Friday 21 February 2014

ഓര്‍മ്മ
മതിഭ്രമം
കെ.എം.രാധ

...അമ്മ .....എന്റമ്മ എവിടെ?....
കോഴിക്കോട് സാമൂതിരി രാജവംശ പെരുമ നിറയും ശ്രീവളയനാട് ദേവീക്ഷേത്രത്തില്‍ ഉത്സവ നാളുകള്‍...
പിന്നില്‍, വൈകുന്നേരത്തെ വെയില്‍ മങ്ങി..അമ്പലത്തില്‍ കാഴ്ച ശീവേലി തകൃതിയില്‍ അവസാനവട്ടം കൂടാനൊരുങ്ങുന്നു.
നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിച്ച് രണ്ടു നമ്പൂതിരിമാര്‍ .ആലവട്ടം, വെഞ്ചാമരം .ചെണ്ട ,ചേങ്ങില,ഇലത്താളം,കുഴല്‍ , അന്തരീക്ഷം ഭക്തിസാന്ദ്രം,.ശബ്ദഭരിതം, പ്രസന്ന മധുരം.....,
പെട്ടെന്ന്, ഓര്‍ത്തു..
അമ്മ, തളി അമ്പലത്തില്‍ പോകണമെന്ന് വാശിപിടിച്ചു.
തടുത്തില്ല.എതിര്‍ത്തിട്ട് കാര്യമില്ല.
മനസ്സില്‍ ഭീതിയുടെ ആഴങ്ങള്‍.
അതിരാവിലെ,തളി ക്ഷേത്ര ദര്‍ശനത്തിന് പോയി.,നേരമിത്രയായിട്ടും..
അമ്മ..എന്റമ്മ എവിടെ ?
പെട്ടെന്ന്,അമ്പലനടകള്‍ ഇറങ്ങി ഓടി,ക്ഷേത്രകുളത്തിന് വടക്ക് വശം ,കിഴക്കേമഠത്തിലെത്തി.
വീട് ,നിശ്ശബ്ദം.....
വീട്ടുകാരില്‍ പലരും പല വഴിക്ക്> കഴകപണി,.അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന്...
ഇന്നത്തെ ഗതാഗതസൌകര്യങ്ങളുടെ ധാരാളിത്തമില്ലാത്ത കാള,കുതിര,വണ്ടികളുടെ, അത്യാവശ്യം ബസ്സ്,ഓട്ടോറിക്ഷകളുടെ കാലം.
വീട്ടില്‍ നിന്ന് ക്ഷേത്രത്തിന്‍റെ വടക്കേ നടയിലൂടെ, ഗോവിന്ദപുരം ലൈബ്രറി വഴി പുതിയപാലമെന്ന നടപ്പാലം കടന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ടേ നഗരത്തിലെ തളി ക്ഷേത്ര സന്നിധിയിലെത്തൂ.
അതിന് തൊട്ടടുത്ത് സാമൂതിരി കോളേജ് ഹൈസ്‌കൂളിലാണ് ഞാന്‍ 8- 10 വരെ പഠിച്ചത്.
ഈ സംഭവം,നടക്കുമ്പോള്‍,കോഴിക്കോട്,മീഞ്ചന്തയില്‍,ഗവര്‍മെന്റ്.ആര്‍ട്ട് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രിയ്ക്ക്മലയാളം-ചരിത്രം ഐച്ഛിക വിഷയങ്ങളെടുത്ത് (1969-1972) പഠിക്കുകയാണെന്ന്,ഓര്‍മ്മ.
വീടാകെതിരഞ്ഞു......
മാനസിക വിഭ്രാന്തിക്ക് ചെറിയ തോതില്‍ മരുന്ന് കഴിക്കുന്ന അമ്മയെ ഒരു കാരണത്താലും പുറത്തേക്കയയ്ക്കുന്നത് അപകടമെന്ന് നന്നായിട്ടറിയാം.
പക്ഷേ..തെറ്റ് പറ്റി.
ചാലപ്പുറത്ത്,മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഒ.എന്‍.വാസുദേവന്‍റെ അടുക്കല്‍ നിര്‍ബന്ധിച്ച് ,അമ്മയെ കൂട്ടിക്കൊണ്ട് പോകാറുണ്ട്.ഡോക്ടര്‍ നല്കുന്ന മരുന്നുകള്‍ പ്രത്യേകിച്ച് ഗുളികകള്‍ കൊടുത്താല്‍ വാങ്ങി വെയ്ക്കും.''ഒരസുഖവുമില്ല.ഒക്കെ,നിങ്ങളെല്ലാവരുടെയും ,തോന്നലാണ്.''എന്ന്,ഇടയ്ക്കിടെ പറയും.
