Friday 15 December 2017

കഥ: സ്വപ്നങ്ങള്‍,മാത്രം കെ.എം.രാധ

കഥ
സ്വപ്നങ്ങള്‍,മാത്രം
കെ.എം.രാധ
സ്വപ്നപ്രിയ,കൌതുകത്തോടെ കേള്‍വിക്കാരിയാവുകയാണ്.
'പണം സൂക്ഷിച്ചു വെയ്ക്ക്.എന്റെ കഥകള്‍, പുസ്തകമായി വരണം
സ്വപ്നപ്രിയയാണ്,പബ്ലീഷര്‍.
അതിന്,പണം വേണം.വില്‍ക്കാന്‍ ഞാന്‍ തന്നെ വിപണി കണ്ടെത്തും.നല്ല കഥകള്‍ വായിക്കാന്‍ ആളുണ്ടാവും.
മാസം 15000 rs സൂക്ഷിക്കാനാവുമെന്ന് ഒരിക്കല്‍ പറഞ്ഞല്ലോ.ബുക്ക്‌ വരട്ടെ.നോവലും.
പണം, മടക്കിത്തരും
എന്നിട്ടു,നമുക്ക് രണ്ടു പേര്‍ക്കും കൂടി ഇഷ്ടമുള്ള സ്ഥലങ്ങള്‍ കാണാന്‍ പോകാം.''
അപ്പോഴും,സ്വപ്നപ്രിയ,നിശ്ശബ്ദതയുടെ,
കാവലാളായി.
സ്വപ്നപ്രിയയുടെ,അവഗണന ഗംഗയെ അവശയാക്കി.
'പൊതുവേ ഇടനിലക്കാരെ ഇഷ്ടമല്ല.
നേരിട്ട് കാര്യങ്ങള്‍ പറയുക.
ഒരു വഴിയുമില്ലെങ്കില്‍ മാത്രമേ, മൂന്നാമതൊരാളെ ആശ്രയിക്കു.''
വീണ്ടും,
സ്വപ്നപ്രിയ, മൌനത്തിന് അനേകം അര്‍ത്ഥങ്ങള്‍ പോലെ,ഗംഗയെ നോക്കി,നടന്നകന്നു.
'അവഗണന,ഇടനില'...
ആ രണ്ട് വാക്കുകള്‍ ഗംഗയെ വെറുപ്പിന്റെ,കോപത്തിന്റെ മുള്‍മുനയില്‍ കോര്‍ത്തിട്ടു.
ചില ഗൃഹസ്ഥരുടെ ഉദാസീനത കാരണം,
വീട്ടിലെ അത്യാവശ്യങ്ങള്‍ പറയുമ്പോള്‍,കേട്ടില്ലെന്ന്‍ നടിക്കുന്ന,കാര്യങ്ങള്‍ നിസ്സാരമായി കാണുന്ന,മക്കളോ,സഹോദരങ്ങളോ,
അമ്മായിഅമ്മയോ വഴി മാത്രം ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന എത്രയോ വീട്ടമ്മമാര്‍ മുന്നിലുണ്ട്.
ഗംഗയുടെ കെട്ടിയവനും ,അക്കൂട്ടത്തിലെങ്കിലും അതംഗീകരിക്കാന്‍ പാകത്തിലുള്ള മനസ്സ് അവള്‍ക്കില്ലായിരുന്നു.
ഗംഗ,മൂന്നോ നാലോ വട്ടം പറയും.
പിന്നെ,മിണ്ടാന്‍ പോകില്ല.
അങ്ങനെ ,
ഉപ്പില്ലാക്കറി,പഞ്ചസാരയില്ലാ ചായ ഉള്ളില്‍ ചെല്ലുന്നതോടെ,അയാള്‍ക്ക്‌ ബോധോദയം വരാറുണ്ട്.
ഗംഗ,വാമദേവനോട്‌, കീ ചെയ്നില്‍ നിന്ന് ഒരു താക്കോലെടുത്തു തരാന്‍,ആവശ്യപ്പെട്ടു.
വീട്ടുകാരന് ഫോണ്‍ സംസാരം ഒഴിഞ്ഞിട്ട് നേരമില്ല.
സഹോദരങ്ങള്‍,മരുമക്കള്‍ അങ്ങനെ ദിവസത്തില്‍ മുക്കാല്‍ പങ്കും,അവരുമായിട്ടുള്ള വീട്ടു,നാട്ടു കാര്യങ്ങളുടെ വിവരണം മാത്രം!
