Monday 23 March 2015

മുള്‍ വഴികള്‍

താഴെയുള്ളതുപോലെ,അനേകം മുള്‍ വഴികള്‍ താണ്ടി യവള്‍
മനുഷ്യനന്മയില്‍ മാത്രം വിശ്വസിക്കുന്നവള്‍ ഭീഷണികള്‍ക്ക് മുന്‍പില്‍ ,തല കുനിക്കില്ല.
അനുഭവം.
മാവിന്‍ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി
കെ.എം.രാധ
കോഴിക്കോട് ശ്രീവളയനാട് ദേവീക്ഷേത്രത്തിന്,അടുത്ത് അമ്പലക്കുളത്തിന് വടക്ക് വശം കിഴക്കേമഠം
മദ്യപിക്കാത്ത, പുകവലിക്കാത്ത സദാചാരക്കാരും ദൈവഭക്തരുമായ രണ്ടുപേർ തറവാട്ടിലുണ്ട്‌.
കൃഷ്‌ണമ്മാവനും (അമ്മയുടെ അനുജൻ), വാസുമ്മാവനും (മുത്തശ്ശിയുടെ അനുജത്തിയുടെ മകൻ)
തമിഴ്‌നാട്ടിലെ ശ്രീരംഗത്ത്‌ ബന്ധു നടത്തുന്ന ഹോട്ടൽ പണിയിൽ സന്തോഷം കണ്ടെത്തുന്നവർ.
വല്ലപ്പോഴും നാട്ടിലെത്തുന്ന കൃഷ്‌ണമ്മാവൻ ഞങ്ങൾക്ക്‌ ധാരാളം കഥകൾ പറഞ്ഞുതരും -
നല്ല തങ്ക, പുള്ളിമാൻ.
വർഷങ്ങൾക്കുശേഷം,
എന്നിലെ കൗമാരക്കാരി വായനയുടെ നിറപ്പകിട്ട്‌ അന്വേഷിച്ചലഞ്ഞ്‌ കണ്ടെത്തിയ അതിശയം
“പുള്ളിമാൻ” എസ്‌.കെ. പൊറ്റെക്കാടിന്റെ രചനയാണെന്ന്‌! മരുമക്കത്തായ സമ്പ്രദായം നിലവിലുളള കാലം.
മുത്തശ്ശിയുടെ മക്കളും പേരമക്കളടങ്ങുന്ന വാനരപടയ്‌ക്ക്‌ കുറെ ഓഹരികൾ! ശ്രീദേവി ചെറിയമ്മയ്‌ക്കും വാസുമ്മാവനും വെറും രണ്ടോഹരി. ഇക്കാര്യത്തിൽ ജേഷ്‌ഠത്തിയും അനുജത്തിയും തമ്മിൽ വാക്‌തർക്കം രൂക്ഷമാകാറുണ്ട്‌.
ഒടുവിൽ, മുത്തശ്ശി, അനിയത്തിക്ക്‌ കീഴടങ്ങി ഭാഗം വെച്ചു.
അങ്ങനെ,
വാസുമ്മാവനും അമ്മയും കിഴക്കേ മഠത്തിലെ കിണറ്റിനരികെ, ഒരു കൊച്ചു വീട്‌ വെച്ച്‌ മാറിതാമസിച്ചു
വാസുമ്മാവൻ വിവാഹിതനായതോടെ ശ്രിരംഗത്തെ ഹോട്ടൽ പണിനിർത്തി നാട്ടിലെ ഫർണിച്ചർ കമ്പനിയിൽ തൊഴിലാളിയായി. മുത്തശ്ശിയും മക്കളും മഹാത്‌മാഗാന്ധി, ജവഹർലാൽ നെഹറു, ലാൽബഹദൂർ ശാസ്‌ത്രി, ഇന്ദിരാഗാന്ധി പ്രേമികളും,
വാസുമ്മാവനും അമ്മയും ഇ.എം.എസ്‌., എ.കെ.ജി അനുകൂലികളുമായിരുന്നു.
മെയ്‌ദിനപ്രകടനത്തിൽ പങ്കെടുക്കാറുള്ള വാസുമ്മാവൻ സ്വാതന്ത്ര്യദിനത്തിൽ വീടിന്‌ പുറത്തിറങ്ങില്ല. മക്കളും.