ഗുളികകള്‍ കഴിക്കാതെ,ജനല്‍ വഴി ,പുറത്തേക്ക് വലിച്ചെറിയുകയാണെന്ന്,മുറ്റമടിക്കുമ്പോള്‍, ഒരിക്കല്‍ ഞാന്‍ കണ്ടെത്തി. ചെറിയ കടലാസ്സില്‍,ചുരുട്ടിക്കെട്ടിയ ഗുളികകള്‍,പകുതി മുക്കാലും അലിഞ്ഞ രീതിയിലാണ്കണ്ടത്.അവ,എനിക്ക് ചിര പരിചിതം.
ഭക്ഷണ ശേഷം ,അവ കൃത്യമായി ഓര്‍ത്തെടുത്ത്,കൊടുക്കന്നത്‌, മൂത്ത മകളായ എന്‍റെ ഉത്തരവാദിത്വം.
....കാവിലമ്മേ....കാത്തുകൊള്ളണേ.
.അപകടംവരുത്തല്ലേ..ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
ഇല്ല.എവിടെയും കാണുന്നില്ല.....ഒടുവില്‍,..
വീടിന് പിന്നില്‍ വെണ്ണീറ്റിന്‍ കുഴിയ്‌ക്കടുത്ത്, ഒരു ചതുരകല്ലില്‍ തല കുനിച്ച് എന്തൊക്കയോ പിറുപിറുത്ത്..അമ്മ.!
''അമ്മേ''യെന്ന് ഉച്ചത്തില്‍ വിളിച്ച്...,തേങ്ങലോടെ പിടിച്ചെഴുന്നേല്പിച്ചു.
മുടി വല്ലാതെ പാറി,തുടുത്ത മുഖം കറുത്ത് ,ക്ഷീണിതയായി അമ്മ !
നെറ്റിയില്‍ പകുതിയിലേറെ മായ്ഞ്ഞ ചന്ദനകുറി.
വഴക്ക് പറഞ്ഞു.
'' ഈനേരം വരെ അമ്മ വല്ലതുംകഴിച്ചവോ.'
' '' ഉവ്വ്.അളകാപുരിയില്‍ നിന്ന്‍..ചായയും പലഹാരങ്ങളും.''
അക്കാലത്ത്,ധനികരും,പ്രമാണിമാരും അല്ലാത്ത ആരും തന്നെ(പ്രത്യേകിച്ച്സ്ത്രീകള്‍)
അത്തരം,സമ്പന്ന ഹോട്ടലുകളില്‍ പോകാറില്ല.
''അമ്മ എന്തിന് അവിടെപോയി.? അസുഖം മാറും വരെ എവിടെക്കും പോകരുതെന്ന് എത്രപ്രാവശ്യം പറഞ്ഞു?
അമ്മചിരിച്ചു.ഒരു വല്ലാത്ത,ഭീതിയുണര്‍ത്തും ,നിസ്സാര ചിരി!,
പേടി തോന്നി .
ചുണ്ടുകള്‍ മെല്ലെ അനങ്ങി....
'സുകുമാരനും,മല്ലികയും വന്നിട്ടുണ്ടെന്ന് കേട്ടു.ഞങ്ങള്‍ കുറെസംസാരിച്ചു. സുകുമാരന്‍ തമാശക്കാരന്‍..അവരാ.,ഭക്ഷണം
തന്നത്.പിന്നെ,നിന്‍റെ കൂട്ടുകാരി ജോയ്‌സിന്‍റെ അടുത്തും പോയി''
(അളകാപുരിയ്ക്കടുത്ത് ഡേവിസന്‍ തിയേറററിന് എതിര്‍വശത്ത് ജോയ്‌സിന്‍റെ വീട്ടിലെത്തിയെന്ന് പിന്നീടറിഞ്ഞു.അവള്‍,ഇപ്പോള്‍,ആസ്ത്രേലിയ, പെര്‍ത്തില്‍ കുടുംബ സമേതം താമസിക്കുന്നു. )
മുപ്പത് വര്‍ഷം മുന്‍പ് പ്രശസ്ത നടന്‍ രാജു വെന്ന പൃഥ്വിരാജ് ജനിച്ചിട്ടില്ലെന്ന് ഊഹം ) ഈ നിമിഷംവരെ ,പൃഥ്വിരാജിനെ കണ്ടിട്ടില്ല.
:- ഈ ഓര്‍മ ഞാന്‍ ഒരിക്കലുംകണ്ടിട്ടില്ലാത്ത വേറിട്ട അഭിനയ വഴി കണ്ടെത്തിയെങ്കിലും,മരണശേ ഷവും പരിഗണന ലഭിക്കാത്ത നടന്‍ സുകുമാരനുള്ള ശ്രദ്ധാഞ്ജലി.
ഒപ്പം..എഴുത്തിന്‍റെ,മരതക ശോഭയില്‍ സ്വപ്ന ജാലകം തുറക്കാന്‍ സഹായിച്ച ,വായനയുടെ. വിശാലലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ അമ്മയ്ക്കും..

No comments:

Post a Comment