സഹോദരിയുടെ അസുഖവിവരം ഫോണില്‍ മറ്റു ബന്ധു മിത്രങ്ങള്‍ക്ക്പകരുന്നതിനിടയിലായിരുന്നു,
ഗംഗ മുറിയിലെത്തിയത്.
അവള്‍ കാര്യം പറഞ്ഞു.
അയാള്‍,ദേഷ്യത്തോടെ ഫോണ്‍ വിളിക്കുന്നത്‌ കണ്ടില്ലേ,എന്ന്.!
ഈ മനുഷ്യന്
കാര്യങ്ങൾ എത്ര നന്നായി കൈകാര്യപ്പെടുത്താം!
നീ അവിടെ വെച്ചിട്ട് പോകു.
എന്തെങ്കിലും ജോലിയുണ്ടെങ്കിൽ, അത് തീർത്തിട്ട് വരുമ്പോഴേക്കും,താക്കോൽ എടുത്തു വെയ്ക്കാം എന്ന സൂചന തരുന്നതോടെ, ആവശ്യക്കാരിക്ക് തൃപ്തിയാകും.
അവൾക്ക് ഈയിടെയായി മറവി കൂടുതലാണ്.
വാമദേവൻ,പുറത്ത് പോകുന്നതും വരുന്നതും അവൾ കാണാറില്ല
കടയിൽ പോകുമ്പോൾ,പറയുക എന്നത് പ്രായോഗികമല്ല.
എങ്കിൽ പിന്നെ,ഒരു കടലാസ്സിൽ അവശ്യ വസ്തുക്കളുടെ പേരുകൾ എഴുതി വെക്കാമെന്നായി ,ഗംഗ.
വേണ്ടെന്ന്, വാമദേവൻ.
ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞു.
ഇനി,
അവിടെ കാത്തു നിന്നിട്ട് കാര്യമില്ല.
അയാളുടെ നായര്‍ മാടമ്പി സ്വഭാവം ,ഗംഗയെ കലിയുടെ,ഭ്രാന്തിന്‍റെ വക്കിലെത്തിച്ചു..
ആൺ വർഗ്ഗത്തോട് വെറുപ്പും, വൈരാഗ്യവും, പകയും വേരൂന്നിയത്,തറവാട്ടിലെ നേർ കാഴ്ചകളാണ്.
അച്ഛൻ, അമ്മാവന്മാർ,അമ്മ
യുടെ ജ്യേഷ്ഠത്തി-അനിയത്തിയുടെ മക്കൾ.
അമ്പല കഴകപ്പണി കഴിഞ്ഞു വന്ന് ഉള്ളിലെ കള്ളിൽ സമനില തെറ്റി,
ഉമ്മറത്തെ തൂണിൽ അടിച്ചിടിച്ച് പോർ വിളിക്കുന്നവർ.
ഗംഗ,അടുക്കളയില്‍ ചെന്ന്‍ കറിക്കത്തിയെടുത്ത് കീചെയിനില്‍ നിന്ന്,
താക്കോല്‍ വേര്‍പെടുത്താന്‍ നോക്കി .കത്തിയുടെ അറ്റം തട്ടി കൈവിരല്‍ മുറിഞ്ഞു.
ചോര നിന്നില്ല.
പ്ലാസ്റ്റര്‍,പരുത്ത തുണി തപ്പി.കണ്ടില്ല.
ഒരു ഗ്ലാസ് വെള്ളം കുടിച്ചു.
ഒടുവില്‍,
ഗ്യാസ് അടുപ്പിനടുത്ത് കൈ തുടയ്ക്കാന്‍ വെച്ച തുണി വലിച്ചു കീറി മുറിവ് കെട്ടി.
കുറച്ചു നേരം കഴിഞ്ഞ് വീണ്ടും അവള്‍, അയാളുടെ അടുത്തെത്തി
കടയില്‍ നിന്ന് ആയുര്‍വേദമരുന്ന് വാങ്ങണം.
അപ്പോള്‍,
അയാള്‍,ആശുപത്രിയില്‍ കിടക്കുന്ന ചേച്ചിയുടെ ആരോഗ്യസ്ഥിതി മറ്റു സ്വന്തബന്ധ
ങ്ങള്‍ക്ക് വിതരണപ്പെടുത്തുന്ന തിരക്കിലായിരുന്നു.
