Wednesday, 5 August 2015

കഥ മുന്നറിയിപ്പ് കെ.എം.രാധ

കഥ
മുന്നറിയിപ്പ്
കെ.എം.രാധ
കേള്‍ക്കണ്ട,കടന്നു പോകൂ..മുന്‍പില്‍ നിന്ന്.!
സുനിതയുടെ ഉച്ചത്തിലുള്ള ശബ്ദത്തില്‍,
നിരത്തില്‍ വെച്ച് മാത്രം വല്ലപ്പോഴും കാണാറുള്ള പേരറിയാത്ത സ്ത്രീയുടെ തേങ്ങല്‍ കൂടിക്കൂടി വന്നു.
ഏതോ ആശുപത്രിയില്‍ തൂപ്പുജോലിക്കാരി.
ബസ്സില്‍ നിന്ന് ഒപ്പം ഇറങ്ങി,ഒരേ വഴിയില്‍ക്കൂടി നടക്കവേ,
അങ്ങോട്ട്‌ ,പരിചയപ്പെട്ടു.
പിന്നെ,പലപ്പോഴും പൊതുവഴിയില്‍ വെച്ച് കൂടിക്കാഴ്ചയുണ്ടായി.
പനിച്ചു കിടക്കുന്ന ഗൃഹനാഥന് വേണ്ടി,പിന്നീട് തരാമെന്ന ഉറപ്പില്‍ നൂറു രൂപ കടം ചോദിച്ചു.
ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ പണം കൊടുത്തു.
അവര്‍ വരച്ചിട്ട വാടക വീട്ടിലേക്ക് കയറി ചെന്നു.
ഒറ്റമുറി.ഒരു ചെറിയ അടുക്കള.
പത്താം ക്ലാസ്സില്‍ പഠിക്കും ,ഒരേ ഒരു മകള്‍ .
അച്ഛന്‍റെ അതിസ്നേഹം ഇടയ്ക്കെപ്പോഴോ വിവരിച്ചപ്പോള്‍ ,ഉള്ളില്‍ തോന്നിയത് ചോദിച്ചു.
' എവിടെയാണ് മകളുടെ കിടപ്പ്?'
' ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും നടുവിലാണ് '
സ്വല്പ നേരത്തെ മൌനത്തിനു ശേഷം,
പതുക്കെ പറഞ്ഞു.
'അസമയത്ത്, പ്രായപൂര്‍ത്തിയായ പെണ്‍കുഞ്ഞുങ്ങളുടെ അടുക്കല്‍ പിതാവായാല്‍ പോലും വരാന്‍ പാടില്ലെന്ന് കേട്ടിട്ടുണ്ട്.മകളെ മാറ്റി കിടത്തു.'
വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന ഭര്‍ത്താവിന്റെ കാര്യങ്ങള്‍ പലപ്പോഴായി അവര്‍ , സുനിത ചോദിക്കാതെ തന്നെ ,വിവരിക്കും.
'ഒരു മാതിരി സൊഭാവാ .മൂപ്പര്‍ക്ക്,
മോള് ഉണ്ടാക്കുന്ന കറി മാത്രം മതി.മോള് വിളമ്പി കൊടുത്താലെ ചോറു വേണ്ടു.'
മറ്റൊരിക്കല്‍ കണ്ടപ്പോള്‍ അവരുടെ വിഭ്രാന്ത മുഖം വല്ലാതെ വിളര്‍ത്തിരുന്നു.
' പണിക്കു പോയില്ലെങ്കില്‍ ,അന്നം മുടങ്ങും.വാടക കൊടുക്കാനും കഴീല. മോള് സ്കൂള്‍ വിട്ടു നേരത്തെ വരും, ഞാനെത്താന്‍ ആറു മണി കഴിയും '''
ആകപ്പാടെ വേവലാതി. ആ ദുഷ്ടന്‍ ന്റെ മോളെ എന്തെങ്കിലും ചെയ്യോന്ന് പേടി.ഇതൊക്കെ പുറത്ത് ആരെങ്കിലും അറിഞ്ഞാല്‍...'
'ഉറക്കം എവിടെയാണ് ?/
