Tuesday 28 April 2015

ചരകൻ

ചരകൻ
ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ 'ചരകസംഹിത'യില്‍ കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ്‌ ചരകൻ. 
സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്‌ മറ്റു രണ്ടുപേർ.
 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു
. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം.
 സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌.
 ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരീരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുൾപ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.

ആയുർവേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിൽ മുഖ്യമാണ്‌ ചരകസംഹിത. ആയുർവേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യിൽ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോൾ, ചരകന്റെ പ്രാധാന്യം മനസ്സിലാക്കാം.
 ദഹനം, ഉപപചയപ്രവർത്തനങ്ങൾ, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകൾ രൂപപ്പെടുത്തിയത്‌ ചരകനാണ്‌.
 വാതം, പിത്തം, കഫം എന്നിങ്ങനെ ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പംശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. 
ത്രിദോഷങ്ങൾ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുർവേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌. ഇന്ത്യൻ തത്ത്വശാ‍സ്ത്ര സിദ്ധാന്തങ്ങളുടെ വളർച്ചയിലെ സുവർണ്ണ കാലഘട്ടത്തിലാണ് ചരകൻ ജീവിച്ചിരുന്നത്.
 അന്ന് സാംഖ്യ, ന്യായം, വൈശേഷികം, മീമാംസ, യോഗ,വേദാന്തം എന്ന തത്ത്വശാസ്ത്ര വിഭാഗങ്ങൾ വളർച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു.

ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകൻ' എന്നൊക്കെയാണ്‌ 'ചരക'ന്‌ അർത്ഥം. 
ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതൻമാർ കരുതുന്നു. കുശാന സാമ്രാജ്യത്തിൽ ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനുമിടയിൽ ജീവിച്ചിരുന്നു എന്നും, യോഗദർശനം മഹാഭ്യാസം രചിച്ച പതഞ്ജലിയും തന്നെയാണ് ചരകെന്നും, കനിഷ്കൻ രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകൻ എന്നും ഒരു വിഭാഗം പണ്ഡിതന്മാർ സ്ഥാപിക്കുന്നു.
(എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തിൽ പറയുന്നുണ്ട്‌.) മറ്റൊരു വിഭാഗം, അഥർവ്വ വേദം പരിഷ്കരിച്ച് ചാരണ വിദ്യ എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകൻ എന്ന് വിശ്വസിക്കുന്നു. 
മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകൻ, കാലാന്തരത്തിൽ ചുറ്റുപാടുകൾക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്ത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.
 വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടൻ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകൾ മുൻപ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന അഗ്നിവേശ തന്ത്രംസൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.

വൈദ്യവിദ്യാർത്ഥികൾക്ക്‌ ചരകസംഹിത നൽകുന്ന ഉപദേശം

"തികച്ചും ആത്മാർത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, 
ജീവിതാവശ്യങ്ങൾക്ക്‌ വേണ്ടിയാണെങ്കിൽ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. 
രോഗിയുടെ കുടുംബകാര്യങ്ങൾ ആരോടും പറയരുത്‌.
 രോഗിയുടെ വീട്ടിൽ മുൻകൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. 
തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌"
 —

No comments:

Post a Comment