കാര്യം,പറഞ്ഞു.
വാമദേവൻ, കണ്ണുരുട്ടി കോപം വെളിപ്പെടുത്തി.
വിവാഹിതരായ രണ്ടു പെണ്മക്കളും,അവരുടെ ഭര്‍ത്താക്കന്മാരും,കുഞ്ഞുങ്ങളുമൊക്കെയുള്ള സഹോദരിയ്ക്ക് വേണ്ടി .ഈ മനുഷ്യന്‍,എന്തിനിങ്ങനെ തിളയ്ക്കണം? സഹോദരസ്നേഹം,വേണം.
കൂടിയാല്‍ കുഴപ്പമാണ് .
അയാള്‍,പലപ്പോഴായി,വീട്ടാവശ്യങ്ങള്‍ക്കും,
അല്ലാതെയും പുറത്ത് പോകുമ്പോള്‍, വാത രോഗിയായ അവള്‍ സ്വന്തം ആരോഗ്യക്കാര്യം എടുത്തിടും.
മഹാമാഷാദി കുഴമ്പ്, മഹാരാജപ്രസാരിണി ഗുളികകൾ വേണം.
അതൊന്നും,വാമദേവന് പ്രശ്നമേയല്ല.
അയാളുടെ തലയില്‍ എന്നേ കയറിക്കൂടിയ 'ആണ്‍ ആധിപത്യം'തുലയട്ടെ.
വെറുതെയല്ല,
സാധാരണ പെണ്ണുങ്ങൾ മക്കളെ ഉപേക്ഷിച്ചു കൊണ്ട്,കണ്ടവരുടെയൊക്കെ കൂടെ ഇറങ്ങിത്തിരിച്ച് അപകടത്തിൽ പെടുന്നത്!
ഗംഗ, കഴിഞ്ഞ നാലു മാസമായി ജന്മനാട്ടിൽ നിന്ന്
ഒരിക്കലും ,നിദ്രയിൽ പോലും ഇഷ്ടപ്പെടാത്ത, പുതുനഗരത്തിലെത്തിയിട്ട്!
അവളുടെ മൂത്തമകൾ മൈത്രേയിയ്ക്ക് തുടർ പഠനം, ജോലി സാധ്യതയ്ക്ക് വേണ്ടി മാത്രമാണ്
പ്രവാസം!
ഈ പട്ടണത്തില്‍ ഗംഗയ്ക്ക് അറിയാവുന്ന എത്രയോ നല്ല സൌഹൃദങ്ങളുണ്ട്.
ഒപ്പം,വാമദേവന്‍റെ ,പെങ്ങന്മാരും,മരുമക്കളും.
എന്നും,
അവരില്‍ തുടങ്ങി മുറുകിപ്പൊട്ടും അന്തരീക്ഷം,ഭവനത്തില്‍ ഇടിമുഴക്കങ്ങളുണ്ടാക്കുന്നത്,
തടയാനാണ് അവള്‍ ഇവിടം വേണ്ടെന്നു വെച്ചത്.
വിധിയുടെ വികൃതിയാകാം,ഇങ്ങനെയൊക്കെ വന്നു പെട്ടത്!
നീണ്ട 35 വർഷങ്ങൾ,
മക്കൾക്ക് വേണ്ടി മാത്രമാണ്, ഗംഗ, വാമദേവൻ
കലിയനൊപ്പം ഇണക്ക,പിണക്ക,ബഹളങ്ങളോടെ
കഴിഞ്ഞത്.
കുഞ്ഞു നാളിലെ സ്വതന്ത്രചിന്തകൾ
അവള്‍ക്ക് സമ്മാനിച്ചത്, കൈനോട്ടം,പക്ഷിശാസ്ത്രം,ജ്യോതിശാസ്ത്രത്തിലുള്ള വിശ്വാസമില്ലായ്മ!
കല്യാണത്തലേന്ന് ,അവൾ അമ്മയുടെ നിർബന്ധം കൊണ്ട് ,പ്രശസ്ത ജ്യോതിഷ പണ്ഡിതനെ കാണാൻ പോയി.
ഒരിക്കൽ പോലും, ഒപ്പമുള്ള
വധുവിന്റെ ഭാവി അറിയാനാണ് വന്നതെന്ന്
പറയരുതെന്ന് മുൻകൂട്ടി നിർദ്ദേശിച്ചിരുന്നു.
