Friday 17 April 2015

കോഴിക്കോട് ഒരു സ്വപ്ന നഗരം !

കോഴിക്കോട് ഒരു സ്വപ്ന നഗരം !
ഇന്ന്, ( 2015 April 17 Friday) 
വൈകുന്നേരം മാവൂര്‍ റോഡിന്‍റെ തിരക്കില്‍ ,
അതിരുകളില്ലാത്ത മോഹങ്ങളുടെ ഞാത്തലുമായി ഒഴുകിയൊഴുകിപ്പോകുന്ന ജനസഞ്ചയത്തിനിടയിലൂടെ,വേഗം നടക്കുമ്പോള്‍..
വാതവും,നടുവേദനയും അകന്നകന്ന്,പൂര്‍വാധികം ഊര്‍ജ്ജസങ്കലനം(മനസ്സും ശരീരവും ഏതാണ്ട് തുല്യതയില്‍)
കൈവന്നെന്ന്‍ അനുഭവപ്പെട്ടു.
ബേബി മെമ്മോറിയല്‍ ഹോസ്പ്പിറ്റലിനടുത്ത് ,
അജ്ഞാത സുഹൃത്ത് സുധീറിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ,
'PENTAS '(Multi Branded Computer Mall)ല്‍ നിന്ന്
കേടുപാടുകള്‍ തീര്‍ത്ത acer laptop തിരികെ വാങ്ങുമ്പോള്‍,
എഴുത്തിനെ സ്നേഹിക്കുന്ന സെയ്തിന്,
സര്‍വീസ് ചാര്‍ജ്ജിനൊപ്പം , പുതുതായി പുറത്തിറങ്ങിയ കഥാപുസ്തകം സമ്മാനിച്ചു.
''കടലിരമ്പം സാക്ഷി 'യില്‍ എവിടെയെങ്കിലും,ഏതെങ്കിലും ഒരു വാക്യത്തില്‍,
അല്ലെങ്കില്‍ ഒരു വാക്ക് മനുഷ്യനന്മയ്ക്കെതിരെ/
വര്‍ഗീയതയ്ക്കനുകൂലമായിട്ടുണ്ടോ എന്ന് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന്'' പറഞ്ഞു.
സെയ്ത്,സമ്മതിച്ചു.
വെയില്‍ച്ചീളുകള്‍ വകഞ്ഞുമാറ്റി,
പടിഞ്ഞാറന്‍ കാറ്റിന്‍റെ ഉശിരില്‍,നിവര്‍ത്തിപ്പിടിച്ച കുട മടങ്ങി,
ചുരുങ്ങിപ്പോകുന്നത് തടഞ്ഞുനിര്‍‍ത്തി,വീണ്ടും അലസ ഗമനം.
''രാധടീച്ചറേ..''വിളികള്‍.
തിരിഞ്ഞു നോക്കവേ,
തട്ടമിട്ട വര്‍ക്കൊപ്പം ചുരിദാര്‍ ധാരിണികള്‍,കുങ്കുമപ്പൊട്ടും,അത്തര്‍ മണവും ,വിദേശ സ്പ്രേ കൂടിക്കലരും ഉത്സാഹ മേളക്കൊഴുപ്പില്‍ ...
പൊട്ടിച്ചിരികള്‍,
സ്നേഹഭാഷണങ്ങള്‍.
തുരുതുരെ ചോദ്യങ്ങള്‍.
അന്തരീക്ഷം, പ്രസാദമധുരം.
വിലക്കുകളില്ലാത്ത,സര്‍വസ്വാതന്ത്ര്യത്തിന്‍ ലഹരി ശരിക്കും നുകര്‍ന്നു.
''ടീച്ചര്‍,എവിടെപോയി വരുന്നു?
ഞങ്ങളെ ഓര്‍മ്മയുണ്ടോ?
ഇപ്പോള്‍,വേറെ എവിടെയെങ്കിലും ജോലിയ്ക്ക് പോകുന്നുണ്ടോ?
ശ്രീവളയനാട് ക്ഷേത്രത്തിനടുത്ത് ,തറവാട് വില്‍ക്കാന്‍ പോകുന്നെന്ന് കേട്ടു.
വില്‍പ്പനയായോ?
അവിടെ സെന്റിനു എന്ത് വില കാണും?
ടീച്ചര്‍ക്ക് സുഖമോ?
കുട്ടികളുടെ മോഹവാക്കുകളില്‍ അലിഞ്ഞലിഞ്ഞു പോയി.
''ഞമ്മളെയൊന്നും ടീച്ചര്‍ക്ക് മറക്കാനൊക്കില്ല''
ആ വാക്കുകള്‍ ഉരുവിട്ട, കൂട്ടത്തിലുള്ള മുതിര്‍ന്ന വെളുത്തു മെല്ലിച്ച കറുപ്പു തട്ടക്കാരിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
''ആരെയും ഒരിക്കലും മറന്നിട്ടില്ല.ഒരിക്കലും.
വിഷു കഴിഞ്ഞശേഷമുള്ള ,നിങ്ങളെല്ലാവരുടെയും ഊര് ചുറ്റലിന്, നഗര കൌതുകങ്ങള്‍ രുചിക്കാന്‍ ഒപ്പം ഞാനും വരുമായിരുന്നു.സുഖമില്ല.
നമുക്ക്,എന്തെങ്കിലും കൂള്‍ ഡ്രിങ്ക്സ് കഴിക്കാം.''
''വേണ്ട.ഒന്നും വേണ്ട.ടീച്ചറെ കണ്ടത് തന്നെ സന്തോഷം.''
നനയുന്ന മിഴികള്‍.
സ്വല്പ്പ നേര സ്നേഹത്ത ലോടലേറ്റ്,ബസ്സിന് കാത്തുനില്‍ക്കുമ്പോള്‍..
''അതേ..ഈ നിമിഷങ്ങളിലാണ് ഞാന്‍ സ്വര്‍ഗ്ഗവാതില്‍ കടന്നുപോകുന്നത്.'
ഒരിക്കലും ,
നേരില്‍ കാണാത്ത എഫ്ബി സുഹൃത്ത് സുരേഷ്ബാബുവിന്‍റെ വചനങ്ങള്‍ സ്വല്‍പ്പം അഭിമാനത്തോടെ കടമെടുക്കുന്നു.
'രാധടീച്ചര്‍ക്ക് എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമേ അറിയൂ.''
ആശംസകള്‍
കെ.എം.രാധടീച്ചര്‍
1 Mavoor Road 2Mavoor Road
Like · Comment · 

No comments:

Post a Comment