Friday, 15 May 2015

കഥ തട്ടിന്‍പുറം കെ.എം.രാധ

കഥ 
തട്ടിന്‍പുറം
കെ.എം.രാധ
അമ്മ മരിച്ച് ശവദാഹം കഴിഞ്ഞ ശേഷം ,രാമഭദ്രനെ ആരും വീടിനു പുറത്തേക്ക് കണ്ടില്ല.
മാതാവല്ലാതെ,മറ്റാരും തന്നെ രാമഭദ്രന് ആശ്രയമില്ല.
അവനു വയസ്സ് മുപ്പത്.
ജോലിയില്ല.
തായ്‌മനം ,ചെറുക്കനെ കൊഞ്ചിച്ച് വളര്‍ത്തി.
അന്യവീട്ടില്‍ പണിയെടുത്തുണ്ടാക്കുന്ന അരി,പച്ചക്കറി,പണം കൊണ്ട് രാമഭദ്രന്‍ തിന്നു കൊഴുത്തു.
വീറും ചുണയും ഒത്തുചേരാന്‍ കളരി അഭ്യസിച്ചു.
വെറും രണ്ടംഗ കുടുംബം, ഭദ്രന് നാല് വയസ്സുള്ളപ്പോള്‍ വന്നതാണ്
നാട്ടുകാര്‍ ഊഹങ്ങള്‍ മെനയുമ്പോള്‍,
ഞെട്ടിത്തെറിയ്ക്കാന്‍ മാത്രം ഉറച്ച സ്ത്രീശബ്ദം ഇന്നും അവരില്‍ പലരുടെയും ഉള്ളില്‍ വാള്‍ത്തലപ്പ് മിന്നലുണ്ടാക്കുന്നു..
''കണ്ടവരുടെ കെട്ടു കഥകള്‍ കെട്ടിച്ചമച്ച്‌ നേരം നഷ്ടപ്പെടരുത്.ഉടുതുണിയഴിക്കാന്‍ ,വന്നതല്ല.ജോലിയെടുത്ത് കഴിയും.''
മാതാവ്,ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഭദ്രന്‍,
അമ്പലത്തില്‍,
അങ്ങാടിയില്‍,
പാതിരാപ്പുള്ള് കരയും യാമങ്ങളില്‍,കൊച്ചു മുറിയ്ക്ക് പുറത്ത് പുല്‍പ്പായയില്‍
എവിടെയും കിടിലന്‍ കാവലാള്‍.
രാമന്‍ എവിടെ പോകുന്നു.
''കുറച്ചപ്പുറം..''
വളരെ കുറച്ച് മാത്രം വാക്കുകള്‍ കൊണ്ട് ആശയവിനിമയം നടത്തുന്നവരില്‍ ഒരാള്‍,മറഞ്ഞു പോയി.
ശ്മശാനത്തില്‍ പോയി വന്നവരോട് ഭദ്രന്‍ ,മുന്‍കൂട്ടിയുള്ള മാതൃ വചനം ,സൂചിപ്പിച്ചു.
,'' കഷ്ടപ്പെട്ട് മറ്റ് ചടങ്ങുകളൊന്നും നടത്തരുതെന്ന് '
മൂന്നു നാള്‍ കഴിഞ്ഞു.
ഭദ്രനെ അന്വേഷിച്ചു ചിലരെത്തി.
അകത്തു നിന്ന് പൂട്ടിയ വാതില്‍ പലതവണ മുട്ടിയിട്ടും തുറന്നില്ല.
ബഹളം വെച്ചു.
ഒടുവില്‍,പൊളിച്ച് അകത്തു കടന്നവര്‍,എല്ലായിടവും തിരഞ്ഞു,
അവസാനം,മച്ചിന്‍ പുറത്ത്, ചമ്രം പടിഞ്ഞ്‌ ,കണ്ണടച്ച് ഇരു കൈകളും മുട്ടിനു മുകളില്‍ വെച്ച് ധ്യാനിക്കുന്ന രാമഭദ്രനെ കണ്ടു,
അവനെ വല്ലപാടും താഴേക്ക്‌ കൊണ്ടുവന്നു.
അവന്‍റെ, ജലപാനമില്ലാത്ത വരണ്ട ചുണ്ടുകള്‍.
വിളര്‍പ്പ് ചേര്‍ന്ന ദേഹം കണ്ടു .
വിഷമിച്ചു .
ചിലര്‍ ഭക്ഷണപൊതിക്കെട്ടുമായി വന്നു.
അഞ്ചാം നാള്‍,തളര്‍ച്ചയില്‍ മുങ്ങിയ രാമഭദ്രന്റെ ,അടുത്തേക്ക് കൈക്കുഞ്ഞുമായി ഒരു ചെറുപ്പക്കാരി വന്നു.
അവള്‍,മുഖവുരയില്ലാതെ
'ഒരു കാരണവുമില്ലാതെ സാമ്പാറില്‍ ഉപ്പു ചേര്‍ത്തില്ലെന്നും പറഞ്ഞ്,കെട്ടിയവന്‍ എന്നെ അടിച്ചു,ഇടിച്ചു.
പുറത്താക്കി.
ബന്ധവും ഒഴിഞ്ഞു.
ഞങ്ങള്‍ ഇവിടെ താമസിക്കട്ടെ?
വീട്ടുകാര്യങ്ങള്‍ നോക്കിക്കൊള്ളാം.''
രാമഭദ്രന്‍ നിശ്ശബ്ദനായി.
അവളുടെ നയനങ്ങളില്‍ ഒരിറ്റ് മോഹം കണ്ടു.
ജീവിക്കാനുള്ള അദമ്യമായ ആഗ്രഹം.!
ഇതേ നോട്ടം തന്നെ,
ഭദ്രന്‍ തായ്മിഴികളിലും നിഴലിക്കുന്നത് ഏറെ തവണ കണ്ടതാണ്.
രാമഭദ്രന്‍ മൌന അടയാളം കൊണ്ട്,ഉള്ളിലേക്ക് പോകാന്‍ അവളെ അനുവദിച്ചു..
Like · Comment ·  · 1091712

No comments:

Post a Comment