അവർക്ക് മുൻപിൽ കുളിച്ചു ,കുറിയിട്ട് ഐശ്വര്യം തുടിയ്ക്കും വ്യക്തി കണ്ണടച്ച് കൈകൂപ്പി നിശ്ശ്ബ്ദ പ്രാർത്ഥനയ്ക്കു ശേഷം,കവടി നിരത്തി.
അമ്മ
,'പുരുഷന് ജാതകമില്ല, വെള്ളപ്പൊക്കം വന്നപ്പോൾ ഒലിച്ചു പോയി.കടലാസ്സിൽ എഴുതി കൊണ്ടു വന്ന
നാളും ജനന തീയതിയും മുൻപിൽ വെച്ചു.
'പെൺ ജാതകവുമായി കൂട്ടിക്കെട്ടരുത്. മദ്ധ്യമരഞ്‌ജു ദോഷമുണ്ട്.
സ്ത്രീലഗ്നം രൂപവതി.ത്യാജ്യഗ്രാഹ്യശേഷിയു ള്ളവൾ,ഭാഗ്യവതി. വിദുഷി.
പക്ഷേ,
അവസാന മംഗല്യ യോഗമാണ്.
22,24,26,28,30,32..ഇത്രയും വയസ്സിനിടയ്ക്ക് മാത്രമേ, പരിണയഭാഗ്യമുള്ളു.
ചുണ്ടെലിയുടെ സ്വഭാവമാണ്, പുരുഷന്.
അക്ഷമൻ,അരസികൻ,
എടുത്തു ചാട്ടക്കാരൻ,കോപിഷ്ഠൻ,താൻ എന്ത് പറയുന്നുവോ അത് ശരിയെന്ന് ശഠിക്കുന്നവൻ.
ഗംഗ, അദ്‌ഭുതപ്പെട്ടു.
ഒരു വ്യക്തിയുടെ ദേഹ പ്രകൃതി പോലും കണ്ടുപിടിക്കാൻ ജ്യോതിഷത്തിന് കഴിയുമോ?
ജ്യോത്സ്യ വചനങ്ങൾ കേട്ടതോടെ
തായ് മനം പൊള്ളിയെന്ന്,മുഖത്ത് ഞൊടിയിടെ
വന്നെത്തിയ ഭാവപ്പകർച്ചയെന്ന് ഗംഗയ്ക്ക് അനുഭവപ്പെട്ടു.
ബസ്സിൽ, അടുത്തടുത്തിരിയ്ക്കുമ്പോൾ,ആശ്വസിപ്പിച്ചു.
"വിഷമിക്കേണ്ട. ഫോട്ടോവും കണ്ടില്ലല്ലോ.
ഒന്നര വർഷം മുൻപ് ഒറ്റ പ്രാവശ്യം, സ്വല്പ സമയം കണ്ട
ഒരാളെ മറ്റന്നാൾ കല്യാണം കഴിക്കണമെന്ന്,വിധി യെങ്കിൽ അങ്ങനെ."
പക്ഷേ....
ജ്യോത്സ്യരുടെ കണ്ടെത്തൽ, അച്ചിട്ടതായിരുന്നുവെന്ന്, ഓരോ ദിവസം പിന്നിടുന്തോറും അവൾ തിരിച്ചറിഞ്ഞു.
വേണ്ടായിരുന്നു.
ഗംഗ കാരണം, മക്കൾക്ക്,വരും തലമുറയ്ക്ക്
പോലും പാപഭാരച്ചുമട്!
മരണാനന്തര ജീവിതത്തിൽ,വിശ്വാസമില്ല.
സ്വർഗ്ഗ,നരകങ്ങൾ ഭൂമിയിലുണ്ട്.
സത് കർമ്മങ്ങളിലൂടെ സ്വർഗ്ഗം നേടാം.
അടുത്ത ജന്മമുണ്ടെങ്കിൽ, ഭാരതത്തിൽ തന്നെ ഉത്തമ പുരുഷനായി പിറക്കണം.
വിവേകം,ഉൾക്കാഴ്ച,ഉശിര്,തന്റേടം,സഹാനുഭൂതി,സത്യപാതയില്‍ സഞ്ചാരം,സഹജീവികള്‍ക്ക്,കാരുണ്യാമൃതം ചൊരിയല്‍....വേണം.
ആർക്കും ബാധ്യതയാവരുത്.