അന്ന്‌, ഞങ്ങൾ കുട്ടികളെല്ലാവരും വെളുത്തവസ്‌ത്രമണിഞ്ഞ്‌ പള്ളിക്കൂടത്തിലെത്താറുണ്ട്‌
. ഒരു ദിവസം സന്ധ്യയ്‌ക്ക്‌ വാസുമ്മാവന്റെ വീട്ടിൽ നിന്ന്‌ഉച്ചത്തിൽ നിലവിളി കേട്ടു.
ഞങ്ങളെല്ലാവരും ഓടിച്ചെന്നപ്പോൾ കണ്ടകാഴ്‌ച വാസുമ്മാവൻ പാത്രങ്ങളെടുത്ത്‌ വലിച്ചെറിയുന്നു. ഉറക്കെചിരിക്കുന്നു. പൊട്ടിക്കരയുന്നു.
ഉച്ചത്തിൽ എന്തൊക്കേയോ വിളിച്ചു കൂവുന്നു.
പെട്ടെന്ന്‌, അച്‌ഛനും അമ്മാവന്മാരും കുട്ടികളോട്‌ കിഴക്കേമഠത്തിൽ പോയി വാതിലടച്ചിരിയ്‌ക്കാൻ പറഞ്ഞു.
വാസുമ്മാവനെ അവരെല്ലാംകൂടി പിടിച്ചുകെട്ടി കട്ടിലിനോട്‌ ബന്ധിച്ചു. ദീനരോദനങ്ങൾ,
അട്ടഹാസങ്ങൾ,
അർത്ഥമില്ലാത്ത വാക്കുകൾ -
സമനില തെറ്റിയ വാസുമ്മാവനിൽ നിന്നുതിരുന്ന ഇടിമുഴക്കങ്ങൾ കേട്ട്‌ രാവിന്റെ ഏതോ നിമിഷാർദ്ധത്തിൽ എന്റെ മിഴികളടഞ്ഞു.
പിറ്റേന്ന്‌ വാസുമ്മാവനെ കുതിരവട്ടത്തെ മാനസികാ രോഗ്യാശുപത്രിയിലെത്തിച്ചു.
ഒരാഴ്‌ചത്തെ ഷോക്ക്‌ ചികിത്സയ്‌ക്കുശേഷം മടങ്ങിവന്ന വാസുമ്മാവൻ മൗനിയായി.
വാസുമ്മാവന്‌ ഇനിയും ഭ്രാന്തുണ്ടാകരുതേയെന്ന്‌ ഞങ്ങൾ ശ്രീവളയനാട്ടമ്മയോട്‌ ഹൃദയപൂർവം പ്രാർത്ഥിച്ചു.
തറവാട്ടിലുള്ള
മുതിർന്നവർ രോഗത്തിന്റെ കാര്യകാരണങ്ങൾ ചുഴിഞ്ഞറിഞ്ഞു. ധനാഢ്യൻ ഹോട്ടൽ മുതലാളി ബന്ധു, വാസുമ്മാവനെ കഠിനമായി ജോലികളെടുപ്പിക്കുകയും, അകാരണമായി കണക്കറ്റ്‌ പ്രഹരിക്കുകയും, തലയ്‌ക്കടിക്കുകയും ചെയ്‌തിരുന്നുവത്രെ.
സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിന്‌ വേദനയും യാതനയും അനുഭവിച്ച വാസുമ്മാവൻ ഞങ്ങൾക്കിടയിൽ പാവം ഹീറോ ആയി മാറി.
കുറെ നാളുകൾക്കുശേഷം, വാസുമ്മാവൻ പഴയപടി ജോലിയ്‌ക്ക്‌ പോയിതുടങ്ങി.
വീടിന്റെ കിഴക്കേ അതിരിൽ അഞ്ചാൾ വണ്ണത്തിൽ വലിയൊരു മാവുണ്ട്‌.
കുട്ടികൾ ഉച്ചചൂടിന്റെ തീഷ്‌ണതയകറ്റാൻ, മാവിൻചുവട്ടിൽ, ചിരട്ടയിൽ ചോറും കറികളും വെച്ച്‌ കളിക്കുകയായിരുന്നു.
പെട്ടെന്ന്‌, ഞങ്ങൾക്കിടയിലേക്ക്‌ ആരോ ഒരു വാർത്തയുമായി ഓടിവന്നു.
അതാ വാസുമ്മാവൻ പേയിളകിവരുന്നു!
