Tuesday 30 September 2014

വേദനയുടെ തീനാമ്പുകള്‍

14-08-2014 വ്യാഴാഴ്ച, ഉച്ചവെയില്‍ മായും നേരം..... 
ശ്രീ വളയനാട് ദേവീക്ഷേത്ര കുളത്തില്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ചാടി തുള്ളി കളിച്ച് മലക്കം മറിയുന്നു.
പുലര്‍ച്ചെ, തണുത്ത വെള്ളത്തില്‍ എത്രയെത്ര തവണ, അക്കരയിക്കരെ നീന്തിയിട്ടുണ്ട്.
തെക്ക് വശത്ത് ചവലക്കിളികള്‍ ചിലയ്ക്കും ശബ്ദം കേള്‍ക്കാതെ ആലസ്യത്തില്‍ അമര്‍ന്ന നാഗത്താന്‍ കോട്ട,
വടക്ക് ഭാഗത്ത്, ജന്മഗൃഹം കിഴക്കേമഠത്തിലെത്തി. 
   ചരലും മണ്ണും കരിങ്കല്‍പ്പൊടിയും കട്ട പിടിച്ച് അവിടവിടെ മഴവെള്ളം കെട്ടിക്കിടന്ന മുറ്റത്ത് വഴുതി വീഴാതിരിയ്ക്കാന്‍ അമര്‍ത്തി ചവുട്ടി,സ്വല്പ്പ നേരം നിന്നു.
കഥാപാത്രങ്ങള്‍ , കണ്മുന്നില്‍ മിന്നി മറയുന്നു.
ചിലര്‍, ഓടി വരുന്നു.
പഴനി ആണ്ടവ ഭക്ത ജട ഉച്ചിയില്‍ കെട്ടിവെച്ചു ,ചുവപ്പ് വസ്ത്രം ധരിച്ച് വരുന്ന മാളുവമ്മ,
ഇടയ്ക്കൊക്കെ മാനസിക വിഭ്രാന്തിയിലകപ്പെടും മാളുവേടത്തി,
നീന്തല്‍ പരിശീലിപ്പിച്ച ചിന്നമ്മ,
സമൂഹം അനുശാസിക്കുന്ന പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാത്തതില്‍ വിഷമിച്ച് നിരവധി അമ്പലങ്ങളില്‍ എനിയ്ക്കായി മംഗല്യപൂജ നടത്തിയ വിശാലേടത്തി
അങ്ങനെ പല മുഖങ്ങള്‍എന്നരികില്‍.
പലര്‍ ,പല തരത്തില്‍ സംവദിക്കുന്നു.
''ഞങ്ങളെ പരിചയമുണ്ടോ? ഓര്‍മ്മ കുറിപ്പുകളില്‍ എഴുതൂ.''
അതാ..23 സെന്റ്‌ ഭൂമിയിലെ, 26 അവകാശികളുടെ പിന്മുറക്കാര്‍ ദേഷ്യത്തോടെ ,വികാരഭരിതരായി പിറുപിറുക്കുന്നു.
''സാമ്പത്തിക പരാധീനതകളുണ്ടെന്ന് അറിയുമല്ലോ.
വീട് പണി പകുതിയില്‍ നിര്‍ത്തി വെച്ചത് അറിഞ്ഞില്ലേ.?
ഞങ്ങളുടെ ഓഹരി തരൂ.
കിഴക്കേമഠം വില്ക്കൂ. ''
എത്രയോ അമ്പലവാസി കുടുംബങ്ങള്‍ ,അവരുടെ ജന്മസ്ഥലം വില്‍ക്കാതെ,പരസ്പര ധാരണയോടെ പകുത്തെടുത്തിരിയ്ക്കുന്നു.
പക്ഷേ..ഇവിടെ ,മരുമക്കത്തായം.
അംഗങ്ങള്‍ ഏറെ.ആവശ്യങ്ങളും.
ആകപ്പാടെ ഭ്രമാത്മക ചുറ്റുപാടില്‍,നിസ്സഹായയായി നില്‍ക്കുമ്പോള്‍..തോന്നി
ഈ നിമിഷം ,അമ്പലക്കുളത്തില്‍ രണ്ടു വട്ടമെങ്കിലും,നീന്തി തുടിച്ചെങ്കില്‍ എന്ന്...
കെ.എം.രാധ

No comments:

Post a Comment