ജന്മം തന്നവരെ സംരക്ഷിക്കുക.
വിവിധ ഭൂഖണ്ഡങ്ങളിൽ, പ്രപഞ്ച രഹസ്യങ്ങൾ
പുൽകി,ആത്മാവിനെ തേടിയുള്ള യാത്ര.
ഗംഗ, മുറിവെണ്ണയെടുത്ത്,എഴുന്നു നിൽക്കുന്ന ഞരമ്പുകളിൽ പുരട്ടി.
നടു ഒടിക്കും നോവിൽ നിന്ന് മുക്തമാകാൻ
"ഓർത്തോ" ബെഡിൽ നീണ്ടു നിവർന്നു കിടന്നു.
അപ്പോൾ,
ഗംഗയ്ക്ക് ,അവളുടെ കൈകാലുകൾ അദൃശ്യമായി ആരോ വന്ന് തടവുന്നതായി തോന്നി
സ്വപ്നപ്രിയയോ?
നാലഞ്ചു ദിനം കഴിഞ്ഞപ്പോള്‍,മകളോട് ക്ലാസ്സിൽ പോയി വരും വഴി മരുന്ന് വാങ്ങി വരാന്‍ ഏല്പ്പിച്ചു.
മൈത്രേയി തന്ന പൊതി അഴിച്ചപ്പോൾ,ഗംഗയ്ക്ക്
ചിരി വന്നു.
ഗംഗ, മിക്കപ്പോഴും തൊടുന്ന,
ചാരനിറത്തിലുള്ള സ്റ്റിക്കർ വലിയ പൊട്ടുകൾ!
പാവം... മകൾ, പഠനത്തിനിടയ്ക്ക്,മറവി.
ഗംഗ,വീടിന് പിന്നിലുള്ള ഏഴ് നില ഫ്ലാറ്റ് സമുച്ചയത്തിലേക്ക് നോക്കി.
മിക്കവാറും,അവയിലെ എല്ലാ ജനലുകളും അടഞ്ഞു കിടക്കുന്നതായി കാണാം.
തൊട്ടടുത്ത അയല്‍പക്കം, ഗംഗയ്ക്ക് ഇഷ്ടമാണ്.
അവിടെ,ഗൃഹസ്ഥന്‍റെ,
രണ്ട് ആണ്മക്കള്‍ക്കും, ജോലി പുറത്താണ്.
അവരുടെ ഭാര്യമാരെ എത്ര നല്ല രീതിയിലാണ്,അമ്മായിയമ്മ ഇണക്കിക്കൊണ്ട്,കുടുംബം നോക്കുന്നതെന്ന്‍ വല്ലപ്പോഴും കാണുന്ന ചെറുപ്പക്കാരികളുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം.
ആ വീട്ടിലെ വളര്‍ത്തുകോഴികള്‍ ,രാപകല്‍ മിക്കപ്പോഴും കൂവിക്കൊണ്ടേയിരിക്കും.
എന്തൊരു പുതുമ!
അവള്‍,പൊട്ടിച്ചിരിച്ചു.മൈത്രേയിയോട്,കുക്കുടങ്ങളെപ്പറ്റി സൂചിപ്പിച്ചു.
അവള്‍,പൊട്ടിച്ചിരിച്ചു.
'എന്റമ്മയുടെ സ്വഭാവം ,താമ്രചൂഡങ്ങള്‍പകര്‍ത്തിയതാണ്..ഇഷ്ടമുള്ളപ്പോള്‍ എഴുനേല്‍ക്കുക,
ഭക്ഷണം കഴിക്കുക,വായിക്കുക,ടിവി കാണുക,ശയിക്കുക.
മുഖപുസ്തകത്തില്‍,എഴുതുക.
ലോകത്ത്,ഇന്ത്യയില്‍,അതിര്‍ത്തിയില്‍ ,നാട്ടില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്ന് പ്രവചിക്കുന്ന അസാധാരണ മാതാവ്...'
ഗംഗ,മകളുടെ തമാശ അതേ അളവില്‍ ഏറ്റുവാങ്ങി.
പക്ഷേ,ഇപ്പോള്‍,എന്തെങ്കിലും ഉരുവിട്ടാല്‍ ശരിയാവില്ല.
എങ്കിലും...
