരില്ല.
സ്‌നേഹിക്കാനും,പരിപാലിക്കാനും, വിഷമങ്ങൾ പങ്കിടാനും ആരുമില്ല.
കുഞ്ഞു നാളിൽ ഒറ്റയ്ക്കിരുന്ന് അവൻ കരയാറുണ്ട്.
നിമിത്തകേസരി അടവിയിൽ പല ജോലികൾക്കും പോയി വരുമ്പോഴെയ്ക്കും, ചാമയരി, മുളയരി,കാട്ടു ഫലങ്ങൾ കൊണ്ട് വിറകടുപ്പിൽ ഭക്ഷണം പാകപ്പെടുത്തുക.
വാസസ്ഥാനവും,പരിസരങ്ങളും വൃത്തിയാക്കുക. കാട്ടു ചോലയിൽ നിന്ന് തെളിനീർ
ശേഖരിക്കുക.
ശക്തനറിയാം.
പുരുഷൻ, ഒരിക്കലും കരയരുത്.
വനപാലകരാരും അവന്റെ അടുക്കൽ പോകരുത്, സഹായങ്ങൾ നൽകരുതെന്ന്,
എല്ലാം അവൻ സ്വയം ശീലിക്കട്ടെ യെന്ന് നിമിത്തകേസരി!
അതുകൊണ്ടു തന്നെ, കുഞ്ഞുന്നാൾ തൊട്ട് ചുറ്റും സംഭവിക്കുന്നത് കേട്ടും, കണ്ടും പിതാവിൽ നിന്നുമാത്രം അറിഞ്ഞ വസ്തുതകൾക്ക് സംശയ നിവാരണം വരുത്തിയും അവൻ വളർന്നു .
നിമിത്ത കേസരി വനാന്തരങ്ങളിൽ അതിർത്തികളുടെ കാവൽ പരിശോധനയ്ക്ക് പോകവെ, ഓർമ്മിപ്പിക്കാറുണ്ട്?
നിനക്കായ് അകലങ്ങളിൽ നിന്ന് പറന്നെത്തും, അപ്സരസ്സുകളെ,
സൗന്ദര്യം നിറച്ച് മധു പാത്രവുമായി വരുന്ന പൂവണ്ടുകളെ എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും, അടുപ്പിക്കരുത്.
പൗരുഷ ഗാംഭീര്യമുള്ള ശക്തനെ പ്രണയിക്കുന്നു, ഒപ്പം വരുമോ, ഇവിടം വിട്ടു പോകാമെന്ന് കാട്ടുതത്ത താമര ഇലയിൽ എഴുതിക്കൊണ്ടു വന്ന സന്ദേശം,വായിച്ച് അവൻ പരിഭ്രാന്തനായി.
നിമിത്ത കേസരി അറിഞ്ഞാൽ, ഉടലിൽ ശിരസ്സുണ്ടാവില്ലെന്നറിയാം.
ഒളിച്ചു ശീലിക്കുന്ന പ്രണയം അതിമധുരമെന്ന് ശക്തൻ,പുരാണ ഗ്രന്ഥങ്ങളിൽ നിന്ന് കേട്ടറിഞ്ഞിട്ടുണ്ട്.
വീണ്ടും, വീണ്ടും തത്ത,പ്രാവ്, കുയിൽ വഴി പ്രേമ കഥകൾ എത്തുമ്പോൾ, ജിജ്ഞാസ കൊണ്ട്, ഉറവിടം കണ്ടെത്താൻ മോഹിച്ചു.
ഒരു ദിനം അവൻ കത്തുമായി എത്തിയ കോകിലത്തെ ചെടിയുടെ മൃദു നാരിൽ ബന്ധിച്ചു.
ഉയരത്തിൽ ഒരു ഏറുമാടമുണ്ടാക്കി,കുയിലമൊത്ത് അവിടെ കാവലിരുന്നു.
ആരാണ്, ശക്തനെ മോഹവളയത്തിൽ,ഭ്രമാത്മക വലയത്തിൽ
ഒപ്പം എന്നന്നേക്കും ഒരുമിക്കാൻ തയാറുള്ള വന കന്യക? അവളുടെ രൂപ ഭാവങ്ങൾ!?
അവന്‍ ഓര്‍മ്മയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
നീ,എന്റേത്,എന്റേത് മാത്രം!
നാം,ഇരുവരും,കാകവല്ലിയിൽ പടർന്ന്,താരകശോഭ ആവാഹിച്ച്,മോഹപ്പൊൻ ചരടിൽ മന്ത്രപൂജിതമാം,രക്ഷാകവചമണിയേണ്ടവർ!
നിലാവ് പിണങ്ങുമ്പോൾ,നീ അകലുന്നുവോ?വള്ളിക്കുടിലിൽ,ഏകാന്തപഥികനായ്,
വേപഥു പൂണ്ടിരിക്കും നേരം,കാട്ടുചമ്പകമാലയുമായ്
എന്നരികിൽ?
അങ്ങനെയൊക്കെ, ചില കവിതാശകലങ്ങൾ അവനിൽ ആവേശിച്ചു.
കൃഷണേന്ദു രാജകുമാരിയെ കാണും മുൻപ് അവൻ ഇരട്ട സുന്ദരികളെ അനേകം കാത മപ്പുറത്ത് കണ്ടത് ഓർത്തു.
മുൻപ്‌ നിഷാദന്മാർ പിടിച്ചുകൊണ്ടു പോയ കാര്യം അവനിലെത്തി.
ഉടൽ,കഴുത്തറ്റം മയൂരം!വദനം, അതിസുന്ദരം!ഇവൾ,മനുഷ്യ കന്യകയോ?ദേവലോക അപ്സരസ്സോ? 
ശക്തൻ അടിമ,ഏറുമാടത്തിൽ നിന്ന് അകല കാഴ്ചകളിലേക്ക്!കാണാമറയത്ത്, തെളിയാ രൂപമോ?എന്തായാലും, ആരെന്നറിയണം. അവൻ, മുള കൊണ്ട് കുഴലുണ്ടാക്കി ,വൃത്താകാര അറ്റത്ത് നേർത്ത ചില്ലു ഘടിപ്പിച്ചു.
വീണ്ടും ഏറുമാടത്തിൽ നിന്ന് സൂക്ഷ്‌മദർശിനിയിലൂടെ നോക്കി.മയിലിനപ്പുറം, ഇപ്പുറമായി രണ്ട്‌ വനകന്യകമാർ.ഒരേ മുഖം. ദേഹം, കൊന്നപ്പൂ പോലെ. പെട്ടെന്ന്, നാലഞ്ച് കാട്ടാളന്മാർ ഇരുവരെയും പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നതും,രക്ഷിക്കണമെന്ന നിലവിളികളും അവ്യക്തമായി കേൾക്കുന്നത് പോലെ തോന്നി.
എന്തായാലും,വാസസ്ഥാനത്ത് നിര്‍മ്മിച്ചതിനെക്കാള്‍,വലുപ്പമുള്ള ഏറുമാടം ഉണ്ടാക്കണം....രാജകുമാരിയ്ക്ക് സുരക്ഷിതതാവളം!

No comments:

Post a Comment