'അടുക്കളയില്‍,നീ വേണേല്‍ അവിടെ കിടന്നോ.ന്റെ മോളെ നിലത്ത് കിടത്തില്ല എന്ന് അയാള്‍ക്ക് വാശി.
ഒടുവില്‍,കുറെ ബഹളം വെച്ചിട്ടാണ്,മോളും കൂടി പറഞ്ഞിട്ടാണ് സമ്മതിച്ചത്.കിടപ്പാടത്തില്‍ വരെ സ്വൈര്യല്ല.പിന്നെങ്ങനെ,...
എവിടെ മോളെ കൊണ്ട് പോകും?
ഓര്‍ത്തു,
വെറും നാലോ അഞ്ചോ ക്ലാസ്സ് വരെ മാത്രം പഠിച്ച അവരില്‍ വന്ന മാറ്റങ്ങള്‍.
'മൂപ്പര്‍' വിളി മാറി 'അയാളില്‍'ദുഷ്ട'നിലെത്തിയിരിക്കുന്നു!.
അയാളെ മനോരോഗ ചികിത്സകന്റെ അടുക്കലെത്തിക്കാന്‍ ശ്രമിച്ചു.
പക്ഷേ...
''അന്നെ വഴീ കാണുന്ന ആ ഒരുമ്പട്ടോള്‍ക്കും,അണക്കും കൂടി..''
എന്ന് പറഞ്ഞുകൊണ്ട് മുടി കുത്തിപ്പിടിച്ച്,ചവുട്ടി,....
സ്വകാര്യമായി പോലീസില്‍ പരാതി കൊടുക്കാന്‍ അവര്‍ സമ്മതിച്ചില്ല.
'ന്റെ വിധി യെന്നു'
പറയുമ്പോള്‍ ,കണ്ണുകളില്‍ നിസ്സഹായത കണ്ടു.
പോലീസിനെക്കൊണ്ട് ഒന്ന് വിരട്ടിയാല്‍,അയാള്‍ മകളെ തൊടുന്നതില്‍ നിന്ന് പിന്മാറുമല്ലോന്ന് കരുതി.
അതും,കഴിഞ്ഞില്ല.
സുനിത,അവരെ സമാധാനിപ്പിച്ചു.
' പൊയ്ക്കൊള്ളു. എത്രയുംവേഗം ലേഡി ഗൈനക്കോളജിസ്റ്റിനെ കാണുക.എന്‍റെ കൂട്ടുകാരിയാണ്‌.
മോളോട് ഒട്ടും പേടിക്കണ്ട. ഒന്നും സംഭവിക്കില്ലെന്നു പറയു.
കാര്യം,നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.
എല്ലാം കഴിഞ്ഞ ശേഷം,ഇവിടെ വരൂ.
അപ്പോഴേക്കും ,മറ്റൊരു തികച്ചും സുരക്ഷിത ഇടം ശരിയാക്കും ഉറപ്പ്,''
പെട്ടെന്ന്,അവര്‍ അലറി കുതിച്ച കരച്ചിലുമായി ...
സുനിതയുടെ കാല്ക്കലേക്ക്..
സുനിത, അവരുടെ മഞ്ഞു കട്ട പോല്‍ തണുത്ത കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട്...
'അരുത്.ഒരു കണക്കിന് ഞാനും ഉത്തരവാദി.നിങ്ങളെ രണ്ടു പേരെയും മറ്റെവിടെക്കെങ്കിലും,മാറ്റെണ്ടതായിരുന്നു.
സാരമില്ല. ഒരു പേപ്പട്ടി കടിച്ചതാണ് എന്ന് കരുതിയാല്‍ മതിയെന്ന് മോളെ ഇടയ്ക്കിടെ ഇത് കഴിയും വരെ ഓര്‍മ്മിപ്പിക്കുക..
അവള്‍ക്കു ഇനിയും ജീവിതമുണ്ട്.ഇത്,പെണ്മക്കളുള്ള, അമ്മമാര്‍ക്ക് മുന്നറിയിപ്പ്.
സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളെ കാമിക്കുന്ന മനോരോഗികള്‍ക്കും''.!
Like   Comment   

No comments:

Post a Comment