വടിയെടുത്ത്‌ കലിതുള്ളും കോമരമായി ചീറിയടുക്കുന്ന കുറിയമനുഷ്യനെ കണ്ട്‌ കുട്ടികൾ ഭീതിയോടെ ചിതറിയോടി.
ഒൻപത്‌ വയസ്സിനേക്കാൾ പൊലിമയുള്ള ശരീരപ്രകൃതിയെങ്കിലും, ഞാനും
വേഗത്തിൽ തൊട്ടടുത്ത തടിച്ച മാവിൻമറയത്ത്‌ ഒളിച്ചു നിന്നു.
“വാസ്വോ.... നീയ്‌ കുട്ട്യോളെ പേടിപ്പിക്കല്ലേ......വ്‌ട്യാരും ഇല്ലേ.... ഇവനെ തടുത്ത്‌ നിർത്താൻ......‍
അകലെനിന്നെവിടുന്നോ ഊർന്നുവീഴുന്ന മുത്തശ്ശിയുടെ ശബ്‌ദം എന്റെ ശ്വാസമിടിപ്പിൽ അമർന്നുപോയി.
ചുറ്റും വെയിൽ തിളക്കങ്ങൾ.
ആശ്വാസം!
വാസുമ്മാവൻ വഴിമാറി പോയിട്ടുവേണം
ഇവിടെനിന്ന്‌ രക്ഷപ്പെടാൻ.
. ശ്വാസമടക്കി പിടിച്ച്‌ വയസ്സൻ മാവിനോട്‌ ഒട്ടിനിന്നു.
ദേഹമാകെ കുഴയുന്നു.
ഞൊടിയിടയിൽ
നിറയെ നീലപ്പൂക്കൾ വിരിഞ്ഞു എന്റെ കുഞ്ഞുടുപ്പിൻ തുമ്പിൽ രണ്ട്‌ വിരലുകൾ. ഞാൻ, വിറയലോടെ നോക്കി.
മുൻപിൽ വാസുമ്മാവൻ!
കലങ്ങിയ കണ്ണുകളിൽ രൗദ്രഭാവത്തിൽ പെരുങ്കടൽ ആർത്തിരമ്പുന്നു. വലതുകൈയിൽ ഉയർത്തിപ്പിടിച്ച വടി.
ഈ നിമിഷം അടി എന്റെ തലയ്‌ക്ക്‌ വീഴും.
തൊണ്ടയിൽ കരച്ചിൽ കുടുങ്ങി നിന്നു.
നിമിഷങ്ങൾ കൊഴിയുന്നു.
എനിക്ക്‌ ചുറ്റും ചരാചരങ്ങൾ കറങ്ങുന്നു.
കാഴ്‌ച മങ്ങുന്നു.
ഒറ്റമുണ്ടുടുത്ത വാസുമ്മാവന്റെ നെഞ്ചിൽ, നെറ്റിയിൽ വിയർപ്പ്‌ അനേകം കൈവഴികൾ തേടുന്നു.
കണ്ണിലെ ഭാവങ്ങൾ മാറി മാറി വരുന്നു.
പെട്ടെന്ന്‌, വാസുമ്മാവൻ വടി നിലത്തിട്ട്‌ വീട്ടുപടിക്കലേക്ക്‌ നടന്നു.
ഉടൻ, സർവശക്തിയുമെടുത്ത്‌ കുതിച്ച്‌ ഞാൻ ഉമ്മറത്തെ പാതിതുറന്ന വാതിലിലൂടെ ഇടനാഴികയിലെത്തി.
അവിടെ.....
കുട്ടികളെല്ലാം കോണിചുവട്ടിൽ, ഇരുട്ടിൽ പതുങ്ങിയിരിക്കുന്നു. കാവലാളായി മുത്തശ്ശിയും!
എന്നെകണ്ടതും മുത്തശ്ശി ‘പൊന്നുമോളേ’ വിളിയോടെ, കെട്ടിപ്പിടിച്ച്‌ കരഞ്ഞു...
കഥയെഴുത്തിന്റെ സൗമ്യസാന്നിധ്യം തഴുകിയപ്പോൾ,
കിഴക്കേ മഠത്തിന്റെ ഉൾജീവിതത്തെപ്പറ്റി ഒരു കഥയെഴുതി ”കരുമാടിയുടെ കഥ“.
പ്രൊ. എം. കൃഷ്‌ണൻനായരുടെ പ്രശംസ ഏറ്റുവാങ്ങിയ രചന.
1Sreevalayanad Temple 2 kizhakkematom

No comments:

Post a Comment