എന്നും,എഴുത്തിന്‍റെ ലഹരിയില്‍ മയങ്ങുന്ന സ്വപ്നജീവി,അതും വാര്‍ദ്ധക്യവിശ്രമജീവിതത്തിന്‍റെ തിരതള്ളലില്‍ സ്വല്പ്പം സമാധാനം,കൊതിക്കുന്നു.
ഇന്നുവരെ ഒരു നല്ല കാര്യം പോലും,ഉണ്ടായില്ലെന്ന് ജപിക്കുന്ന നിന്റച്ഛനില്‍ നിന്ന്,സ്വല്‍പ്പം മാറി നിന്ന്,പിന്നോട്ട് ചെന്ന് ചിന്തിച്ചു നോക്ക്.
മക്കളുടെ നന്മയ്ക്ക് വേണ്ടി ഇന്നും ,എന്നും തപിക്കുന്ന ഒരു ഹൃദയം.
ഇവിടെയ്ക്ക് വന്നത്,മൈത്രേയിക്ക് വേണ്ടി മാത്രം !
ഗംഗ,നേര്‍ത്ത സന്ധ്യയുടെ വരവ് കണ്ട്,ദീപം തെളിയിച്ച്,കാവിലമ്മയെ പ്രാര്‍ത്ഥിച്ചു..
വാമദേവനും,മൈത്രേയിയും കിടയ്ക്കവിരികളും,പലവ്യഞജ്നങ്ങളും വാങ്ങാന്‍ പോയി,മണിക്കൂറുകള്‍ കഴിഞ്ഞു.
ട്രാഫിക് ബ്ലോക്കില്‍ പെട്ടതാകും.
ഗംഗ,ടെറസ്സില്‍ പോയി ഉണങ്ങിയ തുണികള്‍ എടുത്തു.
പെട്ടെന്ന്, വാമദേവന്‍റെ ഉച്ചത്തിലുള്ള മുഴക്ക ശബ്ദം അവിടമാകെ അലയ്ക്കുന്നു.
ഗംഗ താഴേയ്ക്ക് വന്നു.
വാമദേവന്‍, വെളിച്ചപ്പാട് കണക്കെ കോമരം തുള്ളുന്നു
'ബോധമില്ലാത്തവളെ,നീയെന്താടീ,ഉമ്മറവാതിലും,
ഗെയിറ്റ് ഒക്കെ തുറന്നിട്ട്‌,മുകളില്‍ പോയി തപസ്സിരിക്കുന്നത്?ആരെങ്കിലും,കടന്നു കൂടിയാല്‍.....
....അല്ലെങ്കിലും,നിന്റമ്മയ്ക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ലെന്ന്,ഇപ്പോള്‍ മനസ്സിലായോ ?'
മൈത്രേയി ചിരിച്ചു
അമ്മയ്ക്ക്,ഇത്ര ഓര്‍മ്മക്കുറവോ?
എത്രവട്ടം അച്ഛന്‍,അമ്മയുടെ മുന്‍പില്‍ വന്ന് ഗേറ്റ് അടയ്‌ക്കണം,
പുറം വാതില്‍ പൂട്ടി താക്കോല്‍ കൈയില്‍ സൂക്ഷിക്കണമെന്നുംപറഞ്ഞു!
ഗംഗ,ഗൌരവത്തില്‍ പറഞ്ഞു.
'ഞാന്‍ കേട്ടില്ല.മറന്നു പോയി,'
അവള്‍,മുകളിലെ പടവുകള്‍ കയറുമ്പോള്‍,കേട്ടു..
'അച്ഛാ,അമ്മ കള്ളം പറയുകയാണ്.
ഇക്കാര്യത്തില്‍,മറവിയൊന്നും സംഭവിച്ചിട്ടില്ല.
അമ്മയെ നമ്മള്‍ തഴയുകയാണെന്ന് തോന്നിക്കാണും.'
ഗംഗയുടെ മുഖത്തെ,പുഞ്ചിരി എല്ലാറ്റിനും,സാക്ഷിയാണ് ....
ഓര്‍ത്തു...
പക്ഷിയുടെ വാസം,സ്വര്‍ണ്ണക്കൂടെങ്കിലും ,തടവ് തന്നെ.
ആരുമായും, ഒന്നിനോടും മമത വേണ്ട.
അധികം അടുക്കുകയുമരുത്.
അകലുമ്പോൾ,കണ്ണീർ വീഴുമെന്നത്,ലോക നിയമം!

No comments:

Post a Comment